കൊച്ചി ∙ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ ലേഡീസ് കോച്ചുകളിൽ പുരഷൻമാരുടെ കടന്നുകയറ്റം പതിവാകുന്നെന്ന് വ്യാപക പരാതി. ലേഡീസ് കോച്ചുകളിലേയ്ക്ക് പ്രവേശനം പോലും തടഞ്ഞുകൊണ്ട് ഡോർ അടഞ്ഞു നിൽക്കുന്നത് ചോദ്യം ചെയ്ത സ്ത്രീകളോട് പുരുഷന്മാർ കയർത്ത് സംസാരിക്കുന്നതായും പരാതിയുണ്ട്.
ട്രെയിനുകളിൽ പൊലീസ് സഹായം ലഭ്യമാകുന്നില്ലെന്നും സ്ഥിര യാത്രക്കാർ ആരോപിക്കുന്നു.
ഏറ്റുമാനൂർ, വൈക്കം സ്റ്റേഷനിൽ നിന്നുള്ള സ്ത്രീ യാത്രക്കാർ കോച്ചിൽ നിന്ന് പുരുഷന്മാരോട് മാറിക്കയറാൻ ആവശ്യപ്പെട്ടെങ്കിലും മാറാൻ കൂട്ടാക്കിയില്ല. ഇതുമൂലം പുലർച്ചെ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം–എറണാകുളം മെമുവിൽ പല സ്റ്റേഷനുകളിലും സ്ത്രീകൾ കയറാനും ഇറങ്ങാനും പ്രയാസപ്പെട്ടതായി കാട്ടി വനിതാ യാത്രികർ പരാതി നൽകി.
കോട്ടയത്ത് ആർപിഎഫിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ അറിയിച്ചെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് പറഞ്ഞു. കൊല്ലം–എറണാകുളം സ്പെഷൽ മെമുവിലും വനിതാ കോച്ചുകളിൽ പുരുഷ യാത്രക്കാരാണെന്ന് പരാതിയുണ്ട്. വാതിൽപ്പടിയിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്ത സ്ത്രീകളോട് അവർ വനിതാ പൊലീസ് ആണോ എന്നാണ് പരിഹസിച്ചത് എന്ന് യാത്രക്കാർ പറയുന്നു.
കോട്ടയത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടാൽ എറണാകുളത്തെത്തിയാൽ മാത്രമാണ് ഈ ട്രെയിനുകളിൽ പൊലീസ് സഹായം ലഭിക്കുന്നത്. നിലമ്പൂർ-
കോട്ടയം എക്സ്പ്രസിൽ രാത്രിയിൽ പലപ്പോഴും പൊലീസ് ഉണ്ടാകില്ലെന്നും ഒരിക്കൽ എറണാകുളം ടൗണിൽ നിന്ന് പുറപ്പെട്ട
ട്രെയിനിൽ മദ്യപിച്ച് ബഹളം വെച്ച യാത്രക്കാരനെതിരെ പരാതി പറഞ്ഞപ്പോൾ കോട്ടയത്ത് നിന്ന് നടപടി ഉണ്ടാകുമെന്നാണ് മറുപടി ലഭിച്ചത്. സൗമ്യ വധത്തിന് ശേഷം രാത്രികാല പാസഞ്ചർ സർവീസുകളിൽ പൊലീസ് സംരക്ഷണം നിർബന്ധമാക്കിയിരുന്നു.
എന്നാൽ, വീണ്ടും യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് പരാതികൾ.
കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആർപിഎഫിലും ജിആർപിയിലും വിന്യസിക്കണമെന്നും എല്ലാ ട്രെയിനിലും െപാലീസ് സഹായം ഉറപ്പാക്കണമെന്നും ട്രെയിനുകളിൽ സിസി ടിവി സുരക്ഷാ സംവിധാനങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. പ്രധാന സ്റ്റേഷനുകളിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഇരു പ്രവേശന കവാടത്തിലും അനിവാര്യമാണെന്നും ഭിക്ഷാടകർക്കും ട്രെയിനിൽ പിരിവ് നടത്തുന്നവർക്കുമെതിരെ നടപടികൾ സ്വീകരിക്കണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]