മൂവാറ്റുപുഴ∙ പരിശോധനകൾ തുടരുന്നതല്ലാതെ എംസി റോഡരികിൽ കിടങ്ങായി മാറി നഗരത്തെ സ്തംഭിപ്പിക്കുന്ന കുഴിമൂടാൻ ഒരു മാസം ആകുമ്പോഴും നടപടിയില്ല. ഓഗസ്റ്റ് 11ന് ആണ് കച്ചേരിത്താഴത്ത് വൻ ഗർത്തം രൂപപ്പെട്ടത്. തുടർന്ന് വിവിധ ഏജൻസികളുടെ വിവിധ പരിശോധനകൾ ആയിരുന്നു.
പരിശോധനയിൽ കുഴിയുണ്ടാകാനുള്ള കാരണവും പരിഹാരവും കണ്ടെത്തിയെങ്കിലും കുഴി മൂടാൻ മാത്രം നടപടിയുണ്ടായിട്ടില്ല. ഇന്നലെയും കിഫ്ബിയുടെയും കെആർഎഫ്ബിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പരിശോധന നടന്നു.എന്നാൽ കുഴി മൂടുന്നതിനെ കുറിച്ച് വ്യക്തതയില്ല.
കുഴിയുണ്ടായപ്പോൾ സ്ഥലത്തെത്തി പരിശോധന നടത്തിയ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥർ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. കുഴി മൂടാൻ ലക്ഷങ്ങൾ വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഈ തുക എവിടെ നിന്നു കണ്ടെത്തുമെന്നതിനെക്കുറിച്ചും ആശയക്കുഴപ്പം ഉണ്ട്. 50 ലോഡിൽ അധികം മണ്ണാണ് കുഴിയിൽ പരിശോധനകൾ നടത്താൻ എടുത്തു മാറ്റിയത്.
ജിഎസ്ബി മിശ്രിതം ഉപയോഗിച്ചാണ് കുഴി മൂടുക. ഇതിനു മുൻപ് കുഴിയിൽ കണ്ടെത്തിയ കാനകൾ ശാസ്ത്രീയമായി മൂടേണ്ടതുണ്ട്.
കാനയെ പുഴയുമായി ബന്ധപ്പെടുത്തി കൂറ്റൻ പൈപ്പുകളും സ്ഥാപിക്കണം.
ഇതിനുള്ള കൂറ്റൻ കോൺക്രീറ്റ് ചേംബറുകൾ ഇവിടെ ആഴ്ചകൾക്കു മുൻപ് എത്തിച്ചെങ്കിലും ഇതു സ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടില്ല. നഗരത്തെ ആകെ ഗതാഗതക്കുരുക്കിലാക്കി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കുകയും വ്യാപാര മേഖലയെ ഒന്നാകെ തകർക്കുകയും ചെയ്ത കുഴി മൂടാൻ അടിയന്തര നടപടി വേണമെന്നാണ് മർച്ചന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]