മൂവാറ്റുപുഴ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പെരുവംമുഴി പാലത്തിന് സമീപം റോഡ് നവീകരണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിച്ചിൽ. തൊഴിലാളികളിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
കരാർ കമ്പനിയിലെ തൊഴിലാളി ബംഗാൾ സ്വദേശിയായ ഇ.കെ. സോഹലിനാണു (19) പരുക്കേറ്റത്. മണ്ണിനടിയിൽ കുടുങ്ങിയ സോഹലിനെ തൊഴിലാളികൾ പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സോഹൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമാണം നടക്കുന്ന ഭാഗത്ത് ഉച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.
30 അടിയോളം ഉയരത്തിൽ ഉള്ള റോഡിന്റെ പാർശ്വഭിത്തിയോടെപ്പമാണ് മണ്ണിടിഞ്ഞു വീണത്. റോഡ് നവീകരണത്തിന്റെ ഭാഗമായി പെരുവംമുഴി പാലത്തിനു സമീപമുള്ള ഭാഗത്ത് പുറമ്പോക്ക് ഏറ്റെടുത്ത് വീതി കൂട്ടുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിൽ നിന്ന് കോൺക്രീറ്റ് പാർശ്വഭിത്തി നിർമിച്ച് റോഡിന്റെ ഒരു വശം ഉയർത്തുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.റോഡിനോടു ചേർന്ന് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ ഭാരവാഹനങ്ങൾ കടന്നു പോകുന്നതിനാലാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഇനിയും മണ്ണ് ഇടിയാൻ സാധ്യത ഉണ്ടെന്നും അതിനാൽ റോഡിലൂടെ എത്തുന്ന ഭാരവാഹനങ്ങൾ വഴിതിരിച്ചു വിടണമെന്നും ഗതാഗത നിയന്ത്രണം അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ മഴ ശക്തമാകും മുൻപേ പൂർത്തിയാക്കിയില്ലെങ്കിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഏബ്രഹാം പറഞ്ഞു.കലക്ടറുടെ നിർദേശ പ്രകാരം വില്ലേജ് ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
റിപ്പോർട്ട് കലക്ടർക്കു ഉടൻ കൈമാറും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

