മാവേലിക്കര ∙ ‘‘അന്നൊരു നീലരാത്രിയിൽ, വിണ്ണിലുദിച്ചൊരു താരകം, അന്നാ നീല നിലാവിലായി, മിന്നിത്തിളങ്ങുന്നു വിണ്ണിലും’’ 24 വർഷം മുൻപു പശ്ചാത്തല സംഗീതം ഇല്ലാതെ മോളി രാജൻ എന്ന വീട്ടമ്മ ആലപിച്ച ക്രിസ്മസ് ഗാനം പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വീണ്ടും മുഴങ്ങുമ്പോൾ ഗായിക മോളി വിണ്ണിലെ താരകമായി ഗാനം ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണു കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
പനച്ചമൂട് വൈഎംസിഎയുടെ ക്രിസ്മസ് ആഘോഷത്തിലാണു മറ്റം തെക്ക് നെൽപുരയിൽ പത്തിയൂർ പഞ്ചായത്ത് എച്ച്എസിലെ റിട്ട.അധ്യാപകൻ രാജൻ ചാക്കോയുടെ ഭാര്യ മോളി തന്റെ 45–ാം വയസ്സിൽ ഗാനം ആലപിച്ചത്. മകൻ റൂബിന്റ സുഹൃത്തായ ജേക്കബ് രാജൻ ടേപ് റിക്കോർഡർ ലൗഡ് സ്പീക്കറിനു സമീപം വച്ചു കസെറ്റിൽ ആ ഗാനം റിക്കാർഡ് ചെയ്തു.
അന്നു ബെംഗളൂരുവിൽ ഡിപ്ലോമ വിദ്യാർഥിയായിരുന്ന റൂബിൻ നാട്ടിൽ വരുമ്പോൾ കേൾക്കാനായാണ് റിക്കാർഡ് ചെയ്തത്. പായിപ്പാട് ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിലെ ഗായകസംഘത്തിൽ അംഗമായിരുന്ന മോളി 2004 ഡിസംബർ 13നു വിടവാങ്ങി.
ആധുനിക ശബ്ദ സംയോജന സാങ്കേതിക വിദ്യകൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ കസെറ്റിൽ രേഖപ്പെടുത്തിയ ഗാനം നഷ്ടപ്പെടാതെ സൂക്ഷിച്ചു, മോളിയുടെ മക്കളായ റൂബിനും ബിബിനും കൊച്ചുമക്കളും.
അടുത്ത കാലത്ത് കാലത്തിന്റെ മങ്ങലുകൾക്കപ്പുറത്തേക്ക് ഈ ഗാനം എത്തിക്കണമെന്ന ആഗ്രഹത്തിൽ അതു പുനരാവിഷ്കരിക്കാൻ തീരുമാനിച്ചു. സംഗീതജ്ഞൻ ജിജു പോൾ (അബുദാബി) പശ്ചാത്തല സംഗീതം നിർവഹിച്ച്, വിഷ്വൽസ് ഉൾപ്പെടുത്തി സ്നേഹരാഗം എന്ന പേരിൽ വിഡിയോ ആൽബമാക്കി.
മോളിയുടെ അന്നത്തെ ഗാനം അതേപോലെ ആൽബത്തിൽ ഉപയോഗിച്ചു. മോളി വിടവാങ്ങിയ ഡിസംബർ രാവിൽ സ്നേഹനൊമ്പരത്തോടെ ഗാനം വീണ്ടും മുഴങ്ങുകയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

