കൊച്ചി ∙ ചിലവന്നൂർ കായലിന് ആഴം കൂട്ടുന്നു, എളംകുളം മെട്രോ സ്റ്റേഷനോടു ചേർന്നു വാട്ടർ മെട്രോയുടെ ടെർമിനലും വരുന്നു. കായലിന്റെ ആഴംകൂട്ടൽ മാർച്ചിൽ പൂർത്തിയാവും.
30 സെന്റീമീറ്റർ മാത്രം ആഴമുള്ള കായലിന് ചെളി നീക്കിക്കഴിയുമ്പോൾ ഒന്നേകാൽ മീറ്റർ ആഴമുണ്ടാകും. എങ്കിൽ മാത്രമേ വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയൂ.
എളംകുളം മെട്രോ സ്റ്റേഷനോടു ചേർന്ന് എളംകുളം പാലത്തിന്റെ തെക്കുവശത്താവും വാട്ടർ മെട്രോ ടെർമിനൽ. മെട്രോ ട്രെയിൻ സ്റ്റേഷനും വാട്ടർ മെട്രോ ടെർമിനലും തമ്മിൽ ബന്ധിപ്പിക്കും.
മെട്രോ സ്റ്റേഷനിൽ നിന്നു നേരിട്ട് വാട്ടർ മെട്രോ ടെർമിനലിലെത്താൻ കഴിയുന്ന ഇരട്ട ടെർമിനലാവും ഇത്.വൈറ്റിലയിൽ ഒറ്റ കോമ്പൗണ്ടിൽ തന്നെയാണു മെട്രോ സ്റ്റേഷനും വാട്ടർ മെട്രോ ടെർമിനലും എങ്കിലും രണ്ടും തമ്മിൽ കുറച്ചു ദൂരമുണ്ട്.
എളംകുളത്ത് നിന്ന് കുമ്പളം, നെട്ടൂർ മേഖലകളിലേക്കും ഹൈക്കോർട്ട് ജംക്ഷനിലേക്കും വാട്ടർ മെട്രോ ബോട്ടുകൾ ഓടിക്കും.50 മീറ്റർ മുതൽ 100 മീറ്റർ വരെ വീതിയുള്ള ചിലവന്നൂർ കായലിന്റെ മധ്യഭാഗത്ത് 50 മീറ്റർ വീതിയിലാണു ഒന്നേകാൽ മീറ്റർ ആഴത്തിൽ ചെളികോരുന്നത്.
ഇതിന്റെ ഇരുവശത്തും 5 മീറ്റർ വീതം ചരിവിലും െചളിനീക്കും. കായലിന്റെ എളംകുളം പാലം മുതൽ സുഭാഷ് ചന്ദ്രബോസ് റോഡ് വരെയുള്ള ഭാഗത്തെ ചെളികോരിമാറ്റി.
പത്മസരോവരം പദ്ധതിക്കായി ഇവിടെ അടിച്ചു താഴ്ത്തിയ 80 തെങ്ങിൻ കുറ്റികൾ പിഴുതു മാറ്റേണ്ടിവന്നു. ചെളി കോരി മാറ്റാൻ മാത്രമായി 5 ബാർജുകൾ നിർമിച്ചു.
ഒരു ബാർജിന് 90 അടി നീളവും 25 അടി വീതിയുമുണ്ട്. ചിലവന്നൂർ കായലിലെ ചെളികോരൽ അടുത്ത ആഴ്ച തുടങ്ങും.
ആകെ 1.80 ഘനമീറ്റർ ചെളി നീക്കാനാണു കരാർ.
ഇതിൽ 40000 ഘനമീറ്റർ ചെളി കോരി മാറ്റി. കോർപറേഷനു ബ്രഹ്മപുരത്തുള്ള ചതുപ്പിലാണു ചെളി കൊണ്ടിട്ടിരുന്നത്.
പുതിയ ഭരണ സമിതി അധികാരമേറ്റതോടെ ചെളി കൊണ്ടുപോകുന്നതു തടഞ്ഞിരിക്കുകയാണ്. കരയിൽ കോരിയിട്ട
2000 ലോഡ് ചെളി നീക്കാനാവാതെ എളംകുളം മെട്രോ സ്റ്റേഷനു പിന്നിൽ കൂടിക്കിടക്കുകയാണ്. ദിവസവും 50– 60 ടോറസ് ലോഡ് ചെളി ഇവിടെനിന്നു നീക്കേണ്ടതായിരുന്നു.
ഇതോടെ ഡ്രജിങ് ജോലികളും നിലച്ചു. ചെളി കോരിക്കഴിയുമ്പോൾ വാട്ടർമെട്രോ ഓടുമെന്നു മാത്രമല്ല, സ്റ്റേഡിയം മുതൽ സുഭാഷ് ചന്ദ്രബോസ് റോഡ് വരെയുള്ള ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടിനും പരിഹാരമാവും. ടി ബാസ് കൺസ്ട്രക്ഷൻസ് വർഗീസ് മൈക്കിൾ ആണു കനാലിന് ആഴംകൂട്ടാനുള്ള കരാർ എടുത്തിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

