
ആലപ്പുഴ ∙ സംസ്ഥാന ജലഗതാഗത വകുപ്പിനു പുതിയ 5 സോളർ ബോട്ടുകൾ ഈ വർഷം സർവീസിനെത്തും. 30 സീറ്റുകളുള്ള മൂന്നു ബോട്ടുകളും 75 സീറ്റുകളുള്ള രണ്ടു ബോട്ടുകളുമാണ് എത്തുന്നത്.
ആദ്യ ബോട്ട് അടുത്ത മാസത്തോടെ സർവീസ് ആരംഭിച്ചേക്കും. ഇതിൽ ഒരു ബോട്ട് ജലഗതാഗത വകുപ്പ് പുതുതായി തുടങ്ങുന്ന വിനോദ സഞ്ചാര സർവീസായ കുട്ടനാട് സഫാരിക്കു വേണ്ടിയാകും ഉപയോഗിക്കുക.
മറ്റു ബോട്ടുകൾ ഏതു റൂട്ടിലാണു സർവീസ് നടത്തുകയെന്നു തീരുമാനിച്ചിട്ടില്ലെന്നു ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ പറഞ്ഞു. 2023 ജൂലൈയിൽ സർവീസ് ആരംഭിക്കുമെന്നു കരുതിയ ബോട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്.
വകുപ്പിന്റെ 50% ബോട്ടുകളും സൗരോർജത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണു പുതിയ ബോട്ടുകളെത്തുന്നത്. വകുപ്പിനായി 9 ബോട്ടുകളുടെ നിർമാണം രണ്ടു വർഷം മുൻപേ ആരംഭിച്ചെങ്കിലും യൂറോപ്പിൽ നിന്നു ബാറ്ററികൾ എത്തിക്കുന്നതിൽ പ്രതിസന്ധി നേരിട്ടു.
നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും നിശ്ചിത നിലവാരം ഉറപ്പാക്കാൻ ഇന്ത്യൻ റജിസ്ട്രാർ ഓഫ് ഷിപ്പിങ്ങിന്റെ പരിശോധനകൾ പൂർത്തിയാക്കിയാണു നിർമാണം.
നടപടികൾ വൈകിയതും ബോട്ടുകളുടെ നിർമാണത്തെ ബാധിച്ചു. കഴിഞ്ഞയാഴ്ച മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ ബോട്ട് നിർമാതാക്കളുമായി ചർച്ച നടത്തി നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.
പുതിയ ബോട്ടുകൾ ഇല്ലാത്തതിനാൽ കുട്ടനാട്ടിലേക്ക് ഉൾപ്പെടെ പല റൂട്ടുകളിലും പഴഞ്ചൻ ബോട്ടുകളാണു സർവീസ് നടത്തുന്നതെന്നും കേടാകുന്നതിനാൽ സർവീസ് മുടങ്ങുന്നെന്നും ആക്ഷേപമുണ്ട്. സൗരോർജ ബോട്ടുകൾ എത്തുന്നതോടെ, ഏറെ പഴക്കമുള്ള ബോട്ടുകൾ സർവീസിന് ഉപയോഗിക്കുന്നതു കുറയും.
ഫൈബറിൽ നിർമിക്കുന്ന കറ്റാമറൈൻ ബോട്ടുകളാണു സർവീസിനെത്തുന്നത്.
സാധാരണ ബോട്ടുകളെക്കാൾ ശബ്ദവും തിരയടിക്കുമ്പോൾ ഉള്ള കുലുക്കവും കുറവാകുമെന്നതും പ്രത്യേകതയാണ്. വൈക്കം–തവണക്കടവ് റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ സോളർ ഇലക്ട്രിക് ബോട്ട് വിജയമായിരുന്നു.
ഡീസൽ ബോട്ടുകൾ ഒരു ദിവസം 13 മണിക്കൂർ സർവീസ് നടത്താൻ 10,000 രൂപയുടെ ഡീസൽ ആവശ്യമാണെങ്കിൽ സൗരോർജ ബോട്ടുകൾക്ക് 350 രൂപ മാത്രമാണു ചെലവ് വരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]