മുഹമ്മ∙ തുടർച്ചയായ ആറാം വർഷവും കായിക കിരീടം ചൂടി ആലപ്പുഴ ഉപജില്ല. 41 സ്വർണവും 35 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ 349 പോയിന്റ് നേടിയാണു ജില്ലാ കായികമേളയുടെ കിരീടത്തിൽ ആലപ്പുഴ ഉപജില്ല മുത്തമിട്ടത്.
323 പോയിന്റുമായി ചേർത്തലയാണു രണ്ടാം സ്ഥാനത്ത്. 38 സ്വർണവും 32 വെള്ളിയും 23 വെങ്കലവും ചേർത്തല സ്വന്തമാക്കി.
രണ്ടു സ്വർണമുൾപ്പെടെ മാവേലിക്കര 57 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ആദ്യദിനം മുതൽ തന്നെ ആലപ്പുഴയുടെ മുന്നേറ്റമായിരുന്നു.
മറ്റു ഉപജില്ലകൾക്കൊന്നും പിടിനൽകാതെ ബഹുദൂരം മുന്നിലായിരുന്നു ആലപ്പുഴ.
ചേർത്തല രണ്ടാമതും. മറ്റ് ഉപജില്ലകൾ ഏറെ പിന്നിലായി.
ആലപ്പുഴ, ചേർത്തല ഉപജില്ലകൾ മാത്രമാണു പോയിന്റുനിലയിൽ മൂന്നക്കം കടന്നത്. ആകെയുള്ള 11 ഉപജില്ലകളിൽ അഞ്ചെണ്ണം രണ്ടക്കം കടന്നില്ല.
കുട്ടനാട് മേഖലയിലെ ഉപജില്ലകളുടെ പ്രകടനം തീർത്തും മോശമായി.
സ്കൂളുകളിൽ കലവൂർ
ജില്ലാ കായികമേളയിൽ സ്കൂളുകളിൽ 102 പോയിന്റ് നേടി കലവൂർ ഗവ. എച്ച്എസ്എസ് ഒന്നാമതെത്തി.
13 സ്വർണവും 10 വെള്ളിയും ഏഴ് വെങ്കലവും നേടിയാണു കലവൂർ സ്കൂൾ തുടർച്ചയായ രണ്ടാം വർഷവും മികച്ച സ്കൂളായത്. മൂന്നാം ദിവസം വരെ മുന്നിലുണ്ടായിരുന്ന ആലപ്പുഴ എസ്ഡിവിബിഎച്ച്എസ്എസ് വെല്ലുവിളി ഉയർത്തിയിരുന്നു.
93 പോയിന്റുകൾ നേടി ആലപ്പുഴ എസ്ഡിവി രണ്ടാം സ്ഥാനം സ്വന്തമാക്കി.
11 സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവുമാണു സമ്പാദ്യം.
11 സ്വർണം, ആറു വെള്ളി, ആറു വെങ്കലം എന്നിവയുമായി 79 പോയിന്റ് നേടി ലിയോ തേർട്ടീൻത് സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്.
10 സ്വർണവും എട്ടു വെള്ളിയും രണ്ടു വെങ്കലവുമായി 76 പോയിന്റ് നേടി ചാരമംഗലം ഗവ. ഡിവിഎച്ച്എസ് നാലാം സ്ഥാനത്താണ്.
എട്ട് സ്വർണം, എട്ടു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ 67 പോയിന്റ് നേടി ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് അഞ്ചാമതെത്തി.
ചീഫ് മിനിസ്റ്റേഴ്സ് കപ്പിന് സ്വീകരണം ഇന്ന്
ആലപ്പുഴ∙ 21 മുതൽ 28 വരെ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഘോഷയാത്രയ്ക്ക് ഇന്നു രാവിലെ 11.30നു ചെങ്ങന്നൂർ എസ്എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ വച്ചു സ്വീകരണം നൽകുമെന്നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത അറിയിച്ചു.
കൂട്ടുകാർ പരിശീലകരായി, ശ്രീഹരിക്ക് നേട്ടം
മുഹമ്മ∙ കൂട്ടുകാർ പരിശീലകരായപ്പോൾ ജാവലിൻ ത്രോയിൽ മുഹമ്മ എബിവി എച്ച്എസ്എസിലെ പ്ലസ് വൺ ആർ.ശ്രീഹരിക്കു സ്വർണത്തിളക്കം. ജാവലിൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു പോലും അറിയാത്ത ശ്രീഹരിയെ കൂട്ടുകാരാണു ജാവലിൻ എറിയാൻ പഠിപ്പിച്ചത്.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 38.02 മീറ്റർ എറിഞ്ഞാണു ശ്രീഹരി ഒന്നാമനായത്. തണ്ണീർമുക്കം ഗവ.
എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥികളായ എസ്.ശ്രീഹരിയും അഭിഷേകുമാണു ജാവലിൻ അധ്യാപകരായത്. മണ്ണഞ്ചേരി പൊന്നാട് പടിഞ്ഞാറേ തറയിൽ കെഎസ്ഇബി ജീവനക്കാരനായ റെജിമോന്റെയും കെഎസ്എഫ്ഇ ജീവനക്കാരിയായ കവിതയുടെയും മകനാണ്.
സംസ്ഥാന മേളയിൽ രണ്ടാം സ്ഥാനമായാലെന്താ സ്കൂളിനു ജംപിങ് ബെഡ് കിട്ടിയല്ലോ
ചേർത്തല∙ മണലിൽ ചാടി പഠിച്ച കെ.യു.അർജുൻ സംസ്ഥാന കായികമേളയിൽ ഹൈജംപിൽ സബ് ജൂനിയർ ആൺകുട്ടികളിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെ സ്കൂളിനു ലഭിച്ചതു പുതിയ ജംപിങ് ബെഡ്.
എഴുപുന്ന സെന്റ് റാഫേൽസ് എച്ച്എസ്എസിലാണു കനറാ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉൾപ്പെടെ 3 ലക്ഷത്തോളം രൂപ ചെലവാക്കി അർജുനായി ബെഡ് വാങ്ങിയത്. ബെഡ് ഇല്ലാത്തതിനാൽ സിസർ രീതിയിലാണു കഴിഞ്ഞ തവണ ചാടിയത്. ബെഡ് കിട്ടിയതോടെ ശാസ്ത്രീയമായ ഫോർബറി സ്റ്റൈൽ പഠിച്ചു.
ഇത്തവണ ജില്ലാ കായികമേളയിൽ ജൂനിയർ ബോയ്സ് ഹൈജംപിൽ ഒന്നാം സ്ഥാനവും നേടി. ഇതിലൂടെ ഒരടിയോളം കൂടുതൽ ഉയരത്തിൽ ചാടാനാകുമെന്നു സ്കൂളിലെ കായികാധ്യാപകൻ വി.ഷാജി പറഞ്ഞു. എഴുപുന്ന കാട്ടിൽതറയിൽ ബി.ഉദയന്റെയും ആശ കെ.മോളുടെയും മകനായ അർജുൻ കഴിഞ്ഞ തവണ 600 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു.
ആത്മവിശ്വാസത്തോടെ സംസ്ഥാനതലത്തിലേക്ക്
മുഹമ്മ∙ മണലിൽ കമ്പ് എറിഞ്ഞു പഠിച്ച തുടങ്ങിയ ഇമ്മാനുവൽ സ്റ്റാലിൻ രണ്ടാമതു സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് എത്തുമ്പോൾ സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണമാണു പ്രതീക്ഷ. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ ഇമ്മാനുവൽ കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ ഏഴാമതായിരുന്നു. ജാവലിൻ ത്രോയിൽ മെച്ചപ്പെട്ട
പ്രകടനം കാഴ്ചവച്ചതോടെ ജാവലിനിലേക്കു പരിശീലനം മാറ്റുകയായിരുന്നു. ഓമനപ്പുഴ പനക്കൽപുരയ്ക്കൽ പി.ജി.സ്റ്റാലിന്റെയും മേരിയുടെയും മകനാണ്.
കളമൊന്നു മാറ്റിയാലും ഒന്നാം സ്ഥാനം കൈയിൽതന്നെ
ആലപ്പുഴ∙ സംസ്ഥാനതല മത്സരങ്ങൾ സരയു ലക്ഷ്മിക്കു പുത്തരിയല്ല, കഴിഞ്ഞ നാലു വർഷമായി ലോങ്ജംപിൽ സംസ്ഥാനതലത്തിൽ, മത്സരിക്കുന്ന സരയു ഇത്തവണ കളമൊന്നു മാറ്റിച്ചവിട്ടി.
സീനിയർ വിഭാഗം പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ് മത്സരത്തിലായിരുന്നു പോരാട്ടം. ചരിത്രം തെറ്റിയില്ല, 10.23 മീറ്റർ റെക്കോർഡ് കുറിച്ച് സ്വർണം നേടി.
അഞ്ചാം തവണയും സംസ്ഥാനതല മത്സരത്തിനു മാറ്റുരയ്ക്കാൻ തയാറെടുക്കുകയാണ് കലവൂർ ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ ബി.സരയു ലക്ഷ്മി. ഹൈജംപിലും ഒന്നാം സ്ഥാനമാണ്.
പരിശീലനത്തിനിടയ്ക്ക് ഇടത്തെ കാലിലെ പേശിക്കു പരുക്കുണ്ടായിരുന്നു. പരുക്ക് പൂർണമായി മാറുന്നതിനു മുൻപാണ് സരയു മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയത്. 2023 ലെ അമച്വർ മീറ്റിൽ ഹൈ ജംപിൽ പങ്കെടുത്ത് ദേശീയതലത്തിൽ സരയു വെള്ളിമെഡലും സ്വന്തമാക്കിയിട്ടുണ്ട്. കലവൂർ പാറാമ്പിത്തറ വീട്ടിൽ ബബുലുവിന്റെയും രാജിമോളുടെയും മകളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]