ചെങ്ങന്നൂർ ∙ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഗതാഗതപരിഷ്കാരം പാളി; ഓണം കഴിഞ്ഞിട്ടും തിരക്കൊഴിയാതെ ചെങ്ങന്നൂർ നഗരം. ഇന്നലെ ഉച്ചയ്ക്ക് ഗതാഗതക്കുരുക്ക് മുറുകിയതോടെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്ത ശേഷം പൊലീസുകാർ നേരിട്ടു ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു.
ക്രിസ്ത്യൻ കോളജ് മുതൽ വെള്ളാവൂർ ജംക്ഷൻ വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
പല ദിവസങ്ങളിലും നഗരത്തിൽ ഇതാണു സ്ഥിതി. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ ഗതാഗതക്കുരുക്ക് മൂലം ബസുകളിൽ ആളെ കയറ്റാനും ഇറക്കാനും ഏറെ പാടുപെട്ടു.
ദീർഘദൂര വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ കല്ലിശേരിയിൽ നിന്നു തിരിഞ്ഞ് മംഗലം മിത്രപ്പുഴക്കടവ് വഴി മുളക്കുഴ സെഞ്ചുറി ജംക്ഷനിൽ എത്തി പോകണമെന്ന നിർദേശം നടപ്പാകുന്നില്ല.
ഇതു സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. ഡ്രൈവർമാർക്കു വ്യക്തമായി കാണാൻ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബഥേൽ ജംക്ഷനിൽ നിന്നു വലത്തേക്കു വാഹനങ്ങൾ കടത്തിവിടാറില്ല. നന്ദാവനം ജംക്ഷനിലെത്തി യു ടേൺ എടുത്തു വേണം ബഥേൽ ത്രിവേണി റോഡിലൂടെയുള്ള യാത്രക്കാർ കടന്നുപോകാൻ.
ഇതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു.
പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ ഏകോപനമില്ലാത്തതും ഗതാഗതപരിഷ്കാരം പാളാൻ കാരണമായി. കല്ലിശേരിയിൽ നിന്നു വാഹനങ്ങൾ വഴി തിരിച്ചു വിടാൻ പൊലീസ് മെനക്കെടാറില്ല.
അതേസമയം ദൂരയാത്രക്കാരെ തിരിച്ചറിഞ്ഞ് ഇതുവഴി കടത്തിവിടുന്നത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. കൃത്യമായ ആസൂത്രണമില്ലാതെയാണ് പരിഷ്കാരം നടപ്പാക്കിയതെന്നാണ് ആക്ഷേപം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]