
ആലപ്പുഴ ∙ വിവാഹക്കാര്യത്തിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഇടപെടലാണ് വിഎസും കെ.ആർ.ഗൗരിയമ്മയും തമ്മിൽ പാർട്ടി ബന്ധത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ തിളക്കം വെളിവാക്കുന്നത്. ഗൗരിയമ്മയും ടി.വി.തോമസും തമ്മിലുള്ള വിവാഹത്തിൽ വിഎസിന്റെയും ഇടപെടലുണ്ടായിരുന്നു.
വിഎസിനെക്കൊണ്ടു വസുമതിയെ വിവാഹം ചെയ്യിച്ചതു താനാണെന്നു ഗൗരിയമ്മയും പറഞ്ഞിട്ടുണ്ട്.കമ്യൂണിസ്റ്റ് പാർട്ടി പുനഃസംഘടനയുടെ ഭാഗമായി ജില്ലാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്കു വിഎസും ടി.വി.തോമസും തമ്മിൽ മത്സരിച്ചപ്പോൾ ഗൗരിയമ്മ വോട്ട് ചെയ്തതു വിഎസിന്. അദ്ദേഹം ജയിക്കുകയും ചെയ്തു.
ഗൗരിയമ്മയ്ക്കു 100 വയസ്സായ ദിവസം വിഎസ് എഴുതിയതാണ് ഈ പഴയ അനുഭവങ്ങൾ.
ആലപ്പുഴയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകരെന്ന നിലയിലും മുൻനിര നേതാക്കളായപ്പോഴും വിഎസും ഗൗരിയമ്മയും തമ്മിൽ വലിയ സൗഹൃദമുണ്ടായിരുന്നു. പരസ്പരം കുടുംബസുഹൃത്തുക്കളുമായിരുന്നു അവർ.
ഗൗരിയമ്മ പാർട്ടി വിട്ടതു വർഷങ്ങൾ കഴിഞ്ഞും വിഎസിന്റെ ദുഃഖമായിരുന്നു. ഗൗരിയമ്മയുടെ നൂറാം പിറന്നാൾ സമയത്ത് അദ്ദേഹം എഴുതി: ഗൗരിയമ്മയ്ക്കു സിപിഎമ്മിനോടുള്ള വിരോധം കുറഞ്ഞുവരുന്നു.
ഞാൻ അതിൽ ഏറെ സന്തുഷ്ടനാണ്.
അവർ ഇനി ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്നു ഞാൻ ആശിക്കുന്നു.പിന്നീടു ഗൗരിയമ്മ സിപിഎം നേതൃത്വവുമായി ഇടഞ്ഞപ്പോൾ അവർക്കു വേണ്ടി സംസ്ഥാന കമ്മിറ്റിയിൽ വാദിച്ചവരിൽ പ്രധാനി വിഎസായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തലായിരുന്നു ഗൗരിയമ്മയ്ക്കെതിരായ ആദ്യ നടപടി.അതു ഗൗരിയമ്മ അംഗീകരിക്കില്ലെന്നു വിഎസിന് അറിയാമായിരുന്നു.
അതുകൊണ്ടു തന്നെ കടുത്ത തീരുമാനത്തിൽനിന്നു ഗൗരിയമ്മയെ തടയാൻ വിഎസ് ഇറങ്ങി. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വിഎസ് പോയത് ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വീട്ടിലേക്കാണ്.
ആദ്യം വിഎസിനെ കാണാൻ പോലും ഗൗരിയമ്മ തയാറായില്ല. കുറേക്കഴിഞ്ഞാണു സംസാരിക്കാൻ തയാറായത്.
പാർട്ടി തീരുമാനം അംഗീകരിക്കണം, ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കണം.
മറ്റൊന്നും ചിന്തിക്കരുത് – അതായിരുന്നു വിഎസിന്റെ നിർദേശം. ‘അച്യുതാനന്ദന് അച്യുതാനന്ദന്റെ വഴി, എനിക്ക് എന്റെ വഴി’ എന്നു ഗൗരിയമ്മയുടെ മറുപടി.
‘ഞാനൊന്നു കുളിക്കട്ടെ’ എന്നു കൂടി പറഞ്ഞു ഗൗരിയമ്മ സംഭാഷണം അവസാനിപ്പിച്ചു.
തിരുത്താനാവാത്ത വിധം കടുത്തതാണു തീരുമാനമെന്നു മനസ്സിലാക്കി വിഎസ് മടങ്ങി.അന്നത്തെ ദൗത്യത്തിനുണ്ടായ ഒരു തടസ്സത്തെപ്പറ്റി പിന്നീടു വിഎസ് പറഞ്ഞിരുന്നു. ചാത്തനാട്ടെ വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ മൈക്ക് വച്ചു പുലഭ്യം പറഞ്ഞെന്ന ഗൗരിയമ്മയുടെ പരാതിയായിരുന്നു അത്.പക്ഷേ, വിഎസ് ശ്രമം അവസാനിപ്പിച്ചില്ല.
പിന്നീടു ഭാര്യ വസുമതിയെ ഗൗരിയമ്മയുടെ വീട്ടിലേക്ക് അയച്ചു. ഗൗരിയമ്മ വസുമതിയോടു വിശേഷങ്ങൾ തിരക്കി, ഓർമകൾ പുതുക്കി.
രാഷ്ട്രീയം പറയാതെ യാത്രയാക്കി. പണ്ടൊരിക്കൽ ‘മടങ്ങിവരൂ സഹോദരീ’ എന്നു ഗൗരിയമ്മയെ പാർട്ടിയിലേക്കു വിഎസ് ക്ഷണിച്ചപ്പോൾ അദ്ദേഹം പാർട്ടിയിൽനിന്ന് ഏറെ വിമർശനങ്ങൾ നേരിട്ടു.
സിപിഎമ്മും ഗൗരിയമ്മയും തമ്മിൽ വലിയ വാദപ്രതിവാദം നടക്കുമ്പോഴാണത്.
പക്ഷേ, വർഷങ്ങൾക്കു ശേഷം അതേ പാർട്ടി തന്നെ ഗൗരിയമ്മയെ ക്ഷണിച്ചപ്പോൾ വിഎസ് അതിനു സാക്ഷിയായി.ചാത്തനാട്ടെ വീട്ടിൽ ഗൗരിയമ്മയെ കാണാൻ പിന്നെയും വിഎസ് പോയിട്ടുണ്ട്. 2019ൽ ആണ്് അവസാനം എത്തിയത്.
അന്നു പക്ഷേ, വിഎസിനു രാഷ്ട്രീയ ദൗത്യമില്ലായിരുന്നു. ഇരുവരും കുറേനേരം മിണ്ടിയില്ല.
വിഎസ് സംസാരിക്കൂ എന്നു പറഞ്ഞു ഗൗരിയമ്മയാണു മൗനം മുറിച്ചത്.അന്നും സൗഹൃദ സംഭാഷണത്തിനപ്പുറത്തേക്ക് ഒന്നുമുണ്ടായില്ല.
സൗഹൃദമുണ്ടെങ്കിലും വിഎസിനെ വിമർശിക്കാൻ ഗൗരിയമ്മ മടിച്ചിട്ടില്ല. പുന്നപ്ര – വയലാർ സമരസേനാനിയെന്നു വിഎസിനെ വിളിക്കുന്നതിനെ അവർ എതിർത്തിരുന്നു.
വിഎസ് സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നായിരുന്നു ഗൗരിയമ്മയുടെ പക്ഷം. സമരം നടക്കുമ്പോൾ അദ്ദേഹം ജയിൽശിക്ഷ കഴിഞ്ഞു കോട്ടയത്തേക്കു പ്രവർത്തനം മാറ്റിയിരുന്നെന്നും പറഞ്ഞിട്ടുണ്ട്.2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്തുനിന്നു തോറ്റപ്പോൾ ഗൗരിയമ്മ വിഎസിനെ വിമർശിച്ചിട്ടുണ്ട്.
തോൽപിച്ചത് വിഎസും വെള്ളാപ്പള്ളി നടേശനും കോൺഗ്രസിലെ ഒരു വിഭാഗവും ചേർന്നാണെന്ന് അന്നു ഗൗരിയമ്മ പറഞ്ഞു.പിന്നീടു ഗൗരിയമ്മയുടെ ജെഎസ്എസ് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരാൻ ആലോചിച്ചപ്പോൾ വിഎസ് സന്തോഷം പ്രകടിപ്പിച്ചിട്ടുമുണ്ട്. സിപിഎമ്മിൽ വിഎസ് തിരിച്ചടി നേരിട്ടപ്പോൾ തന്റെ പഴയ അനുഭവം ഓർമിപ്പിച്ചു ഗൗരിയമ്മ വിഎസിനു വേണ്ടി പ്രതികരിച്ചിട്ടുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]