കൊച്ചി ∙ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡെന്ന കൊച്ചി നഗരവാസികളുടെ ചിരകാല സ്വപ്നത്തിനു വഴി തെളിഞ്ഞു. കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണത്തിനു സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി.
കെഎസ്ആർടിസി ബസ് ടെർമിനലിന്റെ ഒന്നാം ഘട്ട നിർമാണത്തിനു 13 കോടി രൂപയുടെ പദ്ധതിക്കാണു സർക്കാർ ഭരണാനുമതി നൽകിയത്.
കാരിക്കാമുറിയിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 3.46 ഏക്കർ സ്ഥലത്താണു പുതിയ സ്റ്റാൻഡ് നിർമിക്കുക.
സ്റ്റീൽ സ്ട്രക്ചറിലായിരിക്കും നിർമാണം. ഇനി സാങ്കേതിക അനുമതി കൂടി ലഭിച്ചാൽ മരാമത്ത് വകുപ്പിനു ടെൻഡർ നടപടികളിലേക്കു കടക്കാനാകും.
സാങ്കേതിക അനുമതി നൽകുന്നതിനുള്ള ചില വ്യവസ്ഥകൾ കൂടി സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്.
നേരത്തേ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണത്തിനായി 12 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതികവും പ്രായോഗികവുമായ കുരുക്കുകളിൽ കുടുങ്ങി ആ പദ്ധതി മുന്നോട്ടു പോയില്ല. ധനമന്ത്രി കെ.എൻ.
ബാലഗോപാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സന്ദർശിക്കുകയും ശോച്യാവസ്ഥ ബോധ്യപ്പെടുകയും പണം അനുവദിക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ടി.ജെ.
വിനോദ് എംഎൽഎയുടെയും മുൻ മേയർ എം. അനിൽകുമാറിന്റെയും ഇടപെടലുകളും ഇക്കാര്യത്തിലുണ്ടായി.
മരാമത്തു വിഭാഗം ആദ്യം 27 കോടി രൂപയുടെ വിശദമായ രൂപരേഖയാണു തയാറാക്കിയത്.
എന്നാൽ അത്രയും തുക ലഭിക്കാത്ത സാഹചര്യത്തിൽ അത് 13 കോടി രൂപ ചെലവിലുള്ള ഒന്നാം ഘട്ട പദ്ധതിയായി ചുരുക്കി.
നിലവിലുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തായി കാരിക്കാമുറി സെന്റ് ജോസഫ് യുപി സ്കൂളിനോടുള്ള ചേർന്നുള്ള സ്ഥലത്താണു പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുക.
ടി.ജെ. വിനോദ് എംഎൽഎയുടെ ഫണ്ടും വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചു നിലവിലുള്ള ബസ് സ്റ്റാൻഡിന്റെ നവീകരണം അന്തിമ ഘട്ടത്തിലാണ്.
ചെറിയ മഴയ്ക്കു തന്നെ വെള്ളം കയറുന്ന അവസ്ഥയിലായതിനാൽ എറണാകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നഗരത്തിനു തന്നെ ചീത്തപ്പേരായിരുന്നു. ഇതു പരിഹരിക്കാൻ വേണ്ടിയാണു നവീകരണ ജോലികൾ നടക്കുന്നത്.
കൊച്ചിക്കാരുടെ വലിയ ആഗ്രഹമാണു സാക്ഷാൽക്കരിക്കാൻ പോകുന്നത്.
ഏറെക്കാലമായി ഇതിനായുള്ള ശ്രമത്തിലായിരുന്നു. ധനമന്ത്രിയും ഗതാഗത മന്ത്രിയും പദ്ധതിയെ പിന്തുണച്ചു.
സാങ്കേതികാനുമതി കൂടി ലഭിച്ചാൽ ഏറെ വൈകാതെ നിർമാണത്തിലേക്കു കടക്കാനാകും’
ടി.ജെ. വിനോദ്.എംഎൽഎ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

