എടത്വ/ മാന്നാർ ∙ ഇക്കുറി ഈസ്റ്റർ താറാവ് കറിയില്ലാതെ ആഘോഷിക്കേണ്ടി വരുമോ? കാര്യങ്ങളുടെ പോക്ക് അതിലേക്കാണെന്നാണ് കുട്ടനാട്ടിൽ നിന്നുള്ള സൂചനകൾ. പക്ഷിപ്പനിയെ തുടർന്നു താറാവുകളെ കൊന്നു നശിപ്പിച്ചതും തുടർന്നു പക്ഷി വളർത്തൽ നിരോധിച്ചതും വിപണിയിൽ താറാവ് ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകരും വ്യാപാരികളും പറയുന്നത്.
പക്ഷിപ്പനിയെ തുടർന്നു ഹാച്ചറികളിൽ കുഞ്ഞുങ്ങളുടെ ഉൽപാദനം നിർത്തിവച്ചതും ലഭ്യത കുറവിനു കാരണമായിട്ടുണ്ട്. നിരോധനം നീങ്ങി കുഞ്ഞുങ്ങളെ വിരിയിക്കാൻ ആരംഭിച്ചെങ്കിലും പാടശേഖരങ്ങളിലെ വിളവെടുപ്പു താമസിച്ചതും കർഷകർക്കു തിരിച്ചടിയായി. സാധാരണ വിളവെടുപ്പു കണക്കാക്കിയാണ് കുഞ്ഞുങ്ങളെ വിരിയിച്ചു പുറത്തിറക്കുന്നത്.
കുഞ്ഞുങ്ങളെ വിരിയിച്ച് പുറത്തിറക്കി കൈത്തീറ്റി നൽകിയ ശേഷം കൊയ്ത്തു കഴിഞ്ഞ പാടത്തേക്ക് ഇറക്കി തീറ്റ നൽകി വേണം വളർച്ച എത്തിക്കാൻ. 100 ദിവസം മുതൽ 110 ദിവസം ആകുമ്പോഴാണ് പിടയും പൂവനും തിരിയുന്നത്.
പൂവൻ താറാവുകളെ ഇറച്ചിക്കായി വിൽക്കുകയാണ് ചെയ്യുന്നത്. കുട്ടനാട്ടിൽ മാത്രം 1.5 ലക്ഷത്തിലധികം താറാവുകളുടെ കുറവ് ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
ലഭ്യത കുറഞ്ഞതോടെ വിലയും കൂടി. കച്ചവടക്കാരൻ ഡ്രസ് ചെയ്ത് ആവശ്യക്കാർക്ക് കൊടുക്കുമ്പോൾ ഒരു താറാവിന് 420 രൂപയാണ് വാങ്ങുന്നത്. എന്നാൽ കർഷകർക്ക് 270 മുതൽ 280 രൂപ വരെയാണ് ലഭിക്കുന്നത്.
കച്ചവടക്കാർ വാങ്ങി വിൽപന നടക്കുന്നതുവരെ കൈത്തീറ്റി നൽകേണ്ടി വരും. അതാണ് ഇത്രയും വില കൊടുക്കേണ്ടി വരുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്.
കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ തീറ്റയ്ക്കായി പതിനായിരക്കണക്കിനു താറാവുകളെ ഇറക്കിയിട്ടുണ്ടെങ്കിലും വളർച്ച എത്താത്തതിനാൽ വിൽപനയ്ക്ക് എത്തിക്കാൻ കഴിയുന്നില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഫാമുകളിൽ നിന്നും കുഞ്ഞുങ്ങളെ വിരിയിച്ച് വിതരണം ചെയ്യുന്നതിനു പുറമേ ചെന്നിത്തല, പള്ളിപ്പാട്, നെടുമ്പ്രം തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ഹാച്ചറികളിലും കുഞ്ഞുങ്ങളെ വിരിയിക്കുന്നുണ്ട്. ഇവിടെയെല്ലാം കുട്ടനാടൻ താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയാണ് കൂടുതലും വിരിയിച്ച് എടുക്കുന്നത്.
ഈസ്റ്റർ ദിനത്തിലെ പ്രധാന വിഭവമാണ് അപ്പവും താറാവും കറിയും. എന്നാൽ ഈസ്റ്ററിന് ഒരു ദിവസം മാത്രം അകലെ താറാവിനെ കിട്ടാനില്ലാതാകുന്നത് ആഘോഷത്തിന്റെ പൊലിപ്പ് കുയ്ക്കുമെന്നാണ് നാട്ടുകാരുടെ സങ്കടം. താറാവു മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

