മാന്നാർ ∙ മഴക്കാലത്തോടൊപ്പം കുടംപുളി (തോട്ടുപുളി) സീസണും അപ്പർകുട്ടനാട്ടിൽ തുടങ്ങി. കുടംപുളി മരം അപ്പർകുട്ടനാട്ടിലെ പാടശേഖരത്തോടു ചേർന്ന സ്ഥലങ്ങളിലാണ് വ്യാപകമായി വളർന്നു കായ്ച്ചു നിൽക്കുന്നത്. മുൻവർഷത്തെക്കാൾ ഈ വർഷം വിളവ് കുറവാണ്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കാരണമെന്ന് കർഷകർ.
വിളഞ്ഞ് പഴുത്ത് പൊഴിഞ്ഞു വീഴുന്ന പുളി ഈ മഴക്കാലത്ത് ഉണക്കിയെടുക്കുന്നതാണ് ഏറെ ശ്രമകരം. മുറിച്ച പുളിയുടെ അരിയെടുത്ത ശേഷം പ്രത്യേകം തയാറാക്കിയ ചേരുകളിൽ (തട്ടുകൾ) നിരത്തും.
താഴ്വശത്തായി തൊണ്ട്, ചിരട്ട, പച്ചില എന്നിവയിട്ട് തീ കൊളുത്തി പുകച്ചാണ് ഉണക്കുന്നത്.
മഴയും പുറത്തെ തണുപ്പും കാരണം പുളി ഉണങ്ങി കറുത്ത നിറത്തിലേക്കു വരാൻ ദിവസങ്ങളെടുക്കും. പുകയുടെയും ചൂടിന്റെയും തീവ്രതയനുസരിച്ചാകും ഉണക്ക് വേഗത്തിലാകുന്നത്.
കടകളിൽ 300 രൂപയ്ക്കാണ് വിൽപന. വീടുകളിൽ നിന്നും 220 രൂപ മുതൽ ലഭിക്കും. കർണാടകയിലെ കുടക് പോലെയുള്ള സ്ഥലങ്ങളിൽ നിന്നും നിലവാരമില്ലാത്ത പുളി എത്തുന്നത് ഇവിടത്തെ കർഷകർക്ക് വലിയ വെല്ലുവിളിയാണെന്ന് വർഷങ്ങളായി പുളി വിൽപനക്കാരനായ ബുധനൂർ പാട്ടിളതറയിൽ രാധാകൃഷ്ണൻ പറഞ്ഞു.
ആയൂർവേദ മരുന്ന് ഉണ്ടാക്കുന്നതിനും കുടംപുളി ഉപയോഗിക്കുന്നു.
മരുന്നു കമ്പനിയുടെ ആൾക്കാർ ഇവിടെ എത്തിയും പുളി മൊത്തത്തിൽ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. രുചിയുള്ള മീൻകറി ഉണ്ടാക്കണമെങ്കിലും നിലവാരമുള്ള പുളി തന്നെ വേണം എന്ന തിരിച്ചറിവു കാരണം കുടുംപുളിക്കു നല്ല വില നൽകി വാങ്ങാൻ ആളുകൾ തയാറാണ്.
അവധിക്കു നാട്ടിലെത്തുന്ന വിദേശ മലയാളികളും മടക്കയാത്രയിൽ ഒരു പൊതി കുടംപുളി കൂടി കൊണ്ടു പോകുന്നതും മലയാളിയുടെ ഒഴിച്ചു കൂടാൻ വയ്യാത്ത കാര്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]