സംസ്ഥാനത്ത് ദേശീയപാത 66 വികസനം പൂർത്തിയാകുമ്പോൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ ആകെ 13 ടോൾ ബൂത്തുകൾ പ്രവർത്തനക്ഷമമാകും. ഇതിൽ 5 എണ്ണം നിലവിൽ പ്രവർത്തിച്ചുവരുന്നവയാണെങ്കിൽ, ബാക്കി 8 എണ്ണം നിർമാണഘട്ടത്തിലാണ്.
പുതിയ പദ്ധതി പ്രകാരം കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് വീതവും കാസർകോട്, മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഒരോ ടോൾ ബൂത്തുമാണ് വരുന്നത്. ദേശീയപാതയിൽ പൊതുവേ ശരാശരി 60 കിലോമീറ്റർ ഇടവിട്ടായിരിക്കും ടോൾ ബൂത്തുകൾ സ്ഥാപിക്കുക.
എങ്കിലും, പാതയുടെ നിർമാണരീതിയും വിവിധ റീച്ചുകളുടെ ഘടനയും അടിസ്ഥാനമാക്കി ഇതിൽ വ്യത്യാസങ്ങൾ വരാവുന്നതാണ്. ആലപ്പുഴയിലെ തുറവൂർ–അരൂർ 12 കിലോമീറ്റർ ആറുവരി ഉയരപ്പാതയ്ക്ക് പ്രത്യേക ടോൾ നൽകേണ്ടി വരും.
ഈ പാതയിൽ റോഡിനു മുകളിൽ ഘടിപ്പിക്കുന്ന ക്യാമറകൾ വഴി ടോൾ ഈടാക്കുന്ന എംഎൽഎഫ്എഫ് (മൾട്ടി ലെയിൻ ഫ്രീ ഫ്ലോ) സംവിധാനമാണ് കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്നത്. വാഹനങ്ങൾ നിർത്തിടേണ്ടി വരുന്ന സമയം പൂർണ്ണമായി ലാഭിക്കാൻ സാധിക്കുമെന്നതിനാൽ, ഈ നവീന സംവിധാനം ഭാവിയിൽ മറ്റ് പാതകളിലേക്കും വ്യാപിപ്പിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്.
കേരളത്തിലെ ടോൾ നിരക്കുകളിൽ ഏറ്റവും ഉയർന്ന തുക ഈടാക്കുന്നത് അരൂർ–തുറവൂർ ഉയരപ്പാതയിലായിരിക്കും. ഓരോ റീച്ചിലെയും നിർമാണച്ചെലവും സങ്കീർണ്ണതയും വിലയിരുത്തിയാണ് ടോൾ നിരക്കുകൾ നിശ്ചയിക്കുന്നത്.
സാധാരണ റോഡുകളെ അപേക്ഷിച്ച് ഉയരപ്പാതകൾ (എലിവേറ്റഡ് ഹൈവേ), വയഡക്ടുകൾ, തുരങ്കങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭാഗങ്ങളിൽ ടോൾ നിരക്ക് ഗണ്യമായി വർദ്ധിക്കും. സാധാരണ റോഡിനുള്ള കിലോമീറ്റർ നിരക്കിന്റെ പത്തിരട്ടിയാണ് ഇത്തരം പ്രത്യേക ഘടനകൾക്ക് ഈടാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

