ആലപ്പുഴ∙ സമഗ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ളത് 1.12 ലക്ഷം പേർ. ആകെയുള്ള 17,58,938 വോട്ടർമാരിൽ 14,62,585 പേരാണ് ഇന്നലെ ഉച്ചവരെ എന്യൂമറേഷൻ ഫോം സമർപ്പിച്ചു ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയത്. ഇതിൽ ഫോം സമർപ്പിക്കാൻ ബാക്കിയുള്ള 1.12 ലക്ഷം പേരുടേത് ഒഴികെയുള്ളവ ഡിജിറ്റൈസേഷൻ പൂർത്തിയാക്കാനുള്ളവയാണ്.നിയമസഭ മണ്ഡലങ്ങളിൽ കുട്ടനാടാണു മുൻപിൽ.
കുട്ടനാട്ടിൽ 89% എന്യൂമറേഷൻ ഫോമുകളും ശേഖരിച്ചു ഡിജിറ്റൈസ് ചെയ്തു. അരൂർ– 80%, ചേർത്തല– 83%, ആലപ്പുഴ– 87%, അമ്പലപ്പുഴ– 84%, ഹരിപ്പാട്– 85%, കായംകുളം– 77%, മാവേലിക്കര– 84%, ചെങ്ങന്നൂർ– 84% എന്നിങ്ങനെയാണു മറ്റു മണ്ഡലങ്ങളിലെ സ്ഥിതി.
കൂടുതൽ വോട്ടർമാരുള്ള കായംകുളത്താണ് എന്യൂമറേഷൻ ഫോം വിതരണവും ഡിജിറ്റൈസേഷനും അൽപം പിന്നിലായത്.കഴിഞ്ഞ ഒരാഴ്ചയോളം റവന്യു വകുപ്പിലെ ജീവനക്കാർ അധികമായി ജോലി ചെയ്തതോടെയാണു ഡിജിറ്റൈസേഷനിൽ മുന്നേറിയത്.
കലക്ടറുടെ സിഎ ഉൾപ്പെടെയുള്ള ജീവനക്കാർ എസ്ഐആർ ഡിജിറ്റൈസേഷന്റെ ഭാഗമായി. ബിഎൽഒമാർ വീടുകളിൽനിന്നു ശേഖരിക്കുന്ന എന്യൂമറേഷൻ ഫോമുകൾ റവന്യു വകുപ്പിലെ ജീവനക്കാരാണു പോർട്ടലിൽ അപ്ലോഡ് ചെയ്തു ഡിജിറ്റൈസേഷൻ പൂർത്തിയാക്കുന്നത്.ചെറിയൊരു ശതമാനം എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യാനുമുണ്ട്.
നാട്ടിലില്ലാത്ത കുടുംബങ്ങളും കണ്ടെത്താൻ കഴിയാത്ത കുടുംബങ്ങളുമാണിവ.
എസ്ഐആർ പൂർത്തിയാക്കാനുള്ള സമയപരിധി 11നു തീരുന്നതിനു മുൻപ് ഇവരെയും കണ്ടെത്തി എസ്ഐആറിന്റെ ഭാഗമാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. 9നു തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ കൂടി സഹായം എന്യൂമറേഷൻ ഫോം വിതരണത്തിനും ശേഖരിക്കലിനും ഉപയോഗിക്കാനാകും.
ഇതോടെ എല്ലാവരെയും എസ്ഐആറിന്റെ പരിധിയിൽ ഉൾപ്പെടുത്താനായേക്കും. അതേസമയം ഫോം പൂരിപ്പിച്ചു നൽകുന്നില്ലെന്നു ചിലർ ബിഎൽഒമാരെ അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എസ്ഐആർ നടപ്പാക്കുന്നതെന്നു കരുതിയാണ് ഇക്കൂട്ടർ ഫോം പൂരിപ്പിച്ചു നൽകാത്തത്.
‘എസ്ഐആർ കയാക്കിങ് ഫെസ്റ്റ്’ നാളെ
ആലപ്പുഴ∙ സമഗ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പ്രചാരണാർഥം ജില്ലയിൽ ‘എസ്ഐആർ കയാക്കിങ് ഫെസ്റ്റ്’ സംഘടിപ്പിക്കും.
നാളെ വൈകിട്ട് 4ന് ആലപ്പുഴ ചുങ്കം ജെട്ടിയിൽ നിന്നാരംഭിക്കുന്ന ഫെസ്റ്റ് കലക്ടർ അലക്സ് വർഗീസ് ഫ്ലാഗ്ഓഫ് ചെയ്യും. പള്ളാത്തുരുത്തി വരെയാണു പ്രദർശന തുഴച്ചിൽ നടത്തുന്നത്.
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, ടൂറിസം വകുപ്പ്, സായി വാട്ടർ സ്പോർട്സ് സെന്റർ എന്നിവ ചേർന്നാണു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കയാക്കിങ് ഫെസ്റ്റ് സംഘാടന യോഗത്തിൽ കലക്ടർ അലക്സ് വർഗീസ്, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ എസ്.ബിജു എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

