ആലപ്പുഴ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നത് നഗരവാസികളെ കടുത്ത ദുരിതത്തിലാക്കുന്നു. പാലം നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം വഴിതിരിച്ചുവിട്ട
തെക്കേക്കര, വടക്കേക്കര മേഖലകളിലെ റോഡുകൾ ഇപ്പോൾ കല്ലും ചെളിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിടുക്കത്തിൽ തുറന്നുകൊടുത്ത തെക്കേക്കരയിലെ സർവീസ് റോഡുകളിൽ നിലവിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല.
കിഫ്ബി ഉദ്യോഗസ്ഥരും കരാർ കമ്പനിയും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ആക്ഷേപമുണ്ട്. എസ്ഡിവി സ്കൂൾ മുതൽ മുനിസിപ്പൽ ലൈബ്രറി വരെയുള്ള ഭാഗത്ത് റോഡിൽ ടൈലുകളും വലിയ കല്ലുകളും ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ നിരന്തരം അപകടങ്ങളിൽപ്പെടുകയാണ്.
മുൻ നഗരസഭാ ഭരണസമിതി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും, പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയ ശേഷവും കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മുല്ലയ്ക്കൽ മുതൽ അലുക്കാസ് വരെയും, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് വരെയുമുള്ള റോഡുകളുടെ അവസ്ഥയും സമാനമാണ്.
വ്യാപാരികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ശക്തമായ സമ്മർദ്ദത്തിന് ശേഷമാണ് മൂന്നു മീറ്റർ വീതിയിൽ ഇവിടെ സർവീസ് റോഡ് അനുവദിച്ചത്. എന്നാൽ, ഇപ്പോൾ കുഴികളും കല്ലും കമ്പികളും നിറഞ്ഞ റോഡിൽ മഴ കൂടി പെയ്തതോടെ ചെളി നിറഞ്ഞ് നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
കൂടാതെ, സർവീസ് റോഡിനടിയിലൂടെയുള്ള കുടിവെള്ള പൈപ്പ് ലൈൻ ഭാരവാഹനങ്ങളുടെ സമ്മർദ്ദം മൂലം ഇടയ്ക്കിടെ പൊട്ടുന്നത് പതിവായിരിക്കുകയാണ്. പൈപ്പ് ലൈൻ വഴിയിലെ തകരാറുകൾ പരിഹരിക്കാൻ ശാശ്വത സംവിധാനം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
ജില്ലാക്കോടതി പാലത്തിന്റെ നിർമ്മാണം നിലവിൽ മന്ദഗതിയിലാണ്. മാർച്ച് മുതൽ വേഗത കുറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ മാസം മുതൽ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
കരാർ കമ്പനിയിലെ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിലേക്ക് മടങ്ങിയത് ജോലികളെ സാരമായി ബാധിച്ചു. ഇതിനു പുറമെ, ഭരണപരമായ മാറ്റങ്ങളും കിഫ്ബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഉദാസീനതയും പദ്ധതിയുടെ പൂർത്തീകരണം വൈകിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

