കോതമംഗലം∙ ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അധികൃതർ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നില്ലെന്നു പരാതി. ഏതാനും വർഷങ്ങളായി ബോട്ട് സവാരിയുടെ കാര്യത്തിലും അനാസ്ഥയും അലംഭാവവുമാണ്.
ഭൂതത്താൻകെട്ടിലെത്തുന്ന സഞ്ചാരികളിലേറെയും ലക്ഷ്യമിടുന്നത് പെരിയാറിലൂടെ ബോട്ട് സവാരിയാണ്. സീസൺ മുഴുവൻ ബോട്ട് സവാരി ഉറപ്പാക്കാൻ അധികൃതർക്കു കഴിയാറില്ല.
നിയമ, സാങ്കേതിക പ്രശ്നങ്ങളാണു കാരണമായി പറയുന്നത്. ഈ വർഷവും സാഹചര്യത്തിൽ മാറ്റമില്ല. സീസൺ തുടങ്ങി, ബറാജിന്റെ ഷട്ടറുകൾ താഴ്ത്തി പെരിയാറിൽ വെള്ളം സംഭരിച്ചിട്ടും ബോട്ട് സവാരിക്കു നടപടിയായിട്ടില്ല.
ബോട്ടുടമകൾ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും കൃത്യമായ മറുപടിയില്ല.
നിത്യവുമെത്തുന്ന വിനോദസഞ്ചാരികൾ ബോട്ട് സവാരിയില്ലാത്തതിനാൽ നിരാശരായി മടങ്ങുകയാണ്. ആസ്വദിക്കാൻ ഏറെയുണ്ടെങ്കിലും ബോട്ട് സവാരിയില്ലാത്തതു കുറവാണെന്നു സഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നു. വിവിധയിടങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ജംഗിൾ സഫാരി റൂട്ടിലും ഭൂതത്താൻകെട്ട് ഉൾപ്പെട്ടിട്ടുണ്ട്.
നേരത്തേ ഭൂതത്താൻകെട്ടിൽ നിന്നു കുട്ടമ്പുഴവരെ ബോട്ടിൽ യാത്ര ചെയ്തശേഷം ബസിൽ യാത്ര തുടരുംവിധമാണു ജംഗിൾ സഫാരി റൂട്ട് ക്രമീകരിച്ചിരുന്നത്. ഇപ്പോൾ അതിനുള്ള സാഹചര്യമില്ല.
ബോട്ട് സവാരിയില്ലാത്തതിനാൽ ചില ടൂറിസ്റ്റ് സംഘങ്ങൾ ഭൂതത്താൻകെട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവയ്ക്കുന്നതായി ഗൈഡുകൾ പറയുന്നു.
ഇക്കുറി ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു പെരിയാർവാലി ഭൂതത്താൻകെട്ടിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിരുന്നു. ഇക്കാരണത്താൽ മാത്രം ആയിരക്കണക്കിനാളുകളാണ് ഇവിടേയ്ക്കെത്തിയത്.
ഭൂതത്താൻകെട്ടിന്റെ വികസന സാധ്യതകളിലേക്കുള്ള വിരൽചൂണ്ടലായി ഇതു മാറുകയും ചെയ്തു. ടൂറിസം വികസന സാധ്യതകളെ അവഗണിച്ചിരുന്ന ഉദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും കണ്ണുതുറപ്പിക്കാൻ ഈ ജനപ്രീതി കാരണമായി.
ബോട്ട് സവാരിയുടെ കാര്യത്തിൽ അനുകൂല തീരുമാനം വൈകാതെയുണ്ടാകുമെന്ന സൂചന ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. വരുംവർഷങ്ങളിൽ വിപുലമായി ദീപക്കാഴ്ച ഒരുക്കാനുള്ള തീരുമാനവും ഉദ്യോഗസ്ഥതലത്തിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

