കാസർകോട് ∙ ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 10 വർഷത്തിന് മുകളിലായി അവകാശവാദം ഉന്നയിക്കാതെ (അൺ ക്ലെയിംഡ് ഡെപ്പോസിറ്റ്) കിടക്കുന്നത് 77.82 കോടി രൂപ. ഈ പണം അവകാശികൾക്കോ ബന്ധപ്പെട്ടവർക്കോ കൈമാറാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ക്യാംപ് നടത്തും.
ജില്ലയിലെ പ്രധാന ബാങ്കുകളുടെ പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പൗരന്മാർക്ക് അവകാശപ്പെട്ടതും ഇതുവരെ ക്ലെയിം ചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുകകൾ, ഡിവിഡന്റുകൾ, മ്യൂച്ചൽ ഫണ്ട് യൂണിറ്റുകൾ, പെൻഷൻ ബാലൻസുകൾ തുടങ്ങിയ തുകകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും പണം അവകാശികളിലേക്ക് എത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുമാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്.
ജില്ലയിലെ വിവിധ ബാങ്കുകളിലെ 3,68,418 അക്കൗണ്ടുകളിലാണ് പണം അവകാശവാദം ഉന്നയിക്കാതെ കിടക്കുന്നത്. രേഖകളിൽ കൃത്യമായ വിവരങ്ങളുള്ള അക്കൗണ്ട് ഉടമകൾക്കും ബന്ധപ്പെട്ടവർക്കും അതത് ബാങ്ക് അധികൃതർ മുഖേന നോട്ടിസ് നൽകും.
ഈ നോട്ടിസ് കിട്ടിയവർക്ക് ക്യാംപിലെത്തി നടപടികൾ പൂർത്തിയാക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരമുണ്ടാവും.
സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 2133.72 കോടി രൂപ അവകാശികളെ കാത്തു കിടക്കുന്നതായാണ് കണക്ക്. 93.8 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്.
നവംബർ 3ന് മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ സംസ്ഥാനത്തെ ആറു ജില്ലകളിലെ ബാങ്ക് അക്കൗണ്ടിലെ അവകാശികളെ കണ്ടെത്താൻ ലീഡ് ബാങ്ക് ക്യാംപ് നടത്തുന്നുണ്ട്.
അടുത്ത ഘട്ടത്തിൽ കാസർകോട് അടക്കമുള്ള ജില്ലകളിൽ ക്യാംപ് നടക്കും. എറണാകുളം ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവുമധികം തുക കെട്ടിക്കിടക്കുന്നത്. 11.93 ലക്ഷം അക്കൗണ്ടുകളിലായി 307.69 കോടി.
തിരുവനന്തപുരത്ത് 266.30 കോടിയും തൃശൂരിൽ 241.27 കോടിയും ഇത്തരത്തിലുണ്ട്. ഈ മൂന്നു ജില്ലകളിലും 10 ലക്ഷത്തിലേറെ അക്കൗണ്ടുകൾ നിഷ്ക്രിയമായുണ്ട്.
അവകാശികളില്ലാതെ 10 വർഷത്തിലേറെയായ(അൺ ക്ലെയിംഡ് ഡിപ്പോസിറ്റ്) ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനായി 2023 ഏപ്രിലിൽ റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടൽ തുടങ്ങിയിരുന്നു. ബാങ്ക് വെബ്സൈറ്റ് വഴിയോ ആർബിഐയുടെ ‘ഉഡ്ഗാം’ പോർട്ടൽ ( http://udgam.rbi.org.In ) വഴിയോ ഇതു പരിശോധിക്കാം.
വിവിധ ബാങ്കുകളിലെ ഇത്തരം നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. കൃത്യമായ രേഖകൾ ഹാജരാക്കിയാൽ ഈ ആസ്തികൾ വീണ്ടെടുക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

