പ്രസിദ്ധമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം ഒക്ടോബർ 30, 31, നവംബർ 1, 2 തീയതികളിൽ വിപുലമായ ചടങ്ങുകളോടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒക്ടോബർ 30ന് തിരുവാതിര നാളിലാണ് ഉത്സവത്തിന് കൊടിയേറുന്നത്.
ഉത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 30ന് രാവിലെ 6 മണിക്ക് വിശേഷാൽ രുദ്രാഭിഷേകവും, തുടർന്ന് സർപ്പം പാട്ടുതറയിൽ രുദ്ര ഏകാദശിനീ കലശാഭിഷേകവും നടക്കും. അന്നേദിവസം വൈകിട്ട് 6.30ന് സർപ്പം പാട്ടുതറയിൽ കളമെഴുത്തും പുള്ളുവൻ പാട്ടും അരങ്ങേറും.
തുടർന്ന് ഒക്ടോബർ 31ന് രാവിലെ 7 മണിക്ക് മുഴുക്കാപ്പ് ചാർത്തൽ ചടങ്ങുകൾ നടക്കും. വൈകിട്ട് 3.30ന് നാഗരാജ പുരസ്കാര സമർപ്പണ സമ്മേളനവും, തുടർന്ന് വൈകിട്ട് 5 മണിക്ക് ദീപക്കാഴ്ചയും ഉണ്ടായിരിക്കും.
നവംബർ 1ന് രാവിലെ 9.30ന് നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ ഉച്ചപൂജ നടക്കും. പ്രധാന ദിവസമായ നവംബർ 2ന് ആയില്യ ഉത്സവത്തോടനുബന്ധിച്ച് പുലർച്ചെ 4 മണിക്ക് തന്നെ ക്ഷേത്രനട
തുറക്കും. രാവിലെ 8 മണിക്ക് ഇല്ലത്തെ നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്ക് ദർശനം നൽകും.
തുടർന്ന് രാവിലെ 9 മണിക്ക് കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള പ്രത്യേക പൂജകൾ ആരംഭിക്കും. ഉച്ചയ്ക്ക് കൃത്യം 1 മണിക്ക് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് നടക്കും.
ആയില്യം എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേർന്ന ശേഷം വലിയമ്മയുടെ മുഖ്യകാർമികത്വത്തിൽ ആയില്യം പൂജ നടക്കും. തുടർന്ന് നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറും പാലും എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.
തീവണ്ടി ഗതാഗതത്തിൽ പ്രത്യേക സൗകര്യം:
മണ്ണാറശാല ആയില്യ മഹോത്സവത്തോടനുബന്ധിച്ച് തിരക്ക് കണക്കിലെടുത്ത് ജാംനഗർ– തിരുനെൽവേലി എക്സ്പ്രസിന് (19578) ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നവംബർ 1, 2 തീയതികളിൽ ഒരു മിനിറ്റ് വീതം താൽക്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഈ രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 11.56ന് ആകും ട്രെയിൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

