ട്വന്റി20 മാച്ചിൽ പാർട്ടികൾ
കിഴക്കമ്പലത്തെ രാഷ്ട്രീയത്തിന് ഇക്കുറി ചൂടൽപം കൂടുതലാണ്. രണ്ടും കൽപിച്ചു മൂന്നു മുന്നണികളും കളത്തിലിറങ്ങിയതു തന്നെ ട്വന്റി20യെന്ന ഭരണ കക്ഷിയെ താഴെയിറക്കാൻ.
21 ൽ 14 വാർഡുകളിലും മൂന്നു പ്രധാന മുന്നണികൾക്കും സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയില്ലാത്ത അപൂർവ പഞ്ചായത്ത്. എന്തു വിലകൊടുത്തും ട്വന്റി 20യെ താഴെയിറക്കുമെന്ന വാശിയിലാണത്രേ മുന്നണികൾ.
ഇതിനായി അവർ കണ്ട വഴിയാണ് 14 വാർഡുകളിലെ പൊതുസ്വതന്ത്രർ.
എല്ലാ പാർട്ടികളും സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്ന ഒരേയൊരു വാർഡ് മാത്രമേ ഇവിടെയുള്ളു – ചൂരക്കോട്!
നാട്ടിലെ രാഷ്ട്രീയം പോലെ ചൂടേറി വരുന്ന നേരത്താണു കിഴക്കമ്പലം ബസ് സ്റ്റാൻഡിലെത്തിയത്. 32 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നു ഭരണസമിതി അവകാശപ്പെടുന്ന കേരളത്തിലെ ഏക പഞ്ചായത്ത്.
2015ൽ മൂന്നു പ്രബല മുന്നണികളെയും വീഴ്ത്തി അധികാരം പിടിച്ച ട്വന്റി 20 മൂന്നാം ഊഴത്തിനായി കോപ്പു കൂട്ടുമ്പോൾ ഹാട്രിക് നിഷേധിക്കലാണു എതിരാളികളുടെ നയതന്ത്രം. ഇത്തവണ ട്വന്റി20ക്കു കാര്യങ്ങൾ എളുപ്പമല്ലെന്നാണു ബസ് സ്റ്റാൻഡിൽ കണ്ട
ജോസ് വർഗീസിന്റെ അഭിപ്രായം.
32 കോടി നീക്കിയിരിപ്പുണ്ടെന്നു പറഞ്ഞിട്ടും ബസ് സ്റ്റാൻഡിൽ ഒരു പൊതു ശുചിമുറി പോലുമില്ലെന്നും അദ്ദേഹം പറയുന്നു.വഴിയിലുടനീളം ട്വന്റി20യുടെ ‘മാങ്ങ’ ചിഹ്നത്തോടു കിടപിടിക്കാൻ ആപ്പിളും ബൾബും ശംഖുമെല്ലാം നിരന്നു കഴിഞ്ഞു. പൊതു സ്വതന്ത്രന്മാരെപ്പോലെ ട്വന്റി 20യെ വെട്ടാൻ അപരന്മാരും രംഗത്തുണ്ട്.
പ്രധാന മുന്നണികളുടെ ചിഹ്നം കൺ നിറയെ കാണാൻ എട്ടാം വാർഡായ ചൂരക്കോട് എത്തേണ്ടിവന്നു. കൈപ്പത്തിയും ചുറ്റിക അരിവാൾ നക്ഷത്രവും താമരയുമെല്ലാം മതിലുകളിൽ നിരന്നിരിക്കുന്നു; കിഴക്കമ്പലത്തെ അപൂർവ കാഴ്ച.
‘കാട്’കയറി വോട്ട് ചർച്ച
നമ്മളന്ന് കോയി ബിരിയാണി കയിച്ച സ്റ്റാർ ഹോട്ടൽ പെരുമ്പാവൂരല്ലേ….
ഗജകേസരിയോഗത്തിൽ മാമുക്കോയ ജഗദീഷിനോടു ചോദിച്ച ചോദ്യം മനസ്സിൽ വച്ച് ഉച്ചയോടെ പെരുമ്പാവൂർ കടന്നു. ലക്ഷ്യം പെരുമ്പാവൂരിനപ്പുറം കൂവപ്പടിയാണ്.
ആനയും മറ്റു വന്യമൃഗങ്ങളും ജനജീവിതം ദുസ്സഹമാക്കുന്ന മേഖലയുടെ പ്രതിനിധികൾ. ജില്ലയിലെ വലിയ പഞ്ചായത്തുകളിൽ ഒന്നാണു കൂവപ്പടി.
കോടനാട് ആനക്കൊട്ടിലും ഇക്കോ ടൂറിസം പദ്ധതികളും ചില പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പെടുന്ന സ്ഥലം. കൂവപ്പടി പഞ്ചായത്ത് 14–ാം വാർഡിലെ കെ.പി.വർഗീസിന്റെ പലചരക്കു കടയ്ക്കു മുന്നിൽ ഒരു ചെറിയ സംഘം.
ചർച്ച തിരഞ്ഞെടുപ്പ് തന്നെ, എന്നാൽ കക്ഷിരാഷ്ട്രീയമല്ല.
നിലവിലെ ഭരണത്തോട് എതിർപ്പൊന്നുമില്ലെന്നാണു കെ.പി.കുര്യാച്ചന്റെ അഭിപ്രായം. എന്നാലും, പഞ്ചായത്തിന് ആവശ്യമായതെല്ലാം ലഭിച്ചുവെന്നും പറയാനാകില്ല.
കുടിവെള്ള പ്രശ്നവും റോഡുകളുടെ ശോചനീയാവസ്ഥയുമെല്ലാം പരിഹരിക്കേണ്ടതുണ്ട്.വന്യജീവി ശല്യം തടയുന്നതിൽ പഞ്ചായത്ത് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നാണു കൂവപ്പടി ആറാം വാർഡ് അംഗം സിനി എൽദോ പറയുന്നത്. പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള കാര്യമല്ലാതിരുന്നിട്ടും കലക്ടറുടെ പ്രത്യേക അനുമതിയോടെ 20 ലക്ഷം രൂപയോളം മുടക്കി പഞ്ചായത്തിന്റെ പല ഭാഗത്തും തൂക്കു ഫെൻസിങ് സ്ഥാപിച്ചിരുന്നു.
പഞ്ചായത്തിന്റെ പല കിഴക്കൻ മേഖലകളിലും പന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നുണ്ടെന്നു പലരും പറയുന്നു.
വികസനം പറഞ്ഞ് ‘കിഡ്നാപ്’ ചെയ്യാൻ
വെയിലൊതുങ്ങിയപ്പോൾ കൂത്താട്ടുകുളത്തേക്ക്. ഇവിടെ ചൂടാണ്, തിരഞ്ഞെടുപ്പ് ചൂട്.
ഏതാനും മാസം മുൻപു വലിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയ നഗരസഭ. അവിശ്വാസ പ്രമേയത്തിനു തൊട്ടു മുൻപു സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണവും അവർ പിന്നീടു യുഡിഎഫിനൊപ്പം ചേർന്നു നഗരസഭാ ചെയർപഴ്സനായതും വിവാദമായിരുന്നു.
ചൂടുള്ള രാഷ്ട്രീയം ചർച്ച ചെയ്യാൻ ആൽമരത്തണലിൽ കാത്തിരിക്കുകയാണു രണ്ടു മുന്നണികളിൽ നിന്നുള്ള കൗൺസിലർമാർ. രാഷ്ട്രീയത്തിനപ്പുറം വികസനമാണു ചർച്ചയെന്ന് എൽഡിഎഫും യുഡിഎഫും അവകാശപ്പെടുന്നു.
300 കുടുംബങ്ങൾക്കു വീടു കൊടുത്ത പിഎംഎവൈ പദ്ധതിയിൽ 270 വീടുകൾക്കുള്ള ഡിപിആർ തയാറാക്കിയതു കഴിഞ്ഞ ടേമിലെ ആദ്യത്തെ രണ്ടു വർഷത്തെ യുഡിഎഫ് ഭരണസമിതിയെന്നാണു മുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ പറയുന്നത്.
എന്നാൽ 2016ലെ എൽഡിഎഫ് സർക്കാരിനു ക്രെഡിറ്റ് കൊടുക്കുകയാണ് മുൻ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്.
രാഷ്ട്രീയമാണോ വികസനമാണോ ജനങ്ങളോടു പറയാനുള്ളത് എന്നായിരുന്നു വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി വികാരി ഫാ. പോൾ തോമസ് ഇരുവരോടും ചോദിച്ചത്.
10 വർഷത്തിനിടെ ഇരുമുന്നണികളും പലതവണ ‘അധികാരത്തിൽ’ വന്നതുകൊണ്ടു തന്നെ വികസനമാണു ചർച്ചാ വിഷയമെന്ന് ഇരുവരും ആണയിട്ടു. കൂത്താട്ടുകുളത്തെ ആളുകൾ പാർട്ടിയല്ല വ്യക്തിയെ നോക്കിയാണു വോട്ടു ചെയ്യുന്നതെന്ന കാര്യത്തിൽ മൂന്നു പേർക്കും തർക്കമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

