ആലപ്പുഴ ∙ അഴകോടെ ആലപ്പുഴ, മാലിന്യമുക്ത നഗരം എന്നൊക്കെ വൻ പ്രചാരണം നടത്തി മാലിന്യം ഇല്ലാത്ത നഗരം ആണെന്നു പറയുന്ന നഗരസഭാ അധികൃതരോട് കാവിത്തോട് നിവാസികൾ ചോദിക്കുന്നു: ജീവനു ഭീഷണിയായ കാവിത്തോട്ടിലെ ദുർഗന്ധവും, മാലിന്യവും നീക്കം ചെയ്ത് തോട് സംരക്ഷിക്കുമോ? പഴവീട്-പാലസ് വാർഡുകളെ വേർതിരിക്കുന്ന കാവിത്തോട്ടിൽ ഇല്ലാത്ത മാലിന്യങ്ങൾ ചുരുക്കം. പ്ലാസ്റ്റിക്, അറവുമാലിന്യം, പച്ചക്കറി തുടങ്ങിവയെല്ലാം ചാക്കിൽകെട്ടി തള്ളിയിരിക്കുകയാണ്.
കാവിത്തോടിന്റെ പടിഞ്ഞാറേയറ്റം അരുമ്പുരാന്റെ വീട് മുതൽ മുറിയാശേരി ട്രാക്ടർ പാലം വരെ മാലിന്യം തിങ്ങി നിറഞ്ഞു.
ട്രാക്ടർ പാലം ഉയർത്തി പണിയാതിരുന്നതിനാൽ മാലിന്യങ്ങൾ പാലത്തിൽ തങ്ങി നിൽക്കുന്നതാണ് ഇത്രയും ഭാഗത്തെ മാലിന്യക്കൂമ്പാരത്തിനും കാരണം. ഇല്ലെങ്കിൽ ഇതെല്ലാം ഒഴുകി അമ്പലപ്പുഴ–ആലപ്പുഴ തോട്ടിൽ ചെല്ലുമായിരുന്നു.
ഓരോ മഴ കഴിയുമ്പോളും മുറിയാശേരി ട്രാക്ടർ പാലം വരെ മാലിന്യം നിറയും. പതിവുപോലെ ഇത്തവണയും മാലിന്യം നിറഞ്ഞിട്ടു ആഴ്ചകളായി.
തോടിന്റെ ഇരുകരകളിലായി നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പ്രദേശവാസികൾക്കും യാത്രക്കാർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി നാട്ടുകാർ പറഞ്ഞു. തോട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ മാലിന്യങ്ങൾ വീടുകളിൽ കയറും. അരുമ്പുരാന്റെ വീടിനു സമീപം വസ്ത്രം അലക്കുന്നവരുടെ കടവ് ഉണ്ടായിരുന്നു. കടവിലേക്ക് ഇറങ്ങാതിരിക്കാൻ കമ്പിവേലി കെട്ടി. പക്ഷേ കമ്പിവേലിയുടെ മുകളിലൂടെ മാലിന്യം തള്ളാൻ യാതൊരു തടസ്സവും ഇല്ല.തിരുവമ്പാടി വാർഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെയാണ് എത്തിച്ചേരുന്നത്.
സംരക്ഷിച്ചില്ലെങ്കിൽ സമരത്തിലേക്ക്
കാവിത്തോട്ടിലെ മാലിന്യങ്ങൾ നീക്കി, തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക് സൃഷ്ടിക്കണമെന്ന് പല തവണ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.
പരാതികൾ നൽകി. അരുമ്പുരാന്റെ വസതിക്കു സമീപം കാവിത്തോട്ടിൽ നെറ്റ് കെട്ടി മാലിന്യങ്ങൾ കിഴക്കോട്ട് ഒഴുകാതെ തടയണം. അശാസ്ത്രീയമായി നിർമിച്ച ട്രാക്ടർ പാലത്തിന്റെ നടുവിലുള്ള കോൺക്രീറ്റ് തൂൺ പൊളിച്ചുമാറ്റി നീരൊഴുക്ക് സുഗമമാക്കണം. ആലപ്പുഴ–അമ്പലപ്പുഴ തോടും സംരക്ഷിക്കണം.
ഇക്കാര്യങ്ങളിൽ ഉടൻ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ റസിഡന്റ്സ് അസോസിയേഷനുകൾ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരെ അണിനിരത്തി സമരം ചെയ്യുമെന്നും അത്തിത്തറ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.എസ്. മഹേഷ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]