
മാവേലിക്കര∙ നിർമാണം പുരോഗമിക്കുന്ന പാലത്തിന്റെ ഒരു ഗർഡർ കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്ന് അച്ചൻകോവിലാറ്റിൽ വീണ രണ്ടു തൊഴിലാളികൾ ഒഴുക്കിൽപെട്ടു മുങ്ങി മരിച്ചു, 5 പേർ നീന്തിക്കയറി. ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരികടവ് പാലം പണിക്കിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ അപകടത്തിൽ മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തിക് (കിച്ചു–24), ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻചിറ ബിനു ഭവനത്തിൽ ജി.ബിനു (42) എന്നിവരാണു മരിച്ചത്.
അതീവ നിർഭാഗ്യകരമായ സംഭവം അന്വേഷിച്ചു മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മരാമത്ത് വിജിലൻസിനു നിർദേശം നൽകിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
അതിനു ശേഷം തുടർനടപടിയുണ്ടാകും. നിർമാണത്തിൽ അപാകതയില്ലെന്നു സ്ഥലത്തെത്തിയ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.
ഇതേ രീതിയിൽ പണിത പാലത്തിലെ മറ്റു ഗർഡറുകൾക്കു പ്രശ്നമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 15 ഗർഡറുകളുള്ള പാലത്തിന്റെ അവസാന ഗർഡറിന്റെ കോൺക്രീറ്റ് ജോലിയാണ് ഇന്നലെ 11ന് ആരംഭിച്ചത്.
8 പേരാണു ജോലിയിൽ ഉണ്ടായിരുന്നത്.
എന്തോ പൊട്ടുന്ന ശബ്ദം കേട്ടു രാഘവ് കാർത്തിക് മുകളിൽ കയറി പരിശോധിക്കുമ്പോൾ തട്ടും കോൺക്രീറ്റും ഉൾപ്പെടെ താഴേക്കു പതിക്കുകയായിരുന്നു. ആറ്റിലേക്കു തെറിച്ചു വീണ 7 പേരിൽ 5 പേരും നീന്തിക്കയറി. രാഘവും ബിനുവും ഒഴുക്കിൽപെട്ടു.
ഇവരെ രക്ഷിക്കാൻ ശ്രമിച്ച ബിജു ഒഴുക്കിൽപെട്ടെങ്കിലും സമീപം വീടുപണിയിൽ ഏർപ്പെട്ടിരുന്ന ബിഹാർ സ്വദേശികൾ കയർ ഇട്ടു നൽകി രക്ഷിച്ചു. കാർത്തികേയന്റെയും ഗീതയുടെയും മകനാണു രാഘവ്.
5 മാസം മുൻപായിരുന്നു വിവാഹം. ഭാര്യ: ആതിര.
ഗോപിയുടെയും അംബുജാക്ഷിയുടെയും മകനാണു ബിനു. അവിവാഹിതനാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]