
വീയപുരം ചുണ്ടന്റെ പരിശീലനം നടക്കുന്നത് കൈനകരിയിലാണെങ്കിലും ആവേശം മുഴുവൻ വീയപുരം ഈസ്റ്റ് ഇരതോടിലാണ്. നാട്ടുകാരും ആരാധകരും സ്നേഹത്തോടെ വീരു എന്നു വിളിക്കുന്ന വീയപുരം ചുണ്ടന്റെ ജന്മനാട്.
പമ്പയുടെ തീരത്തെ വള്ളപ്പുരയിലിരുന്നു വള്ളസമിതി അംഗങ്ങൾ മത്സരത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ്. ചർച്ച കഴിഞ്ഞാൽ പിന്നെ പണം പിരിക്കാനുള്ള ഇറക്കമാണ്.
അതും കഴിഞ്ഞു കൈനകരിയിലെത്തി ടീമിന്റെ പരിശീലനം കൂടി വിലയിരുത്തിയാലേ വള്ളംകളി സീസണിൽ വീയപുരത്തുകാരുടെ ഒരു ദിവസം പൂർത്തിയാകൂ. വീയപുരം പഞ്ചായത്തിലെ 3 വാർഡുകളാണ് വീയപുരം ചുണ്ടന്റെ കര. വള്ളസമിതിയിലുള്ളത് അറുനൂറോളം അംഗങ്ങൾ.
ഇത്രയും പേരിൽ നിന്നായി സമാഹരിക്കേണ്ടത് 50 ലക്ഷത്തോളം രൂപ.
ഓഹരിയുടമകൾക്കും നാട്ടുകാർക്കും പുറമേ വിദേശത്തുള്ള വീയപുരത്തുകാരും അതിനായി കൈകോർക്കും. കാരണം, പുന്നമടയിലെ ഓളങ്ങളിൽതട്ടി‘ വീയപുരം’ എന്ന പേര് ഉയർന്നുകേൾക്കുന്നതാണ് ഇവരുടെ ആവേശം. പേരുകേട്ട
പല ചുണ്ടൻവള്ളങ്ങളുടെയും ആസ്ഥാനമാണു വീയപുരം പഞ്ചായത്ത്. പക്ഷേ വീയപുരം എന്ന പേരിൽ ഒരു ചുണ്ടനില്ലാത്തതിന്റെ സങ്കടം 6 വർഷം മുൻപു വരെ കരക്കാർക്കുണ്ടായിരുന്നു.
വീയപുരത്തെ വള്ളംകളി പ്രേമികൾ പല വള്ളങ്ങൾക്കായി മാറിമാറി ജയ് വിളിച്ചു.
സ്വന്തമായി വള്ളം വേണമെന്ന ചർച്ചകൾക്കൊടുവിൽ 2017ൽ വീയപുരം ചുണ്ടന്റെ പണി തുടങ്ങി. സാബു നാരായണൻ ആചാരിയായിരുന്നു ശിൽപി. 2019ൽ നീറ്റിലിറങ്ങിയ വീയപുരം ചുണ്ടൻ ആദ്യ നെഹ്റു ട്രോഫിയിൽ തന്നെ സിബിഎൽ യോഗ്യത നേടി. 2022ലെ പായിപ്പാട് ജലോത്സവത്തിൽ ആദ്യ ട്രോഫി കരയിലെത്തിച്ചു.
2023ൽ നെഹ്റു ട്രോഫി സ്വന്തമാക്കി. സിബിഎല്ലിലും ചാംപ്യന്മാരായി.
കഴിഞ്ഞ നെഹ്റു ട്രോഫിയിൽ മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടാമതായി.
വീരുവിന്റെ ഈ സീസണും വീരോചിതമാക്കാനുള്ള ഒരുക്കത്തിലാണു വള്ളസമിതി. ഇത്തവണ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബാണ് തുഴയുന്നത് 50 ലക്ഷത്തോളം രൂപ മുടക്കിയാണു വള്ളം പണിതത്.
ഓരോ വർഷവും മത്സരത്തിനായി അത്ര തന്നെ പണം കണ്ടെത്തണം. തുഴക്കാരെയും കോച്ചിനെയുമെല്ലാം കണ്ടെത്തുന്നതിലും വള്ളസമിതിയുടെ ഇടപെടലുണ്ട്.
ട്രോഫിയും സമ്മാനത്തുകയുമെല്ലാം ബോട്ട് ക്ലബുകൾക്കാണു ലഭിക്കുക.
ഓരോ വർഷവും വള്ളസമിതി നടത്തുന്ന അധ്വാനത്തിന് പിന്നെ എന്താണു പ്രതിഫലം? കരയുടെ അഭിമാനം മാത്രം.
‘‘പണ്ടൊക്കെ എടത്വയുടെയും ഹരിപ്പാടിന്റെയും അടുത്തുള്ള സ്ഥലം എന്നൊക്കെ പറഞ്ഞാണു ഞങ്ങളുടെ നാടിനെ പരിചയപ്പെടുത്തിയിരുന്നത്. പക്ഷേ ഇപ്പോൾ വീയപുരം എന്നു പറഞ്ഞാൽ എല്ലാവരുമറിയും.’’ കെ.കെ.രാജേഷ്കുമാറിന്റെ വാക്കുകളിൽ നാടിന്റെ വികാരമാകെയുണ്ട്.
ബി.ജി.ജഗേഷ് (പ്രസി), ഷോബിൾ സജി (സെക്ര), കെ.കെ.രാജേഷ്കുമാർ (ട്രഷ), എൻ.ജി.ജോഷ്വാ (വൈസ് പ്രസി), ലിജു മാത്യു, റഫീഖ് (ജോ.സെക്ര), ബി.രഘു (രക്ഷാധികാരി) എസ്.രാജീവ് (ടീം കോഓർഡിനേറ്റർ) എന്നിവരാണു വള്ളസമിതിയുടെ അമരത്ത്. അവർക്കൊപ്പം ഒരു കരയാകെ ആവേശത്തുഴയെറിയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]