ആലപ്പുഴ∙ ഇറിഡിയം ലോഹക്കച്ചവടത്തിൽ പണം മുടക്കിയാൽ ഇരട്ടിത്തുക നൽകാമെന്നു വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയിൽ നിന്നു പണം തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ തമിഴ്നാട് സ്വദേശിയുടെ നേതൃത്വത്തിലുള്ള വൻ സംഘമെന്നു പൊലീസ്. 10 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. ഹരിപ്പാട് വെട്ടുവേനി സ്വദേശിയിൽ നിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ 4 പ്രതികളുടെ മൊഴിയിൽ നിന്നാണ് പൊലീസിന് ഈ വിവരങ്ങൾ ലഭിച്ചത്.
പ്രതികളായ തിരുവനന്തപുരം സ്വദേശിനി സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകൾ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവർക്കു ആലപ്പുഴ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രതികൾ ഇന്നലെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മൊഴിയെടുത്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഹരിപ്പാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.
കേസിലെ മറ്റു രണ്ടു പ്രതികളായ മണ്ണാറശാല സ്വദേശി കപിൽ ദേവ്, കൊല്ലം സ്വദേശി സിനു ധർമരാജൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലാണ്. ഹരിപ്പാട് സ്വദേശിയിൽ നിന്നു പല തവണയായി 75.6 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. കോടികൾ വിലയുള്ള ഇറിഡിയം കയ്യിലുണ്ടെന്നും വിൽപനയ്ക്കുള്ള സൗകര്യമൊരുക്കിയാൽ മുടക്കിയ പണത്തിന്റെ ഇരട്ടി നൽകാമെന്നും വാഗ്ദാനം ചെയ്താണു 2024 ഓഗസ്റ്റ് മുതൽ പല തവണയായി പരാതിക്കാരന്റെ കയ്യിൽ നിന്നു പണം വാങ്ങിയത്.
10 കോടി രൂപ നൽകിയാൽ ഇറിഡിയം നൽകാമെന്നു പറഞ്ഞ് തമിഴ്നാട് സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ സമീപിച്ചതെന്നു പ്രതികൾ പൊലീസിനു മൊഴി നൽകി.
ഇവർക്കു നൽകാനാണു ഹരിപ്പാട് സ്വദേശിയിൽ നിന്നു പണം വാങ്ങിയത്. തമിഴ്നാട് സംഘത്തിനു നൽകാനുള്ള 10 കോടി രൂപ പ്രതികൾ പലരിൽ നിന്നായി സമാഹരിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
എന്നാൽ മറ്റാരും ഇതുവരെ പരാതിയുമായി വന്നിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചാൽ പണം വാങ്ങിയ തമിഴ്നാട് സംഘത്തിന്റെയും പ്രതികൾക്കു പണം നൽകിയവരുടെയും വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ. കായംകുളം ഡിവൈഎസ്പി: പി.ടി.ബിനുകുമാറിന്റെ മേൽനോട്ടത്തിൽ ഹരിപ്പാട് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയാണു കേസ് അന്വേഷിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

