നെടുമുടി ∙ ബോട്ടിൽ കയറുന്നതിനിടെ പമ്പയാറ്റിൽ വീണ 6 വയസ്സുകാരിക്കു രക്ഷകരായി ബോട്ട് ജീവനക്കാർ. കൈനകരി വടകര വീട്ടിൽ അജിയുടെയും ബിൻസിയുടെയും മകൾ ജിഫ മരിയ തോമസിന്റെ ജീവനാണു പമ്പയാറിന്റെ ആഴത്തിൽ നിന്നു ജലഗതാഗത വകുപ്പിന്റെ എസ് 40 നമ്പർ ബോട്ടിലെ ജീവനക്കാർ കോരിയെടുത്തത്.
ഇന്നലെ രാവിലെ 8 മണിയോടെ കൈനകരി എൺപതിൽചിറ ജെട്ടിയിലാണ് അപകടം.
കൈനകരി കെ.ഇ കാർമൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ജിഫ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നെടുമുടിയിൽനിന്ന് ആയിരവേലി വഴി സർവീസ് നടത്തുന്ന ബോട്ടിലാണു സ്ഥിരമായി സ്കൂളിൽ പോകുന്നത്. ഇന്നലെ ബോട്ടിലേക്കു കയറുന്നതിനിടെ അമ്മയുടെ കയ്യിൽനിന്നു വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു.
ഉടൻ തന്നെ ബോട്ടിലെ ലാസ്കർമാരായ സെൽവരാജും ജയലാലും ചേർന്നു വെള്ളത്തിൽ താഴ്ന്നുപോയ കുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.
നിലയില്ലാക്കയത്തിൽ സ്വന്തം ജീവൻ പോലും പണയം വച്ചാണു ജീവനക്കാർ കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
ബോട്ട് മാസ്റ്റർ മിഥുൻ പി.മോഹൻ, സ്രാങ്ക് ജെ.അഷ്റഫ്, ഡ്രൈവർ വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടിയെ രക്ഷിക്കുന്നതിനിടെ സാരമായി പരുക്കേറ്റ സെൽവരാജിനെയും ജയലാലിനെയും ചമ്പക്കുളത്തെ ഗവ.
ആശുപത്രിയിലും തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
സ്വന്തം ജീവൻ മറന്നു പിഞ്ചു വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച ജീവനക്കാരെ സംസ്ഥാന ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി.നായർ, ട്രാഫിക് സൂപ്രണ്ട് സുജിത് മോഹൻ, ചങ്ങനാശേരി മേഖലാ സീനിയർ സൂപ്രണ്ട് കെ.പി.ഹരികുമാർ എന്നിവർ അനുമോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

