
അ ആ.. അറിയാം ആദ്യാക്ഷരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ അറിവിന്റെ മധുരം നുകരാനെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി ജില്ലയിലെ സ്കൂളുകൾ. ജില്ലയിൽ ആയിരത്തോളം സ്കൂളുകളിലാണു പ്രവേശനോത്സവം നടക്കുക. മിക്ക സ്കൂളുകളുടെയും ചുമരുകൾ കുട്ടികൾക്കു പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുൾപ്പെടെ വർണക്കാഴ്ചകൾ കൊണ്ടു നിറഞ്ഞിട്ടുണ്ട്. ആദ്യദിനത്തിൽ കുട്ടികളെ മധുരവും ചെറുസമ്മാനങ്ങളും നൽകി സ്വീകരിക്കും. ആഘോഷത്തിനു കൊഴുപ്പേകാൻ ചെണ്ടമേളമുൾപ്പെടെ സംഘടിപ്പിച്ചിട്ടുള്ള സ്കൂളുകളുമുണ്ട്.
ഉപജില്ലാ തലത്തിൽ ഇക്കുറി പ്രവേശനോത്സവങ്ങളുണ്ട്. ഇതിനാൽ വിദ്യാഭ്യാസ ജില്ലകളുടെ അടിസ്ഥാനത്തിലുള്ള ആഘോഷം ഒഴിവാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളും കുരുത്തോലയും വാഴപ്പിണ്ടിയും കൊണ്ടുള്ള അലങ്കാരങ്ങളും അക്ഷരരൂപങ്ങളുമെല്ലാം ഒരുക്കി, പ്രീപ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർഥികളെ ആഘോഷമായി വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പൂർത്തിയാക്കിയത്. പൂർണമായും ഹരിത മാനദണ്ഡം പാലിച്ചുള്ള അലങ്കാരങ്ങളാണ് ഇക്കുറിയും പ്രവേശനോത്സവത്തിന് ഒരുക്കിയിട്ടുള്ളത്.
ജില്ലാ പ്രവേശനോത്സവം വെസ്റ്റ് കടുങ്ങല്ലൂർ ഗവ. എച്ച്എസിൽ രാവിലെ 9.30ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ മനോജ് മൂത്തേടൻ അധ്യക്ഷനാകും. ബഡ്സ് സ്കൂളുകളുടെ സംസ്ഥാനതല പ്രവേശനോത്സവം പുത്തൻകുരിശ് വടവുകോട് ബഡ്സ് റീ റീഹാബിലിറ്റേഷൻ സെന്ററിൽ രാവിലെ 9.30ന് നടക്കും.
ഭൂരിഭാഗം സ്കൂളുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റു ലഭിച്ചു കഴിഞ്ഞു. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയ ഏതാനും സ്കൂളുകൾക്കു കൂടി സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ട്. പരിശോധനയിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സ്വാഭാവിക കാലതാമസം മാത്രമാണെന്നും ഇന്നു തന്നെ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നുമാണ് അധികൃതർ കരുതുന്നത്. ജില്ലയിൽ അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടങ്ങൾ ഇല്ലെന്നു ഡിഡിഇ സുബിൻ പോൾ പറഞ്ഞു.
‘മതിയാവില്ലൊരു നാളിലും ഈ നല്ലൊരു കാലം’
കൊച്ചി ∙ ‘സ്കൂൾ ജീവിതം ആസ്വദിക്കൂ, സുരക്ഷയ്ക്കു ഭീഷണിയായാൽ അവധി തരാം’ അവധി ചോദിച്ച് തന്റെ പേജിൽ മുറവിളി കൂട്ടുന്ന കുട്ടിക്കൂട്ടത്തിനു ജില്ലാ കലക്ടർ എൻ.കെ.എസ് ഉമേഷിന്റെ മറുപടി. മഴക്കാലമായാൽ കലക്ടർമാരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ അവധി ആവശ്യം കൊണ്ടു നിറയും. കൺട്രോൾ റൂമുകൾ പോലെ ഇവിടെ മഴയുണ്ട്, അവിടെ മഴയുണ്ട് എന്നുള്ള അറിയിപ്പുകളും. എല്ലാ വർഷവും കലക്ടർമാർക്ക് വലിയ തലവേദനയായി മാറാറുണ്ട് ഇത്തരം അവധി ആവശ്യങ്ങൾ. ചിലപ്പോഴെങ്കിലും അതിരുവിട്ടുള്ള ആക്രോശങ്ങളായും ഇത് മാറാറുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾക്കു കലക്ടറുടെ ഉപദേശം.
‘ജീവിതത്തിലെ നല്ല കാര്യങ്ങളുടെ മൂല്യം അത് അനുഭവിക്കുമ്പോൾ അറിഞ്ഞെന്നു വരില്ല. ഒരു കാലം വരും, സ്കൂളിലേക്കു മടങ്ങിപ്പോകാൻ തോന്നും. സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല’, സ്നേഹത്തിൽ പൊതിഞ്ഞുള്ള കലക്ടറുടെ ഉപദേശം. അവധി ചോദിക്കുന്നതിനു പകരം കൂട്ടുകാരുമായി കളിച്ചു ചിരിച്ച് മനോഹരമായ ഓർമകൾ സൃഷ്ടിക്കാൻ പറയുകയാണ് കലക്ടർ.
യുഐഡി മാർഗനിർദേശം പിൻവലിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി
കൊച്ചി ∙ ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് ആറാം പ്രവൃത്തി ദിനത്തിനു മുൻപു യുഐഡി നിർബന്ധമാക്കിയുള്ള മാർഗനിർദേശം പിൻവലിക്കണമെന്നു കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികൾ ആധാറിന് അപേക്ഷ നൽകി മാസങ്ങൾ പിന്നിടുമ്പോഴും യുഐഡി നമ്പർ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിനാൽ വിദ്യാഭ്യാസ വകുപ്പു സമയനിബന്ധനയിൽ ഇളവ് അനുവദിക്കണം.
യുഐഡിക്ക് അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന ഇഐഡി നമ്പർ ഉപയോഗിച്ചോ പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലോ കുട്ടികൾക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു.സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബിജു കുര്യൻ, ട്രഷറർ ഷിബി ശങ്കർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എ.ഉണ്ണി, വിൻസന്റ് ജോസഫ്, ഷക്കീല ബീവി, രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.