കൊച്ചി ∙ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച സംഭവത്തിൽ പെരുമ്പാവൂർ മുടിക്കൽ സ്വദേശിക്കായി അന്വേഷണം റെയിൽവേ പൊലീസ് ഉൗർജിതമാക്കി. പെരുമ്പാവൂർ മുടിക്കൽ സ്വദേശി എം.എ.
അജ്മലാണു ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ചത്. ബൈക്കിലെത്തിയ ഇയാൾ എസ്ആർഎം റോഡിൽനിന്നു യാത്രക്കാർക്കു സ്റ്റേഷനിലേക്കു കയറാനുള്ള ഇടുങ്ങിയ വഴിയിലൂടെയാണു പ്ലാറ്റ്ഫോമിലേക്കു കടന്നത്. നിയമം ലംഘിച്ചുള്ള വാഹനം ഓടിക്കൽ ശ്രദ്ധയിൽപെട്ടയുടൻ ആർപിഎഫ് ഉദ്യോഗസ്ഥർ പിന്നാലെ പാഞ്ഞു.
ഇതോടെ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്ത് ബൈക്ക് ഉപേക്ഷിച്ച്, വാഹനത്തിന്റെ താക്കോലുമായി ഇയാൾ കടന്നു.
ഇയാളുടെ തോളിൽ ഒരു ബാഗും ഉണ്ടായിരുന്നു. പുണെ– കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ കടന്നുപോയതിനു തൊട്ടുപിന്നാലെയാണു യുവാവ് ബൈക്കുമായി പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.
അജ്മലിന്റെ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. വൈറ്റില തൈക്കൂടത്തെ സ്ഥാപനത്തിൽനിന്നാണ് ഏതാനും ദിവസം മുൻപ് അജ്മൽ ബൈക്ക് വാടകയ്ക്കെടുത്തത്.
4 ലക്ഷം രൂപ വിലവരുന്ന ആഡംബര ബൈക്കാണു വാടകയ്ക്കെടുത്തത്.
തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ അവിടെ നൽകിയിരുന്നു. സ്ഥാപന ജീവനക്കാരിൽനിന്നു പൊലീസ് വിവരം ശേഖരിച്ചതോടെയാണു യുവാവിനെ തിരിച്ചറിഞ്ഞത്. പ്ലാറ്റ്ഫോമിൽ അതിക്രമിച്ചു കയറി വാഹനമോടിച്ചു എന്നതുൾപ്പെടെ 4 വകുപ്പുകൾ ചേർത്താണു കേസ്. യുവാവിനെതിരെ കളമശേരി, ഏലൂർ, കോതമംഗലം, അമ്പലമേട് പൊലീസ് സ്റ്റേഷനുകളിലും എറണാകുളം എക്സൈസിലും ലഹരി ഇടപാടുമായി ബന്ധപ്പെട്ട
കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. എറണാകുളം റെയിൽവേ പൊലീസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]