പൂച്ചാക്കൽ: പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് കരുതിയ പെരുമ്പളം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിക്കുന്നതായി ആക്ഷേപം. മാർച്ച് 7-ന് ഉദ്ഘാടനം നടത്തിയെങ്കിലും പാലത്തിന്റെ ടാറിങ് ഉൾപ്പെടെയുള്ള നിർമാണ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പ്രവൃത്തികൾ വേഗത്തിലാക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, രണ്ട് മാസം പിന്നിട്ടിട്ടും പ്രവൃത്തികൾ ഭാഗികമായി മാത്രമാണ് നടന്നത്.
പാലത്തിലും അപ്രോച്ച് റോഡിലും രണ്ടാം ഘട്ട ടാറിങ് പ്രവൃത്തികൾ നിലവിൽ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
പാലത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി കെൽട്രോണിന് കരാർ നൽകിയതായി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രായോഗികമായ തുടർനടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിനിടെ, പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടങ്ങളും വർധിച്ചതായി പരാതിയുണ്ട്.
ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലത്തിലും കായലിലും തള്ളുന്നത് പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സന്ദർശകരുടെ എണ്ണം കുറവാണെങ്കിലും അവധി ദിവസങ്ങളിൽ പാലത്തിൽ എത്തുന്നവരുടെ തിരക്ക് വർധിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യാത്രാ സൗകര്യങ്ങളുടെ കാര്യത്തിലും സമാനമായ പ്രതിസന്ധിയാണുള്ളത്.
പെരുമ്പളത്തുനിന്ന് എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് പ്രഖ്യാപിക്കുകയും പാലം ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തെങ്കിലും, പിന്നീട് സർവീസുകൾ നടന്നില്ല. ടാറിങ് പൂർത്തിയാക്കിയ ശേഷം മാത്രമേ ബസ് സർവീസ് ആരംഭിക്കൂ എന്നാണ് ഔദ്യോഗിക വിശദീകരണം.
അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണ പ്രവൃത്തികൾ തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വ്യക്തമാക്കുന്നു. പാലത്തിൽ റോഡ് നിർമാണ യന്ത്രങ്ങളും മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ വാഹനയാത്രികർക്കും മറ്റും അപകട
ഭീഷണിയാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

