ചേർത്തല ∙ ഏഴുമാസം മുൻപു കാണാതായ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടേതെന്നു കരുതുന്ന സ്വർണം, കേസിലെ പ്രതി സെബാസ്റ്റ്യനെ കൂട്ടി നടത്തിയ തെളിവെടുപ്പിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തി. ചേർത്തലയിലെ സഹകരണ ബാങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമായി പണയം വയ്ക്കുകയും അവിടെനിന്ന് എടുത്തു വിൽക്കുകയും ചെയ്ത സ്വർണമാണിത്.
ജെയ്നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി സ്വർണം അപഹരിച്ചെന്നാണു ക്രൈം ബ്രാഞ്ചിന്റെ നിഗമനം.
ചേർത്തല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ ജ്വല്ലറിയിൽനിന്നാണു സ്വർണം വീണ്ടെടുത്തത്. ജെയ്നമ്മയെ കാണാതായ 2024 ഡിസംബർ 23ന് ഉച്ചയ്ക്കുശേഷം ചേർത്തലയിലെ സഹകരണ ബാങ്ക് ശാഖയിൽ 25.5 ഗ്രാം സ്വർണം സെബാസ്റ്റ്യന്റെ സഹായി മനോജ് പണയം വച്ചിരുന്നു.
24നു ദേവീക്ഷേത്രത്തിനു വടക്കുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 16 ഗ്രാമും പണയംവച്ചു. പിന്നീടു രണ്ടിടത്തുനിന്നും പണയമെടുത്തു ഡിവൈഎസ്പി ഓഫിസിനു സമീപത്തെ ജ്വല്ലറിയിൽ വിറ്റു.
മൂന്നു സ്ഥാപനങ്ങളിലും സെബാസ്റ്റ്യനെ എത്തിച്ചു സാക്ഷികളുടെ സാന്നിധ്യത്തിൽ തെളിവുകൾ ശേഖരിച്ചു.
സ്ഥാപന ഉടമകളും നടന്ന കാര്യങ്ങൾ അന്വേഷണസംഘത്തോടു വിശദീകരിച്ചു.ഇന്നലെ രാവിലെ പത്തരയോടെ തുടങ്ങിയ നടപടി വൈകിട്ട് അഞ്ചിനാണു പൂർത്തിയായത്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റിലെ ഡിവൈഎസ്പിമാരായ സാജൻ സേവ്യർ, ടി.ആർ.പ്രദീപ് കുമാർ, ഇൻസ്പെക്ടർമാരായ എം.എസ്.രാജീവ്, ജിജിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ 40 അംഗസംഘമാണു തെളിവെടുപ്പു നടത്തിയത്.
ഇന്നു സെബാസ്റ്റ്യനെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു തെളിവെടുക്കും.
വീട്ടുവളപ്പിൽ പരിശോധനയ്ക്കു ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.ക്രൈം ബ്രാഞ്ച് സംഘം 28നു പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതു ജെയ്നമ്മയുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]