അരൂർ∙ ലോക സഞ്ചാര ഭൂപടത്തിൽ ഇടംനേടിയ എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തിൽ ഇപ്പോഴും സഞ്ചാരികൾക്കുള്ള പ്രാഥമിക സൗകര്യങ്ങൾപോലും ഒരുക്കിയിട്ടില്ല. 2016–ൽ നാഷനൽ ജിയോഗ്രഫിക്കൽ മാസികയിൽ വന്ന റിപ്പോർട്ടിൽ കാക്കത്തുരുത്തിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: കാക്കത്തുരുത്തിലെ സൂര്യാസ്തമയം ലോകത്ത് ഉറപ്പായി കണ്ടിരിക്കേണ്ട
അപൂർവ കാഴ്ചാനുഭവമാണ്. ഇതോടെ കാക്കത്തുരുത്തിനു രാജ്യാന്തര പ്രശസ്തി ലഭിച്ചു.
എന്നാൽ 14 വർഷം കഴിഞ്ഞിട്ടും ഇവിടെ സൗകര്യങ്ങളായില്ല. പാശ്ചാത്യനാടുകളിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒട്ടേറെ സഞ്ചാരികൾ കേട്ടറിഞ്ഞ് കാക്കത്തുരുത്തിലെത്തുന്നു. ഇവരിൽ പലരും ദിവസങ്ങൾ ദ്വീപിൽ കഴിയണമെന്ന ആഗ്രഹം പങ്കുവയ്ക്കാറുണ്ട്.
എന്നാൽ ഒന്നോരണ്ടോ ഹോം സ്റ്റേകൾ മാത്രമാണ് ഇവിടെയുള്ളത്. 18 കിലോമീറ്റർ യാത്ര ചെയ്ത് എറണാകുളം നഗരത്തിലെത്തണം ഈ സൗകര്യങ്ങൾ വിനിയോഗിക്കാൻ.
പ്രകൃതി
ചെറിയ കായൽ തുരുത്തിന്റെ തീരത്തു തലയുയർത്തി നിൽക്കുന്ന തെങ്ങുകൾ.
നാട്ടുവഴികളും വെട്ടുവഴികകളും നിറഞ്ഞ നടപ്പാതയിലൂടെ ദ്വീപിലേക്കു കടന്നാൽ പച്ചിലച്ചാർത്തുകൾ, വൻ മരങ്ങൾ നിറഞ്ഞ കാട്, വിശാലമായ പുൽമൈതാനം, വയലുകൾ… പഴയ കേരളത്തിന്റെ ഗ്രാമീണ പ്രകൃതി പോറൽ ഏൽക്കാതെ ഈ കുഞ്ഞു തുരുത്തിൽ സംരക്ഷിതമാണ്. വിശാല കായൽതീരമാണു മറ്റൊരു പ്രത്യേകത.
സന്ധ്യാനേരത്തെ കായൽ സൗന്ദര്യത്തിന് അപൂർവചാരുതയാണ്.
യാത്രാമാർഗം
രണ്ടു ചെറുവള്ളങ്ങളാണു തുരുത്തിലേക്കുള്ള സഞ്ചാരമാർഗം. എരമല്ലൂരിൽ രണ്ടിടത്തുനിന്നു കടത്തുണ്ട്.
ദ്വീപിലേക്കു പാലം വേണമെന്നത് പതിറ്റാണ്ടുകളായുള്ള ദ്വീപ് നിവാസികളുടെ സ്വപ്നമാണ്. 2009 –ൽ 38 കോടിരൂപ വകയിരുത്തി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ പാലം നിർമാണം ആരംഭിച്ചു.
എന്നാൽ പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചെങ്കിലും നിർമാണം പ്രാഥമിക ഘട്ടത്തിൽ നിലച്ചു. കായലിൽ നാട്ടിയ ഏതാനും തൂണുകൾ പാലത്തിന്റെ അസ്തമിച്ച പ്രതീക്ഷകളായി നിലകൊള്ളുന്നു.
5 കോടിരൂപയുടെ പദ്ധതിയാണു വെള്ളത്തിൽ മുങ്ങിപ്പോയതെന്നു നാട്ടുകാർ പറയുന്നു. ഇപ്പോഴും കാക്കത്തുരുത്തിലേക്കു പാലം എത്തുമെന്ന പ്രതീക്ഷയിലാണു ജനങ്ങൾ.
ഇതിനായി പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കാക്കത്തുരുത്ത്
ഒരുകാലത്ത് കാക്കകൾ ചേക്കേറുന്ന കാടുനിറഞ്ഞ ഒറ്റപ്പെട്ട തുരുത്തായിരുന്നു ഇത്.
സമീപ കരകളിൽനിന്നു രാത്രിയാകുമ്പോൾ നൂറുകണക്കിനു കാക്കകൾ തുരുത്തിന്റെ വന നിബിഡതയിലേക്കു പറന്നുകയറും. ഇങ്ങനെയാണ് ആൾപ്പാർപ്പില്ലാത്ത ദ്വീപിനു കാക്കത്തുരുത്ത് എന്ന പേരുണ്ടായത്. പിന്നീടു ഭൂപരിഷ്കരണത്തിനു ശേഷം ഭൂരഹിതരായ കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ എന്നിവർക്കു ദ്വീപിൽ ഭൂമി പതിച്ചുൽകി.
അരനൂറ്റാണ്ടിലേറെക്കാലമായി ഇവർ ഇവിടെ താമസമാക്കിയിട്ട്. ഇപ്പോഴും പരിമിതമായ സൗകര്യങ്ങളിൽ ഇരുനൂറോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

