ആലങ്ങാട് ∙ കരുമാലൂർ, ആലങ്ങാട് മേഖലയിൽ ആയുധങ്ങളുമായി മോഷ്ടാക്കളുടെ സംഘം. ഇന്നലെ 3 ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചു.
ആലങ്ങാട് തിരുവാലൂർ സ്വദേശി സിന്റോ ജോസഫിന്റെ വീടിന്റെ മുന്നിലിരുന്ന ബൈക്കും തടിക്കക്കടവ്, അടുവാത്തുരുത്ത് സ്വദേശികളായ 2 പേരുടെ സ്കൂട്ടറുകളുമാണ് മോഷ്ടിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
3 യുവാക്കളാണു മോഷണത്തിനു പിന്നിലെന്നു സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം പിന്തുടർന്നതോടെ തിരുവാലൂർ സ്വദേശി സിന്റോ ജോസഫിന്റെ ബൈക്ക് മോഷ്ടാക്കളുടെ സംഘം വെളിയത്തുനാട് ഉപേക്ഷിച്ചു. പിന്നീടു പൊലീസ് പോയശേഷം ഈ ഭാഗത്തു നിന്നു 2 സ്കൂട്ടറുകൾ മോഷ്ടിച്ചു.
പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കയ്യിൽ നിന്നു തെറിച്ചുവീണ ആയുധങ്ങൾ അടങ്ങിയ ബാഗ് ആലങ്ങാട് പൊലീസിനു ലഭിച്ചു.
പൊലീസ് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു.
പെട്രോൾ ഒഴിച്ചുള്ള കവർച്ചാശ്രമവും വീടു കയറിയുള്ള മോഷണവും ആരാധനാലയങ്ങളുടെ ഭണ്ഡാരം കുത്തിപ്പൊളിക്കലും ഉൾപ്പെടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒട്ടേറെ മോഷണങ്ങളാണ് ആലങ്ങാട്, കരുമാലൂർ മേഖലയിൽ നടന്നത്. കവർച്ചയ്ക്കെത്തിയ മോഷ്ടാവ് വീട്ടുടമയുടെ ദേഹത്തേക്കു പെട്രോൾ ഒഴിച്ച സംഭവവും ഉണ്ടായി.
സ്ത്രീകളും പ്രായമായവരും കടുത്ത ഭീതിയിലാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ അറുപതോളം മോഷണങ്ങൾ ആലങ്ങാട്, കരുമാലൂർ മേഖല കേന്ദ്രീകരിച്ചു നടന്നിട്ടും ഭൂരിഭാഗം സംഭവത്തിലും പൊലീസിനു പ്രതികളെ പിടികൂടാനായില്ല. അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്.
അപരിചിതരായ യുവാക്കളും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ രാത്രി പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നത് നാട്ടുകാരിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വീടു പൂട്ടി പുറത്തേക്കു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും സിസിടിവി ഉണ്ടായിട്ടു പോലും മോഷ്ടാക്കൾ കവർച്ച നടത്തുകയാണെന്നും നാട്ടുകാർ പറയുന്നു.
പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

