തൃപ്പൂണിത്തുറയുടെ സാംസ്കാരിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ശ്രീപൂർണത്രയീശന്റെ ഐതിഹ്യവും ചരിത്രവും പ്രമേയമാക്കി തയ്യാറാക്കിയ ‘പൂർണത്രയീശചരിതം’ കഥകളി അരങ്ങേറ്റത്തിനൊരുങ്ങുന്നു. നവംബർ 8 ന് വൈകിട്ട് 4 മണിക്ക് പ്രശസ്തമായ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഊട്ടുപുര മാളികയിലാണ് ഈ ദൃശ്യവിരുന്ന് ആദ്യമായി അവതരിപ്പിക്കുന്നത്.
വൈകുണ്ഠത്തിൽ നിന്നും അർജുനൻ കൊണ്ടുവന്ന് പ്രതിഷ്ഠിച്ച വിഷ്ണു വിഗ്രഹം വടുക രാജാവും പടയും നടത്തിയ ആക്രമണത്തിൽ കാണാതാവുകയും, പിന്നീട് കണ്ടുകിട്ടിയ മാതൃകയിൽ കൊച്ചി രാജാവ് പുതിയ വിഗ്രഹം നിർമിക്കാൻ മൂശാരിയെ ഏൽപിക്കുന്നതുമാണ് ഈ ആട്ടക്കഥയുടെ പ്രധാന ഇതിവൃത്തം. വിഗ്രഹം വാർത്തെടുക്കുന്ന വേളയിൽ ലോഹം ഉരുകി ഉറയ്ക്കാതിരുന്നപ്പോൾ ‘കൂട്ടുകൂടന്റെ പൂർണത്രയീശ’ എന്ന് വിളിച്ച് പ്രാർഥിച്ച ശിൽപി വിഗ്രഹത്തിൽ തന്നെ വിലയം പ്രാപിച്ചുവെന്ന വിശ്വസനീയമായ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
തൃപ്പൂണിത്തുറയിലെ പ്രമുഖ കലാസമിതിയായ സാത്വികം കഥകളി കൂട്ടായ്മയാണ് ഇതിന്റെ രചനയും ചിട്ടപ്പെടുത്തലും നിർവഹിച്ചിരിക്കുന്നത്. എൻ.
നാരായണൻ നമ്പൂതിരിയുടെ കഥയ്ക്ക് രമേശൻ തമ്പുരാനാണ് കഥകളി സാഹിത്യരൂപം നൽകിയത്. പ്രമുഖ കഥകളി ആചാര്യനായ ഫാക്ട് പത്മനാഭനാണ് ഈ ആട്ടക്കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കഥകളി ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി മാറുകയാണ് ഈ അവതരണം. പൂർണത്രയീശ ചരിതം ആട്ടക്കഥയിലെ മൂശാരി എന്ന കഥാപാത്രത്തിനായി പൂർണമായും വെള്ളിനിറത്തിലുള്ള വേഷവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സാധാരണയായി കഥകളിയിൽ സ്വർണ നിറത്തിലുള്ള കിരീടങ്ങളും ആഭരണങ്ങളുമാണ് ഉപയോഗിക്കാറുള്ളതെങ്കിൽ, ഈ ചരിത്ര നാടകത്തിൽ ആദ്യമായി മൂശാരിക്കായി പൂർണമായും വെള്ളിയിൽ തീർത്ത കിരീടവും ആടയാഭരണങ്ങളുമാണ് തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗതമായി കൈമാറിക്കിട്ടിയ പഴയ കിരീടം പുതുക്കിപ്പണിതാണ് ഈ പുതിയ വെള്ളി രൂപകൽപന യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
പ്രമുഖ കലാകാരന്മാരായ കലാനിലയം സജിയും എരൂർ മനോജും ചേർന്നാണ് ഈ പ്രത്യേക വേഷക്കൂട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

