ഹരിപ്പാട്∙ ദേശീയപാതയിൽ കരുവാറ്റ പവർ ഹൗസിനു സമീപം അപകടങ്ങൾ തുടർക്കഥയായിട്ടും അപകടക്കെണിയായ വളവും കുഴിയും മാസങ്ങളായി അതേപടി തുടരുന്നു. പുതുതായി നിർമിച്ച റോഡും പഴയ റോഡും ചേരുന്ന ഭാഗത്തു വീതി കുറവാണെന്നതിനൊപ്പം ഇവിടെയുള്ള വളവും കുഴിയുമാണ് അപകടഭീഷണി വർധിപ്പിക്കുന്നത്.
ഈ വർഷം മേയിൽ ഇവിടെ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേർ മരിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റ ഒരാൾ പൂർവ സ്ഥിതിയിലേക്ക് എത്തുന്നതേയുള്ളൂ.
അപകടങ്ങൾ ആവർത്തിച്ചപ്പോൾ മോട്ടർ വാഹന വകുപ്പ് സ്ഥലത്തു വിശദ പരിശോധന നടത്തി നിർദേശങ്ങൾ നൽകിയിരുന്നു.
എന്നാൽ താൽക്കാലിക പരിഹാര മാർഗങ്ങളിൽ നടപടി ഒതുങ്ങി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്കു കാരണമെന്നു നാട്ടുകാർ പറയുന്നു.
മേയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ടു സ്കൂട്ടറിലും പിക്കപ് വാനിലും ഇടിച്ചു സ്കൂട്ടർ യാത്രികനായ പുറക്കാട് സ്വദേശി മുഹമ്മദ് അസ്ലം മരിച്ചിരുന്നു.
ബസ് യാത്രികരായ 6 പേർക്കും പിക്കപ് വാൻ ഡ്രൈവർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. അതേ സ്ഥലത്താണ് ഒരാഴ്ചയ്ക്കു ശേഷം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിലും ഇൻസിനറേറ്റർ വാനിലും ഇടിച്ചത്.
പേരക്കുട്ടിക്കു ചോറൂണിനു പോകുകയായിരുന്ന ആലപ്പുഴ ആശ്രമം വാർഡ് നടുവിലപ്പറമ്പിൽ സരസ്വതിയമ്മയാണു (72) മരിച്ചത്. മകൻ രാജശേഖരൻ പരുക്കിൽ നിന്നു മുക്തനായിട്ടില്ല.
വടക്കോട്ട് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കുഴിയിൽ വീഴുന്നതോടെ നിയന്ത്രണം വിടുകയാണ്.
ഇപ്പോൾ തെക്കുഭാഗത്തേക്കുള്ള വാഹനങ്ങളും പുതിയ റോഡിലേക്കു കയറുമ്പോൾ നിയന്ത്രണം വിടുന്ന സ്ഥിതിയുണ്ട്. ദേശീയപാതയിൽ ഇതിനു സമാനമായി പലയിടത്തും അശാസ്ത്രീയ വളവുകളുണ്ട്.
ഇവിടങ്ങളിൽ ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും അപകടങ്ങൾ കൂടാൻ കാരണമാകുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

