ആലപ്പുഴ ∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കലങ്ങിമറിഞ്ഞ ഫലമായിരുന്നു പല പഞ്ചായത്തിലും. ചിലയിടങ്ങളിൽ ഒറ്റ സ്വതന്ത്രന്റെ കരുത്തിൽ മുന്നണിയാകെ അധികാരം എത്തിപ്പിടിച്ചു.
എന്നാൽ മറ്റിടങ്ങളിൽ ഭരണം മാറിമറിഞ്ഞു. അത്തരം അനിശ്ചിതത്വങ്ങളുടേതുമായിരുന്നു പിന്നിടുന്ന 5 വർഷം.
രാമങ്കരി
കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തിൽ പല ഘട്ടങ്ങളിലായിരുന്നു അട്ടിമറികൾ.
13 അംഗ ഭരണസമിതിയിൽ ആദ്യം ഭരണം 9 അംഗങ്ങളുള്ള എൽഡിഎഫിനായിരുന്നു. യുഡിഎഫിനു 4 അംഗങ്ങൾ മാത്രം.
എന്നാൽ, ഇപ്പോൾ ന്യൂനപക്ഷമായ യുഡിഎഫിനാണു പ്രസിഡന്റ് സ്ഥാനം.വൻ ഭൂരിപക്ഷത്തോടെ ആർ.രാജേന്ദ്ര കുമാർ പ്രസിഡന്റായി ഭരണം തുടരുമ്പോഴാണു സിപിഎമ്മിൽ വിഭാഗീയത പൊട്ടിത്തെറിയായത്. രാജേന്ദ്ര കുമാറിനെ സിപിഎം പുറത്താക്കിയതിനു പിന്നാലെ അവിശ്വാസം വന്നു.
യുഡിഎഫ് സിപിഎമ്മിനെ പിന്തുണച്ചു. തുടർന്നു രാജേന്ദ്ര കുമാർ പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവച്ചു.
ബാക്കിയുള്ള 8 അംഗങ്ങളിൽ രാജേന്ദ്ര കുമാറിനെ അനുകൂലിക്കുന്ന നാലുപേർ സിപിഐയിൽ ചേർന്നു.
രാജേന്ദ്ര കുമാറിന്റെ വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനായിരുന്നു ജയം. എന്നിട്ടും മേൽക്കൈ ലഭിക്കാത്ത സിപിഎമ്മിനു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കേണ്ടിവന്നു.പക്ഷേ, യുഡിഎഫിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റ് മാറിയപ്പോൾ സിപിഎമ്മും ആ സ്ഥാനത്തേക്കു മത്സരിച്ചതോടെ യുഡിഎഫും സിപിഎമ്മും അകന്നു.
സിപിഐയും മത്സരത്തിനുണ്ടായിരുന്നു. സിപിഎം ചതിച്ചെന്ന് ആരോപിച്ചു യുഡിഎഫ് അംഗങ്ങൾ സിപിഐയെ പിന്തുണച്ചു; സിപിഐക്കു വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു.
ചമ്പക്കുളം ബ്ലോക്ക്
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പുകളാണ് എല്ലാം തീരുമാനിച്ചത്.
13 അംഗ സമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 6 അംഗങ്ങൾ വീതമുണ്ട്. ബിജെപിക്ക് ഒരാളും.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരസമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽനിന്നു ബിജെപി അംഗം വിട്ടുനിന്നതോടെയാണ് എല്ലാറ്റിനും നറുക്കെടുപ്പു വേണ്ടിവന്നത്. പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്കും കിട്ടി.
സ്ഥിരസമിതി അധ്യക്ഷരിൽ 2 എൽഡിഎഫും ഒന്ന് യുഡിഎഫും. ഇപ്പോഴും ഈ സ്ഥിതി തുടരുന്നു.
മാവേലിക്കര നഗരസഭ
മാവേലിക്കര നഗരസഭയിൽ ഏക സ്വതന്ത്രന്റെ ബലത്തിൽ ഭരണംപിടിച്ച യുഡിഎഫ് ഇപ്പോഴും അധികാരത്തിലുണ്ടെങ്കിലും ഇടയ്ക്കൊരു മാറിമറിയലുണ്ടായിരുന്നു.
28 അംഗ സമിതിയിൽ കോൺഗ്രസ് 9, ബിജെപി 9, എൽഡിഎഫ് 9, സ്വതന്ത്രൻ 1 എന്നതാണു കക്ഷിനില. സിപിഎം വിമതനായി ജയിച്ച കെ.വി.ശ്രീകുമാറിനെ ചെയർമാനാക്കി യുഡിഎഫ് ഭരണം പിടിച്ചു.
പക്ഷേ, സ്വന്തം ചെയർമാനെതിരെ യുഡിഎഫ് പിന്നീട് അവിശ്വാസം കൊണ്ടുവന്നു.
3 വർഷമാകുമ്പോൾ സ്ഥാനമൊഴിയാമെന്ന കരാർ ശ്രീകുമാർ ലംഘിച്ചെന്നായിരുന്നു ആരോപണം.
യുഡിഎഫ് പിന്തുണ പിൻവലിച്ച് അവിശ്വാസത്തിലൂടെ ശ്രീകുമാറിനെ പുറത്താക്കി.പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ശ്രീകുമാർ എൽഡിഎഫിനൊപ്പം നിന്നെങ്കിലും അവിടെനിന്നു ജനാധിപത്യ കേരള കോൺഗ്രസിന്റെ ഏക അംഗം യുഡിഎഫിനെ പിന്തുണച്ചു. കോൺഗ്രസിലെ നൈനാൻ സി.കുറ്റിശേരി അധ്യക്ഷനായി.
ചെന്നിത്തല തൃപ്പെരുന്തുറ
പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ അധികാര നാടകങ്ങൾ പലതവണയുണ്ടായി.
18 അംഗ സമിതിയിൽ സിപിഎം 5, കോൺഗ്രസ് 6, ബിജെപി 6, കോൺഗ്രസ് വിമതൻ 1 എന്നതായിരുന്നു കക്ഷിനില. കോൺഗ്രസിനു പട്ടികജാതി വനിതാ അംഗങ്ങൾ ഇല്ലായിരുന്നു.ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രൻ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായി.
കോൺഗ്രസിന്റെ സഹായം അംഗീകരിക്കാതിരുന്ന സിപിഎമ്മിന്റെ നിർദേശപ്രകാരം വിജയമ്മ രാജിവച്ചു.
അടുത്ത തിരഞ്ഞെടുപ്പിലും വിജയമ്മ പ്രസിഡന്റായെങ്കിലും സ്ഥാനമൊഴിഞ്ഞു. അടുത്ത തവണ കോൺഗ്രസ് വിട്ടുനിന്നു, സ്വതന്ത്ര അംഗം ബിജെപിയെ പിന്തുണച്ചു. ബിജെപിയിലെ ബിന്ദു പ്രദീപ് പ്രസിഡന്റായി.
പിന്നീട് അവിശ്വാസത്തിലൂടെ ബിന്ദു പുറത്തായി. കോൺഗ്രസ് പിന്തുണയോടെ വിജയമ്മ വീണ്ടും പ്രസിഡന്റായി.
ഇക്കുറി കോൺഗ്രസ് സഹായം സിപിഎം നിഷേധിച്ചില്ല; വിജയമ്മ തുടരുന്നു.
പാണ്ടനാട് പഞ്ചായത്ത്
പാണ്ടനാട് പഞ്ചായത്തിൽ ആദ്യം ബിജെപി ഭരിച്ചു. പിന്നാലെ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചു.
പിന്നെ തിരിച്ചായി; എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസിനു പ്രസിഡന്റ് സ്ഥാനം. ബിജെപിയുടെ പ്രസിഡന്റായിരുന്ന ആശ വി.നായർ പാർട്ടി അംഗത്വം ഉൾപ്പെടെ രാജിവച്ചതോടെയാണു ഭരണം എൽഡിഎഫിലും യുഡിഎഫിലും എത്തിയത്.
ഉപതിരഞ്ഞെടുപ്പിൽ ആശ എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥി ജോസ് വല്യാനൂർ ജയിച്ചിരുന്നു.
തിരുവൻവണ്ടൂർ
13 അംഗങ്ങളുള്ള തിരുവൻവണ്ടൂർ പഞ്ചായത്തിൽ ബിജെപിക്ക് 5 അംഗങ്ങളുണ്ടെങ്കിലും സിപിഎം, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗം പി.വി. സജൻ 2022ൽ പ്രസിഡന്റായി.
സിപിഎമ്മിലെ ബീന ബിജു വൈസ് പ്രസിഡന്റായി. ഇവിടെ 4 തവണയാണു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടന്നത്.
ബിജെപി 5, സിപിഎം 4, കോൺഗ്രസ് 3, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം ചർച്ചയ്ക്കെടുക്കും മുൻപേ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചിരുന്നു. തുടർന്നാണ് ഇരു സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടന്നത്.2020 ഡിസംബറിൽ കോൺഗ്രസ് അംഗങ്ങളുടെ വോട്ട് കൂടി നേടി ജയിച്ചതിനെ തുടർന്നു പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചിരുന്നു.
2021 ഫെബ്രുവരിയിൽ രണ്ടാമതു നടന്ന തിരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. എന്നാൽ, 2021 ഏപ്രിലിൽ മൂന്നാം തിരഞ്ഞെടുപ്പിൽ സമാനരീതിയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തുടരാൻ തീരുമാനിച്ചു.
2022 ഏപ്രിലിൽ അവിശ്വാസം ചർച്ചയ്ക്കെടുക്കും മുൻപേ രാജിവച്ചു.
കാർത്തികപ്പള്ളി
13 അംഗങ്ങുള്ള കാർത്തികപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫ് 5, യുഡിഎഫ് 3, ബിജെപി 5, സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു ആദ്യം കക്ഷിനില. സ്വതന്ത്രയെ പ്രസിഡന്റാക്കി എൽഡിഎഫ് ഭരണം തുടങ്ങി.
എന്നാൽ, രണ്ടര വർഷം കഴിഞ്ഞപ്പോൾ എൽഡിഎഫ് അംഗം വിദേശത്തു പോയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു. പക്ഷേ, ബിജെപിയുടെ അവിശ്വാസത്തെ യുഡിഎഫ് പിന്തുണച്ചില്ല.
എൽഡിഎഫ് ഭരണം നിലനിർത്തി.
കോടംതുരുത്ത്
കോടംതുരുത്ത് പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയിൽ കോൺഗ്രസ് ഭരിക്കുന്നു. വലിയ ഒറ്റക്കക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിലുള്ള മത്സരത്തിൽ എൽഡിഎഫ് വിട്ടുനിന്നതോടെ ബിജെപി ഭരണത്തിൽ എത്തിയിരുന്നു.
എന്നാൽ, ഒന്നര വർഷത്തിനു ശേഷം കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിൽ എൽഡിഎഫ് അംഗങ്ങൾ കോൺഗ്രസിനൊപ്പം ചേർന്നു. കോൺഗ്രസ് ഭരണം നേടി.
ചെറുതന
ചെറുതനയിൽ യുഡിഎഫ് 5, എൽഡിഎഫ് 5, ബിജെപി 3 എന്ന സ്ഥിതി വന്നപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്കു നറുക്കെടുപ്പു വേണ്ടിവന്നു.
യുഡിഎഫിനു ഭരണം ലഭിച്ചു.
കടക്കരപ്പള്ളി
14 അംഗങ്ങളുള്ള കടക്കരപ്പള്ളി പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫും യുഡിഎഫും തുല്യ ശക്തികളായി; നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫിനു ലഭിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

