ഹരിപ്പാട് ∙ പാടശേഖരത്തിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റത് പൊട്ടിക്കിടന്ന സ്റ്റേ കമ്പി കാറ്റിൽ ആടി വന്നു ദേഹത്ത് തട്ടിയതു മൂലമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കർഷകത്തൊഴിലാളി പള്ളിപ്പാട് വടക്കേക്കര കിഴക്ക് നേര്യംപറമ്പിൽ വടക്കേതിൽ ശ്രീലത (52) പൊലീസിനു മൊഴി നൽകി. പള്ളിപ്പാട് പനമുട്ടുകാട് പാടശേഖരത്തിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ 12ന് സ്റ്റേ കമ്പിയിൽ നിന്ന് ശ്രീലതയ്ക്കും ബന്ധുവും സുഹൃത്തുമായ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ സരളയ്ക്കും ഷോക്ക് ഏൽക്കുകയായിരുന്നു.
അപകടത്തിൽ സരള മരിച്ചു. പണിക്കിടെ വിശ്രമിക്കാനായി കരയിലേക്ക് കയറുന്നതിനിടെ ചുറ്റി വച്ചിരുന്ന സ്റ്റേ കമ്പി കാറ്റിൽ ആടി വന്ന് കൈയിൽ തട്ടിയതിനെ തുടർന്ന് സ്പാർക്ക് ഉണ്ടായി.
തുടർന്നു സ്റ്റേ കമ്പി തോളത്ത് തട്ടിയതോടെ തെറിച്ച് കരയിലേക്ക് വീണു. കൂടെയുണ്ടായിരുന്ന സരള തെറിച്ച് പുഞ്ചയിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നും ശ്രീലത പൊലീസിനു മൊഴി നൽകി. ശ്രീലതയും സരളയും വിശ്രമത്തിനായി കരയിലേക്ക് കയറുന്നതിനിടെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റ് എന്നായിരുന്നു പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീലതയുടെ മൊഴി പൊലീസ് എടുത്തത്.
അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ശ്രീലതയുടെ മൊഴി പൊലീസ് എടുത്തിരുന്നില്ല. കർഷകത്തൊഴിലാളിയായ ശ്രീലതയുടെ കുടുംബത്തിന്റെ ദുരവസ്ഥയും പൊലീസ് മൊഴി എടുക്കാൻ എത്താതിരുന്നതും സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ശ്രീലത അപകടനില തരണം ചെയ്തെങ്കിലും കൈക്കും തോളിനും ഗുരുതരമായി പൊള്ളലേറ്റതിനാൽ ഇനിയും രണ്ടാഴ്ചയെങ്കിലും ആശുപത്രിയിൽ കഴിയേണ്ടി വരും. അടുത്തദിവസം മെഡിക്കൽ കോളജിലെത്തി ശ്രീലതയുടെ മൊഴി എടുത്ത ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എ.വി.ജയരാജ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

