ആലപ്പുഴ ∙ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം ലഭിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ആലപ്പുഴ ഡിഡിഇ ഓഫിസിലെ ഒരു ക്ലാർക്കിന്റെ അക്കൗണ്ടിലേക്ക് 1.4 ലക്ഷം രൂപയും കുട്ടനാട് ഡിഇഒ ഓഫിസിലെ ക്ലാർക്കിന്റെ അക്കൗണ്ടിലേക്ക് 77,500 രൂപയും യുപിഐ ഇടപാട് വഴി കൈമാറിയതായി കഴിഞ്ഞ ദിവസം ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പേരിൽ ജില്ലയിലെ ഡിഡിഇ, ഡിഇഒ ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വിവിധ എയ്ഡഡ് സ്കൂളുകളിലെ ക്ലാർക്കുമാരുടെ അക്കൗണ്ടുകളിൽ നിന്നാണു ഡിഡിഇ, ഡിഇഒ ഓഫിസുകളിലെ ക്ലാർക്കുമാരുടെ അക്കൗണ്ടുകളിലേക്കു പണമെത്തിയത്. ഈ സ്കൂളിലെ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കുന്നതിനു വേണ്ടിയാണ് ഈ പണം കൈമാറിയതെന്നാണു വിജിലൻസ് കണ്ടെത്തിയത്.
പണം അക്കൗണ്ടിലെത്തി തൊട്ടടുത്ത ദിവസം ഈ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിച്ചതായും വിജിലൻസ് പരിശോധനയിൽ വ്യക്തമായി.
യുപിഐ ഇടപാടിലൂടെയുള്ള പണം കൈമാറ്റം മാത്രമാണു പരിശോധിച്ചതെന്നും ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടുത്ത ദിവസം പരിശോധിക്കുമെന്നും വിജിലൻസ് വ്യക്തമാക്കി. എയ്ഡഡ് സ്കൂളുകളിൽ മാനേജർമാരാണു നിയമനം നടത്തുന്നതെങ്കിലും ഇതിനു വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകിയാൽ മാത്രമേ സർക്കാർ ശമ്പളം ലഭിക്കുകയുള്ളൂ. ജോലിയിൽ പ്രവേശിച്ചു വർഷങ്ങൾക്കു ശേഷമാണു പലപ്പോഴും നിയമനത്തിന് അംഗീകാരം ലഭിക്കുക.
ഇത്തരം കേസുകളിലാണു ഫയൽ നീക്കത്തിനു കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരിക്കുന്നത്. പല ഫയലുകളും അകാരണമായി വൈകിപ്പിക്കുന്നതായും കണ്ടെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

