ആലപ്പുഴ ∙ കെഎസ്ആർടിസി നടത്തിയ റൂട്ട് മാറ്റം അവർ തന്നെ തെറ്റിച്ചപ്പോൾ വലഞ്ഞത് യാത്രക്കാർ. വൈക്കം, തണ്ണീർമുക്കം, മുഹമ്മ ഭാഗങ്ങളിലേക്ക് പോകാനായി എസ്ഡിവി സ്കൂളിന് മുന്നിൽ ഇന്നലെ വൈകിട്ട് 7 മുതൽ രാത്രി 8.30 വരെ കാത്തുനിന്ന യാത്രക്കാരാണ് പെരുവഴിയിലായത്.
നടന്നും, ഓടിയും, ഓട്ടോ പിടിച്ചും കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയാണ് പലരും രാത്രിയൽ പോയത്. രാത്രി 8.30ന്റെ ബസ് കിട്ടാതെ വന്നവർ ചേർത്തലയിൽ പോകേണ്ടിവന്നു.
ജില്ലാക്കോടതിപ്പാലം പുനർനിർമാണത്തിനു പാലം പൊളിക്കുന്നതിന്റെ ഭാഗമായി 29 മുതൽ ഗതാഗതം തിരിച്ചു വിട്ടപ്പോൾ കെഎസ്ആർടിസി അതിന് ചെറിയൊരു ഭേദഗതി വരുത്തി.
വൈക്കം, തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ എസ്ഡിവി സ്കൂളിന് മുന്നിൽ നിന്നു സർവീസ് തുടങ്ങുമെന്നായിരുന്നു ഭേദഗതി.
തീരുമാനം ഇന്നലെ മുതൽ നടപ്പാക്കുകയും ചെയ്തു. പക്ഷേ വൈകിട്ട് 7നും, 7.30നും, രാത്രി 8.30നും സർവീസ് നടത്തേണ്ടിയിരുന്ന ബസുകളിൽ കയറാൻ കാത്തുനിന്നവർ സമയമായിട്ടും ബസ് കാണാതെ വന്നതോടെ സ്റ്റാൻഡുമായി ബന്ധപ്പെട്ടു.
അപ്പോൾ മാത്രമാണ് അറിഞ്ഞത് ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസ് തുടങ്ങുന്നതെന്ന്. പത്ത് മിനിറ്റ് മുൻപ് വിളിച്ചവർക്ക് വേഗം ചെന്നതിനാൽ ബസ് കിട്ടി.
ബസ് ഉണ്ടാകുമെന്നു കരുതി സമയത്ത് എത്തിയവർ പെട്ടുപോയി.
യാത്രക്കാർക്ക് അറിയിപ്പ് നൽകിയ ശേഷം മുന്നറിയിപ്പില്ലാതെ തീരുമാനം മാറ്റിയത് സംബന്ധിച്ച് കെഎസ്ആർടിസി വ്യക്തമായ കാരണം പറഞ്ഞില്ല. സ്റ്റാൻഡിൽ നിന്നു ഒരു കിലോമീറ്ററിലേറെ അകലെയുള്ള എസ്ഡിവി സ്കൂളിന്റെ മുന്നിൽ നിന്നു രാത്രി സർവീസ് നടത്താൻ പ്രശ്നങ്ങളുണ്ടെന്നാണ് നൽകിയ വിശദീകരണം. വൈകിട്ട് 7 മുതലുള്ള എല്ലാ സർവീസുകളും ഇന്നും സ്റ്റാൻഡിൽ നിന്നായിരിക്കും സർവീസ് നടത്തുന്നതെന്നും നാളെ മുതലുള്ള കാര്യം ഇന്ന് തീരുമാനിച്ച് അറിയിക്കാമെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]