ആലപ്പുഴ∙ ദേശീയപാതയിൽ ചെളി ഉപയോഗിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ പ്രത്യേക സംഘം രൂപീകരിക്കും. ജില്ലയിൽ ദേശീയപാതയ്ക്കായി ചെളി ഉപയോഗിക്കുന്നെന്ന ആക്ഷേപത്തെ തുടർന്നു കലക്ടർ അലക്സ് വർഗീസ് ദേശീയപാത അതോറിറ്റി അധികൃതരോടു പരിശോധന നടത്താൻ നിർദേശിച്ചിരുന്നു.
ഇതിനു പ്രോജക്ട് ഡയറക്ടർമാരുടെ നേതൃത്വത്തിലാണു പ്രത്യേക സംഘം രൂപീകരിക്കുന്നത്. അപകടങ്ങളും പിന്നാലെ കൂടുതൽ ആരോപണങ്ങളും ഉയർന്നതോടെ ദേശീയപാതയിലെ പണികളുടെ വേഗം കുറച്ചിട്ടുണ്ട്.
ഇതിനു പുറമേ ജില്ലയിലേത് ഉൾപ്പെടെയുള്ള ദേശീയപാത നിർമാണ മേഖലകളിൽ സുരക്ഷാ ഓഡിറ്റും നടത്തുന്നുണ്ട്.
അരൂർ– തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ അപകടങ്ങൾ തുടരുകയും ഗർഡർ വാഹനത്തിന്റെ മുകളിൽ വീണു ഡ്രൈവർ കൊല്ലപ്പെടുകയും ചെയ്തതോടെ ഈ മേഖലയിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിരുന്നു. റൈറ്റ്സ് ലിമിറ്റഡിൽ നിന്നുള്ള സംഘം സ്ഥലത്തു പരിശോധനയും നടത്തി.
സമാനമായി മറ്റു ഭാഗങ്ങളിലും പരിശോധന നടത്തും.
മലപ്പുറം കൂരിയാടും കൊല്ലം മൈലക്കാടും ദേശീയപാത ഇടിഞ്ഞു താഴ്ന്നുണ്ടായതിനു സമാനമായ അപകടങ്ങൾക്കു സാധ്യതയുണ്ടെന്നു വിലയിരുത്തലുണ്ട്. കായലിനും കടലിനും ഇടയിലുള്ള പ്രദേശത്തെ മണ്ണിന്റെ ബലക്കുറവും ഭൂനിരപ്പിനു തൊട്ടുതാഴെ ഭൂജലവും ഉള്ളതാണു കാരണം.
ഇതിനൊപ്പം കായലിൽ നിന്നുള്ള മണ്ണും ചെളിയും ഉപയോഗിച്ചു റോഡ് ഉയർത്തുന്നതും അടിപ്പാതകളിലേക്കുള്ള അപ്രോച്ച് റോഡ് നിർമിക്കുന്നതും പാത തകരാൻ ഇടയാക്കുമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
പാത നിർമാണത്തിനു ചെളി ഉപയോഗിച്ചെന്നു കണ്ടെത്തിയാൽ ആ ഭാഗങ്ങളിൽ നിന്നു ചെളി നീക്കം ചെയ്തു നിലവാരമുള്ള മണ്ണ് നിറയ്ക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

