കൊച്ചി ∙ നടപ്പാത നിർമാണം ഏറെക്കുറെ പൂർത്തിയായെങ്കിലും എംജി റോഡിൽ നല്ല നടപ്പിന് ഇനിയും കാത്തിരിക്കണം. പലയിടത്തും നിരപ്പല്ലാത്ത സ്ലാബുകൾ പ്രധാന വില്ലനാകുമ്പോൾ ചിലയിടങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ കാലിടറും. നഗരത്തിലെ നടപ്പാതകൾ സംബന്ധിച്ചു തുടരെ തുടരെ ഹൈക്കോടതി ഉത്തരവുകളുണ്ടായിട്ടും നിർമാണപ്രവർത്തനങ്ങൾ സമയത്തു നടക്കുന്നില്ല.
എംജി റോഡിലെ നടപ്പാതകളുടെ നവീകരണം സംബന്ധിച്ചു ഹൈക്കോടതി തുടരെ നിർദേശങ്ങൾ നൽകിയിരുന്നു.
എംജി റോഡും ബാനർജി റോഡും ചേരുന്ന ഭാഗത്ത് ഓട തുറന്നുകിടക്കുന്നതു ചൂണ്ടിക്കാട്ടി ഹൈക്കോടതി വിമർശിച്ചത് അതിനു മുകളിലൂടെ നടക്കണമെങ്കിൽ മജീഷ്യനാകണമെന്നാണ്.
എന്നാൽ ഇപ്പോൾ മായജാലം വേണ്ടെങ്കിലും ഒന്നു ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. നിർദേശംപോലെ സ്ലാബിട്ടിട്ടുണ്ട്.
എന്നാൽ സ്ലാബിനു നടുവിൽ ദ്വാരമിട്ടു പൈപ്പ് കടത്തിവിട്ടു പിഡബ്ല്യുഡി മാന്ത്രികത കാണിച്ചിരിക്കുന്നതിനാൽ സുഗമമായ നടപ്പിന് ബുദ്ധിമുട്ടും.
സ്ലാബ് തുറന്നു കിടക്കുന്നതു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് 2023 ഫെബ്രുവരിയിലാണ്.
കാരണങ്ങൾ പലതും അധികൃതർ ചൂണ്ടിക്കാട്ടിയെങ്കിലും ഫലപ്രദമായ പരിഹാരം ഇതുവരെയായില്ല.കാലവർഷം എത്തുന്നതിനു മുൻപ് മേയിൽ നടപ്പാതകൾ സംബന്ധിച്ച ജോലികൾ പൂർത്തിയാകുമെന്നായിരുന്നു സർക്കാർ അറിയിച്ചത്. കാലവർഷം വന്നെങ്കിലും ജോലികൾ ഇനിയും ബാക്കി.
എന്നാൽ എംജി റോഡിന്റെ വടക്കേയറ്റംവരെ കാനകൾക്കു മുകളിൽ സ്ലാബിടുന്നത് ഏറക്കുറെ പൂർത്തിയായി.
ചിലയിടങ്ങളിൽ പഴയ സ്ലാബുകൾതന്നെയായതിനാൽ നേരെ നോക്കി നടന്നാൽ തട്ടി വീഴും. പലയിടത്തും സ്ലാബുകൾ നിരപ്പല്ലാത്തതിനു കാരണം പുതിയതും പഴയതുമായ സ്ലാബുകൾ ഇടകലർന്നു വരുന്നതാണ്. പൈപ്പുവഴി കേബിൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ സ്ലാബുകൾക്ക് വിടവുമുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ പുതിയ സ്ലാബിട്ട എംജി റോഡ് മെട്രോ സ്റ്റേഷൻ മുതൽ മാധവ ഫാർമസി ജംക്ഷൻവരെയുള്ള പലയിടങ്ങളിലും സ്ലാബുകൾക്കിടെ ചെറിയ കുഴികൾ കാണാം.
ബാനർജി റോഡിലും ഇതു തന്നെ സ്ഥിതി. എന്നാൽ എംജി റോഡിൽ സ്ഥിതി ഏറക്കുറെ മെച്ചമാണ്.
കലൂർ–കടവന്ത്ര റോഡ്
ഈ റോഡിന്റെ ഒരു വശം മുഴുവൻ അധികൃതർ അവഗണിച്ച മട്ടാണ്.
കലൂരിൽനിന്നു കടവന്ത്രയിലേക്കു വരുമ്പോൾ വലതുഭാഗത്തു മികച്ച രീതിയിൽ പലയിടത്തും നടപ്പാതകൾ സജ്ജമെങ്കിലും ഇടതുവശത്തു നടപ്പാതയുടെ ലക്ഷണം പോലുമില്ലാത്ത സ്ഥലങ്ങൾ ഒട്ടേറെ. നഗരത്തിലെ ഇടറോഡുകളിലുമുണ്ട് ഇതേ സ്ഥിതി.
പൊന്നേത്ത് ടെംപിൾ റോഡ്
കടവന്ത്രയിൽ പൊന്നേത്ത് ടെംപിൾ റോഡ് തുടങ്ങുന്നയിടത്തു തന്നെ സ്ലാബിടാത്ത കാനയാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.
ഇവിടെ മലിനജലവും കെട്ടിക്കിടക്കുന്നുണ്ട്. റോഡിൽ കാനയ്ക്കു പലയിടത്തും സ്ലാബില്ല.
വർഷങ്ങൾ മുൻപ് തമിഴ്നാട്ടിൽനിന്നെത്തിയ കന്യാസ്ത്രീക്ക് കാനയിൽ വീണു പരുക്കേറ്റെങ്കിലും കാന ഇപ്പോഴും തുറന്നുതന്നെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]