ആലപ്പുഴ ∙ പുന്നമടക്കായലിലെ ജലത്തെക്കാളേറെ ജനം ഇന്നലെ കരകളിൽ തടിച്ചുകൂടി, അവരുടെ നെഞ്ചിൽ കെട്ടിപ്പൊക്കിയിരുന്ന കോട്ട അടിച്ചുതകർത്തു വീയപുരം ചുണ്ടനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും ചേർന്നു പുതിയൊരു കോട്ട
കെട്ടി, ഒരു പുതിയ ചരിത്രവും. കഴിഞ്ഞ വർഷം 0.005 സെക്കൻഡുകൾക്കു നഷ്ടമായ നെഹ്റു ട്രോഫി, അത്രയും തന്നെ വാശിയേറിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ മില്ലി സെക്കൻഡുകൾക്കു മൂന്നു വള്ളങ്ങളെയും പിന്നിലാക്കി വീയപുരം സ്വന്തമാക്കി. ഒരു അവസാന നിമിഷ കുതിപ്പ്, 4.21.084 മിനിറ്റിൽ വീയപുരം ഫിനിഷിങ് ലൈൻ തൊട്ടു.
ഒരുപക്ഷേ, നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെത്തന്നെ ഫൈനലിലെ മികച്ച സമയം.
മുൻപു പിറന്ന വേഗ റെക്കോർഡുകൾ എല്ലാം ഹീറ്റ്സിലായിരുന്നു. എല്ലാ അർഥത്തിലും വീരോചിത വിജയം.1986, ’87 വർഷങ്ങളിൽ കാരിച്ചാൽ ചുണ്ടനിൽ തുഴഞ്ഞു നെഹ്റു ട്രോഫി നേടിയ വില്ലേജ് ബോട്ട് ക്ലബ് കൈനകരി 1988ന് ശേഷം മത്സരരംഗത്തു നിന്നു പിന്മാറിയിരുന്നു.
2022ൽ വീണ്ടും മത്സരത്തിലേക്കു തിരിച്ചെത്തി. കരക്കാർ പല ക്ലബ്ബുകളിലായി തുഴയുന്ന സാഹചര്യത്തിലായിരുന്നു ഈ തിരിച്ചുവരവ്.
കരക്കാരെ ഒത്തുകൂട്ടി ക്ലബ് പുനരുജ്ജീവിപ്പിച്ചു. ഇത്തവണ ബിഫി വർഗീസിനെ ക്യാപ്റ്റനും ബൈജു കുട്ടനാടിനെ ലീഡിങ് ക്യാപ്റ്റനുമാക്കിയാണു ടീം മിന്നും പ്രകടനം കാഴ്ചവച്ചത്.
വീരു എന്നു വിളിപ്പേരുള്ള വീയപുരം ചുണ്ടൻ സമീപകാലത്ത് ഏറ്റവുമധികം നേട്ടങ്ങളുള്ള വള്ളമാണ്.
2019ൽ നീരണഞ്ഞ ചുണ്ടൻ മൂന്നാം വർഷം നെഹ്റു ട്രോഫി കിരീടം സ്വന്തമാക്കി. 2023ലെ ചാംപ്യൻസ് ബോട്ട് ലീഗിലെ 12 വള്ളംകളികളിൽ 8 എണ്ണവും വിജയിച്ചു.
2024ൽ നെഹ്റു ട്രോഫിയിലും ചാംപ്യൻസ് ബോട്ട് ലീഗിലും വീയപുരം– വിബിസി കോംബോ രണ്ടാമതെത്തി. മൂന്നു വർഷത്തിനുള്ളിൽ രണ്ടു നെഹ്റു ട്രോഫികളും ഒരു തവണ രണ്ടാം സ്ഥാനവുമായി വീരു സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്, ഒപ്പം വിബിസി പഴയ പ്രതാപത്തിലേക്കും.
ഒരു സെക്കൻഡിൽ ഫിനിഷ് ചെയ്തത് നാലു വള്ളം
ചുണ്ടൻ വിഭാഗത്തിലെ ഫൈനലിലെ നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത് ഒരു സെക്കൻഡിനുള്ളിൽ.
കഴിഞ്ഞ വർഷത്തെ ഫോട്ടോഫിനിഷിനെയും വെല്ലുന്ന രീതിയിലാണു നാലു വള്ളങ്ങളും തുടക്കം മുതൽ ഒന്നിച്ചു കുതിച്ചത്. ഫിനിഷിങ് ലൈൻ വരെ അതു തുടർന്നു.
ഒന്നാം സ്ഥാനക്കാരായ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ഫിനിഷ് ചെയ്തത് 4.21.084 മിനിറ്റിൽ. ഇതിനു 0.951 സെക്കൻഡ് മാത്രം പിന്നിൽ മറ്റു മൂന്നു വള്ളങ്ങളും ഫിനിഷ് ചെയ്തു.
പുന്നമട
ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ 4.21.782 മിനിറ്റിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടൻ 4.21.933 മിനിറ്റിലും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ 4.22.035 മിനിറ്റിലുമാണു ഫിനിഷ് ചെയ്തത്. കണ്ണിമ വെട്ടുന്ന സമയത്തിനുള്ളിൽ വള്ളങ്ങൾ ഫിനിഷ് ചെയ്തതോടെ ആരാണു വിജയിയെന്ന് കാണികൾ സംശയിച്ചു, ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണു വിബിസി– വീയപുരം ആരാധകർ ആഹ്ലാദ പ്രകടനം തുടങ്ങിയത്.
വീയപുരം പഞ്ചായത്തിന് ഹാട്രിക്
നെഹ്റു ട്രോഫി നേട്ടത്തിൽ വീയപുരം പഞ്ചായത്തിനു ഹാട്രിക് ആയി.
2023ലും 2025ലും വീയപുരം ചുണ്ടൻ നെഹ്റു ട്രോഫി നേടിയപ്പോൾ 2024ൽ ഇതേ പഞ്ചായത്തിൽ നിന്നുള്ള കാരിച്ചാൽ ചുണ്ടനാണു നെഹ്റു ട്രോഫി സ്വന്തമാക്കിയത്. നെഹ്റു ട്രോഫിയിൽ ഏറ്റവും കൂടുതൽ ചുണ്ടനുകൾ പങ്കെടുത്ത പഞ്ചായത്തും വീയപുരമാണ്– 6 എണ്ണം.
വീയപുരം, കാരിച്ചാൽ, മേൽപാടം, പായിപ്പാടൻ 1, പായിപ്പാടൻ 2, വെള്ളംകുളങ്ങര എന്നിവയാണു വീയപുരം പഞ്ചായത്തിൽ നിന്നുള്ള ചുണ്ടനുകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]