കാവാലം ∙ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ കാവാലം–തട്ടാശേരി പാലം യാഥാർഥ്യത്തിലേക്ക്. പള്ളിക്കൂട്ടുമ്മ–നീലംപേരൂർ റോഡിൽ കാവാലം പഞ്ചായത്തിലെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലം നിർമിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നുള്ള എസ്.ശിവസാമി കമ്പനിയെയാണു ടെൻഡറിലൂടെ തിരഞ്ഞെടുത്തത്.
4 കമ്പനികളാണു ടെൻഡറിൽ പങ്കെടുത്തത്. പൊതുമരാമത്ത് പാലം വിഭാഗവുമായി ശിവസാമി കമ്പനിയുടെ പ്രതിനിധി കരാർ ഒപ്പുവയ്ക്കുന്നതാണ് അടുത്ത നടപടി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഉടൻ വരാനിരിക്കെ അതിൽപെട്ടു നടപടിക്രമം നീണ്ടുപോകാതിരിക്കാനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതി വാങ്ങാനാണു നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരുടെ നീക്കം.
പാലം നിർമിക്കാനും സ്ഥലമേറ്റെടുക്കുന്നതിനും സർവീസ് റോഡുകൾക്കും ഉൾപ്പെടെ കിഫ്ബിയിൽ നിന്ന് 63.59 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 43.5 കോടി രൂപയാണു പാലം നിർമാണത്തിനായി നിലവിൽ വകയിരുത്തിയിരിക്കുന്നത്.
18 മാസമാണു നിർമാണ കാലാവധി.
എസി റോഡിനെയും എംസി റോഡിനെയും ബന്ധിക്കുന്ന ഹ്രസ്വപാത സാധ്യമാക്കുന്ന കാവാലം പാലത്തിനായി ഒന്നാം പിണറായി സർക്കാരിന്റെ 2016ലെ ആദ്യ ഇടക്കാല ബജറ്റിൽ 30 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും തുടർനടപടികൾ അനന്തമായി നീണ്ടുപോകുകയായിരുന്നു. ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങളാണു പാലത്തിനായി നടന്നിട്ടുള്ളത്.
കാവാലം, കുന്നുമ്മ വില്ലേജുകളിലായി 110 സെന്റ് ഭൂമി ഏറ്റെടുത്തു ഭൂഉടമകൾക്കു പൂർണമായി തുക കൈമാറി.
കാവാലത്താറിനു കുറുകെ 400 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതിയിലുമാണു പാലം നിർമിക്കുന്നത്. വെള്ളത്തിൽ ടവർ മാതൃകയിൽ 45 മീറ്ററിന്റെ 4 സ്പാനുകളും ഇരുവശത്തും 35 മീറ്റർ നീളത്തിൽ 2 വീതം സ്പാനുകളുമാണുള്ളത്.
ശേഷിച്ച സ്പാനുകളും തൂണുകളും കരയിലാണ്.
പദ്ധതി പ്രദേശത്തെ വൃക്ഷങ്ങൾ വെട്ടിമാറ്റാൻ പല തവണ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ആരും അപേക്ഷ നൽകിയിരുന്നില്ല. തുടർന്നു വീണ്ടും അപേക്ഷ ക്ഷണിച്ചപ്പോൾ തടസ്സമുണ്ടാകാതിരിക്കാൻ കാവാലം പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ ക്വട്ടേഷനുകൾ സമർപ്പിച്ചു.
ഇതിന്മേൽ അന്തിമ തീരുമാനം കാത്തിരിക്കുകയാണ്.
കാവാലത്താറിന്റെ പടിഞ്ഞാറേകരയിൽ ആലപ്പുഴയിൽ നിന്നും കിഴക്കേകരയിൽ കോട്ടയം, ചങ്ങനാശേരി ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസുകളുണ്ട്. പാലം നിർമാണം പൂർത്തിയാകുന്നതോടെ ചങ്ങനാശേരി നഗരത്തിലെ തിരക്കൊഴിവാക്കി എസി റോഡിൽ നിന്ന് എംസി റോഡിലെ കുറിച്ചിയിലേക്ക് ഏറ്റവും എളുപ്പത്തിൽ യാത്ര ചെയ്യാനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

