അമ്പലപ്പുഴ ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൃഹനാഥയുടെ 2 കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയ സംഭവത്തിൽ ജൂനിയർ ഡോക്ടർമാർക്ക് ഗുരുതര വീഴ്ച ഉണ്ടായതായി മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാറിന് സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറി.
ജൂനിയർ ഡോക്ടർമാർക്കെതിരെ നടപടിക്കും ശുപാർശയുണ്ട്. കുത്തിയതോട് മുഖപ്പിൽ സീനത്തിന്റെ (58) വിരലുകളാണ് മുറിച്ചത്.
ചികിത്സ ശരിയായ രീതിയിലായിരുന്നെങ്കിലും വിരലുകൾ മുറിച്ചു നീക്കുന്ന വിവരം രോഗിയെയോ, ബന്ധുക്കളെയോ അറിയിക്കുന്നതിലാണ് ഡോക്ടർമാർക്ക് വീഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്.
വിരലുകളിലെ മുറിവുകളോടെ കഴിഞ്ഞ 27നാണ് സീനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 29ന് വലതു കാലിലെ തള്ള വിരലിനോടു ചേർന്ന 2 വിരലുകൾ മുറിച്ചുനീക്കി.
ഈ വിവരം സർജറി വിഭാഗത്തിലെ സീനിയർ ഡോക്ടർമാരെ പോലും ജൂനിയർ ഡോക്ടർമാർ അറിയിച്ചില്ല. വേദന കുറയാതെ വന്നപ്പോൾ ബന്ധുക്കൾ സീനിയർ ഡോക്ടർമാരെ അറിയിച്ചതിനെ തുടർന്ന് അവർ പരിശോധിച്ചപ്പോഴാണ് വിരലുകൾ മുറിച്ച വിവരം പുറത്തറിയുന്നത്.
രോഗിയുടെയും ബന്ധുക്കളുടെയും സമ്മതപത്രം വാങ്ങിയ ശേഷം മാത്രമേ അവയവങ്ങൾ മുറിച്ചു നീക്കാവൂ എന്ന് കർശന മാർഗരേഖ പുറത്തിറക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അഡിഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
അഡ്വ.കുളത്തൂർ ജയിംസ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഈ നിർദേശം. അസ്ഥിരോഗ ചികിത്സാവിഭാഗം മേധാവി ഡോ.വിനോദ്കുമാർ, ആർഎംഒ ഡോ.ലക്ഷ്മി, ഡപ്യൂട്ടി സൂപ്രണ്ട് തോമസ് കോശി, പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ പ്രഫ.ഡോ.ലക്ഷ്മി, ഫൊറൻസിക് വിഭാഗത്തിലെ ഡോ.നിഥിൻ എന്നിവർ അടങ്ങിയ സംഘം രോഗിയുടെയും ബന്ധുക്കളെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]