പൂച്ചാക്കൽ: പെരുമ്പളം പാലം നിർമാണവുമായി ബന്ധപ്പെട്ട അവശേഷിക്കുന്ന പ്രവൃത്തികൾ പൂർണമായും ഈ മാസം 30-ാം തീയതിക്ക് മുൻപ് പൂർത്തീകരിക്കാൻ കരാർ കമ്പനി തീരുമാനിച്ചു.
പാലത്തിന്റെ ടാറിങ് ജോലികളും തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതുമാണ് ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത്. കഴിഞ്ഞ വർഷം മാർച്ച് 7-നാണ് പെരുമ്പളം പാലം നാടിന് സമർപ്പിച്ചത്.
ഉദ്ഘാടനത്തിന് ശേഷമേ ടാറിങ് നടക്കൂ എന്ന് മുൻപ് അറിയിച്ചിരുന്നെങ്കിലും, മാസങ്ങൾ കഴിഞ്ഞിട്ടും ഇത് പൂർത്തീകരിക്കാത്തത് യാത്രാക്ലേശത്തിന് കാരണമാവുകയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഒന്നാം ഘട്ടത്തിൽ ഭാഗികമായി മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്.
അപ്രോച്ച് റോഡുകൾ, സർവീസ് റോഡുകൾ എന്നിവയുടെ അവസാന ഘട്ട ജോലികളും പാലത്തിന്റെ പെയിന്റിങ് പൂർത്തിയാക്കലും ഇനിയുമുണ്ട്.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ വഴിയാണ് തെരുവു വിളക്കുകൾ സ്ഥാപിക്കുന്നത്. ഇതിനായി ഉപകരാർ നൽകിയാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
ഇതിന്റെ കേബിൾ വലിക്കുന്ന ജോലികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ആവശ്യമായ വിളക്കുകൾ ഉടൻ തന്നെ സ്ഥലത്ത് എത്തിച്ചേരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പെരുമ്പളം പാലത്തിന്റെ നിർമാണ ചുമതലയുള്ള കരാറുകാർ. പാലത്തിന്റെ മുഴുവൻ നിർമാണ പ്രവൃത്തികളും പൂർത്തിയാക്കി ഈ ഏജൻസി പൊതുമരാമത്ത് വകുപ്പിന് ഔദ്യോഗികമായി കൈമാറേണ്ടതുണ്ട്.
ഇതിനുശേഷമേ പാലത്തിലൂടെ കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെയുള്ളവ ആരംഭിക്കാൻ സാധിക്കൂ. പെരുമ്പളത്തുനിന്ന് വിവിധ ജില്ലകളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്താൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
പാലം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ ബസുകളുടെ ഫ്ലാഗ് ഓഫും നടത്തിയിരുന്നു. അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിരവധി സഞ്ചാരികളാണ് പെരുമ്പളം മഴവിൽ പാലം കാണാൻ എത്തിച്ചേരുന്നത്.
എന്നാൽ പാലത്തിൽ തെരുവു വിളക്കുകൾ ഇല്ലാത്തതും, എത്തുന്നവർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ വലിച്ചെറിയുന്നതും നിലവിൽ വലിയ വെല്ലുവിളിയായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

