
അവഗണനയുടെ പാരമ്യത്തിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ; യാത്രാക്ലേശം രൂക്ഷം
ആലപ്പുഴ ∙ അവഗണനയുടെ പാരമ്യത്തിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടും യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ദുരിതം പേറിയാണ് അമ്പലപ്പുഴയിൽ നിന്നും തെക്കോട്ടും വടക്കോട്ടും രാവിലെയും വൈകിട്ടും പ്രദേശവാസികളടക്കം നിരവധിപ്പേർ ദിവസവും യാത്ര ചെയ്യുന്നതെന്നും ട്രെയിൻ യാത്രികരുടെ കൂട്ടായ്മയായ ‘ഫ്രണ്ട്സ് ഓൺ റെയിൽസ്’ ആരോപിച്ചു.
അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആയിരങ്ങളാണ് ദൈനംദിന യാത്ര നടത്തുന്നത്. എന്നാൽ ഇവർക്ക് വേണ്ട
സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രാദേശിക നേതൃത്വമോ, രാഷ്ട്രീയ, സാമൂഹിക സംഘടനകളോ, ജനപ്രതിനിധികളോ തയാറാകുന്നില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിച്ചു. സ്റ്റേഷനിലെ ശുദ്ധജല വിതരണം നിലച്ചിട്ട് ഒരു വർഷത്തിലധികമായി.
അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്റ്റേഷനുകളിൽ എസ്കലേറ്റർ / ലിഫ്റ്റ് സംവിധാനങ്ങൾ ഒരുങ്ങുമ്പോൾ അമ്പലപ്പുഴയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. തീരദേശപാത വഴി കടന്നുപോകുന്ന 57 ട്രെയിനുകൾ ആലപ്പുഴയിൽ നിർത്തുമ്പോൾ അമ്പലപ്പുഴയിൽ ആകെ 25 ട്രെയിനുകൾക്കാണ് സ്റ്റോപ്പ്.
കോവിഡിന് മുൻപ് ചെന്നൈ എഗ്മോർ – ഗുരുവായൂർ, ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനുകൾക്ക് അമ്പലപ്പുഴയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. പുലർച്ചെ 6ന് അമ്പലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ഏറനാട് ആണ് എറണാകുളം ഭാഗത്തേക്ക് ജോലിക്കുപോകുന്ന യാത്രക്കാർ ആശ്രയിക്കുന്നത്.
രാവിലെ 7.25നുള്ള ആലപ്പുഴ–എറണാകുളം മെവുവിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 10ന് മുൻപായി എറണാകുളത്ത് എത്തിച്ചേരുന്ന മറ്റു ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതാണ് യാത്രാക്ലേശം രൂക്ഷമാക്കുന്നത്.
ദേശീയപാതയുടെ ജോലികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ട്രെയിൻ യാത്രികരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്ന മൺസൂൺ സമയക്രമം പ്രകാരം തിരുവനന്തപുരം നോർത്തിൽ നിന്നും പുലർച്ചെ 04.45ന് സമ്പർക്ക ക്രാന്തി (12217), തിങ്കൾ, ശനി ദിവസങ്ങളിൽ അമൃത്സർ (12483) ബുധനാഴ്ച യോഗ് നാഗരിക് ഹൃഷികേശ് (22659) തീരദേശ പാതവഴി എറണാകുളം ഭാഗത്തേക്ക് സർവീസ് നടത്തുന്നുണ്ട്.
രാവിലെ 09.35ന് എറണാകുളം സൗത്തിലെത്തുന്ന ഈ സർവീസുകൾക്ക് തീരദേശപാതയിൽ ഓടിയെത്താൻ ഇരട്ടിയിലേറെ സമയമാണ് നൽകിയിരിക്കുന്നത്. മൺസൂൺ കാലയളവിൽ ഈ ട്രെയിനുകൾക്ക് അമ്പലപ്പുഴ സ്റ്റേഷനിൽ ഒരു മിനിറ്റ് സ്റ്റോപ് അനുവധിച്ചാൽ തീരദേശപാതയിലെ ദുരിതങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസമാകും.
ഇതിലൂടെ ആലപ്പുഴ–എറണാകുളം മെമുവിന്റെ തിരക്ക് കുറയ്ക്കാനുമാകും. കെ.സി.വേണുഗോപാൽ എംപിയുടെ ഇടപെടലിലൂടെ രാവിലെ ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്കുള്ള മെമുവിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്.
ആലപ്പുഴ–എറണാകുളം മെമു 16 കാർ ആക്കുന്നതോടൊപ്പം ലഭ്യമാകുന്ന അധിക റേക്കുകൾ ഉപയോഗപ്പെടുത്തി രാവിലെ കായംകുളം-ആലപ്പുഴ സർവീസ് പരിഗണിച്ചാൽ തീരദേശപാതയിലെ എല്ലാ സ്റ്റേഷനിലെയും യാത്രക്കാർക്ക് ഗുണം ലഭിക്കും. അതുപോലെ ജനശതാബ്ദി എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്.
പുതിയ ട്രെയിനുകൾ അനുവധിക്കുന്നതിനുള്ള കാലതാമസവും സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്നതുവരെ മൺസൂൺ സമയക്രമത്തിൽ രാവിലെ സർവീസ് നടത്തുന്ന 12217, 12483, 22659 വീക്കിലി /ബൈവീക്കിലി ട്രെയിനുകൾക്ക് താൽകാലിക സ്റ്റോപ്പെങ്കിലും പരിഗണിക്കുന്നതിന് ഡിവിഷൻ അധികൃതർ തയാറാകണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]