ആലുവ∙ സ്വന്തം കുടുംബത്തിന്റെ സ്വപ്നങ്ങൾ തകർന്നെങ്കിലും 4 ജീവിതങ്ങൾക്കു പ്രതീക്ഷയുടെ വെളിച്ചമേകി ജസ്ലിയ ജോൺസൺ മരണത്തിനു കീഴടങ്ങി. ഫെബ്രുവരി 28ന് അങ്കമാലിയിൽ കാറിടിച്ചു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച പത്തൊൻപതുകാരിയുടെ കരളും വൃക്കയും നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്.
വൈപ്പിൻ എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്കു സമീപം കളത്തിപ്പറമ്പിൽ ജോൺസന്റെയും ലിമയുടെയും മകളാണ് അങ്കമാലി മോണിങ് സ്റ്റാർ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജസ്ലിയ.
സ്വകാര്യ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി കഴിഞ്ഞു കോളജ് ഹോസ്റ്റലിലേക്കു നടന്നുപോകുമ്പോൾ ദേശീയപാതയിൽ അങ്കമാലി ടെൽക് ജംക്ഷനിലാണ് കാർ ഇടിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജസ്ലിയയെ ഹൈവേ പൊലീസ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ എത്തിച്ചു.
അവിടെ നിന്നു വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. മാർച്ച് 3ന് പുലർച്ചെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
മാതാപിതാക്കൾ അവയവദാന സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നു കരൾ രാജഗിരിയിൽ തന്നെ ചികിത്സയിലുള്ള ഒരാൾക്കു നൽകാൻ തീരുമാനിച്ചു. വൃക്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും നേത്രപടലങ്ങൾ അങ്കമാലി ഐ ബാങ്ക് അസോസിയേഷനും കൈമാറി.
സർക്കാർ സ്ഥാപനമായ കെ–സോട്ടോ ആണ് നടപടികൾ ഏകോപിപ്പിച്ചത്. പഠനത്തിലും സ്പോർട്സിലും മികവു തെളിയിച്ച വിദ്യാർഥിനിയാണ് ജസ്ലിയ.
സർവകലാശാല തലത്തിൽ ഒട്ടേറെ മെഡലുകൾ നേടി. സഹോദരൻ: ജാസിൻ.
ജസ്ലിയയുടെ വൃക്ക എറണാകുളം സ്വദേശിനിക്ക്
കോട്ടയം ∙ ജസ്ലിയയുടെ ഒരു വൃക്ക എറണാകുളം സ്വദേശിനിക്ക് പുതുജീവൻ നൽകും.
കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് വൃക്ക മാറ്റിവച്ചത്. ഡോ.
എ.ടി.രാജീവൻ, ഡോ. ഫ്രഡറിക് പോൾ എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.
ജസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി
ആലുവ∙ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച, അങ്കമാലി മോണിങ് സ്റ്റാർ കോളജ് വിദ്യാർഥിനി ജസ്ലിയ ജോൺസനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ പൊലീസ് തുറവൂരിൽ നിന്നു കണ്ടെത്തി.
അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് കാർ. ഓടിച്ചിരുന്നത് ആരാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇക്കാര്യത്തിൽ 2 പേർ തമ്മിൽ തർക്കമുണ്ട്. ഫെബ്രുവരി 28നു രാത്രി 7.30നു ദേശീയപാതയിൽ അങ്കമാലി ടെൽക് ജംക്ഷനിലായിരുന്നു അപകടം.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റു രക്തം വാർന്നു റോഡിൽ കിടന്ന ജസ്ലിയയെ ആശുപത്രിയിൽ എത്തിക്കാതെയാണ് കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞത്. പിന്നീടു ഹൈവേ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇൻസ്പെക്ടർ എ.രമേഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

