പുളിങ്കുന്ന് ∙ പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ വെള്ളം കയറുന്നു. കൃഷി പ്രതിസന്ധിയിലേക്ക്.
കാവാലം കൃഷിഭവൻ പരിധിയിലെ മണിയങ്കരി പാടശേഖരത്തിലെ കർഷകരാണു പുഞ്ചക്കൃഷിക്കായി വിതച്ച കൃഷിയിടത്തിലെ വെള്ളം വറ്റിക്കാൻ സാധിക്കാതെ ദുരിതത്തിലായിരിക്കുന്നത്. കണ്ണാടി–കിടങ്ങറ റോഡിലെ കൊറത്തറ പാലത്തിന്റെ അപ്രോച്ച് റോഡിലെ കരിങ്കൽ സംരക്ഷണ ഭിത്തിയുടെ വിടവിലൂടെയാണു പാടശേഖരത്തിൽ വെള്ളം കയറുന്നത്.
ശക്തമായ വേലിയേറ്റത്തിൽ കരിങ്കല്ലിന്റെ വിടവിലൂടെ വെള്ളം കയറി കൃഷിയിടം മുങ്ങുന്നതു നോക്കി നിൽക്കാൻ മാത്രമേ കർഷകർക്കു സാധിക്കുന്നുള്ളു.
വെള്ളം കയറുന്നതു തടയാൻ യാതൊരു മാർഗവുമില്ലാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. അശാസ്ത്രീയമായ പാലം നിർമാണമാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നു കർഷകർ ആരോപിച്ചു.
പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കോൺക്രീറ്റിൽ നിർമിച്ചാൽ വെള്ളം കയറുന്ന പ്രശ്നം ഒഴിവാക്കാൻ സാധിക്കും. എന്നാൽ കരിങ്കൽ അടുക്കിയാണ് ഇവിടെ സംരക്ഷണ ഭിത്തി നിർമിച്ചത്.
സംരക്ഷണ ഭിത്തിക്കുള്ളിൽ മണ്ണു നിറച്ചാണ് അപ്രോച്ച് റോഡ് നിർമിച്ചിരിക്കുന്നത്.
വേലിയേറ്റം വരുമ്പോൾ കരിങ്കല്ലിന് ഇടയിലൂടെ വെള്ളം പാടശേഖരത്തിലേക്കു കയറുന്നതുമൂലം , 350 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലെ 40 ഏക്കറോളം ഭാഗത്തെ വിത പിടിപ്പിക്കാൻ കർഷകർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പാടശേഖരത്തിനെ രണ്ടായി മുറിച്ചാണു കണ്ണാടി–കിടങ്ങറ റോഡ് കടന്നു പോകുന്നത്.
റോഡിനു കിഴക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങളിലെ വെള്ളം വറ്റിക്കുന്നതിനായി 3 കലുങ്കുകൾ റോഡിന്റെ പല ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ കിഴക്കു ഭാഗത്തെ കൃഷിയിടത്തിലെ വിത പിടിപ്പിക്കാൻ കലുങ്ക് അടച്ചിട്ടശേഷമാണു വെള്ളം വറ്റിക്കുന്നത്.
കിഴക്കു ഭാഗത്തെ വെള്ളം പൂർണമായി വറ്റിച്ചശേഷം കലുങ്കു തുറന്നാണു പടിഞ്ഞാറു ഭാഗത്തെ വെള്ളം കൂടി വറ്റിച്ചു കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്.
10 ദിവസം മുൻപാണു പാടശേഖരത്തിലെ വിത നടത്തിയത്. വേലിയേറ്റത്തിൽ പാലത്തിന്റെ അപ്രോച്ച് ഭാഗത്തുകൂടി വെള്ളം കയറിയതുമൂലം കൊറത്തറ ജോസി ഡൊമിനിക്കിന്റെ 4 ഏക്കറിലെ വിത നശിച്ചു.
തുടർന്നു വീണ്ടും വിത്തു വാങ്ങിയാണു രണ്ടാമതു വിതയിറക്കിയിരിക്കുന്നത്. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ പാലത്തിന്റെ കിഴക്കേ കരയിലെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കോൺക്രീറ്റിൽ പുനർ നിർമിക്കണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്.
പാടശേഖരത്തിന്റെ കിഴക്കുഭാഗത്തുള്ള മറ്റൊരു പാലവും സമാനരീതിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പാലത്തിന്റെ ഇരുകരകളിലുമുള്ള കരിങ്കൽ സംരക്ഷണ ഭിത്തിയിൽ കൂടി വെള്ളം കയറുന്നതു മണിയങ്കരിക്കൊപ്പം സമീപത്തെ പടിഞ്ഞാറേ വെള്ളിസ്രാക്ക പാടശേഖരത്തിലെ കർഷകരെയും ദുരിതത്തിലാക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

