ദില്ലിയിൽ കരട് വോട്ടർ പട്ടികയിലെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരടക്കമുള്ള പ്രമുഖർക്ക് നോട്ടീസ് അയച്ചു. സംസ്ഥാനത്ത് ആകെ 33.1 ലക്ഷം വോട്ടർമാർക്കാണ് ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടുള്ളത്.
നിലവിലുള്ളതും പഴയതുമായ വോട്ടർ പട്ടികയിലെ പേരുകളിലെ വ്യത്യാസം, പിതാവിന്റെ പേരിലോ ബന്ധുവിന്റെ പേരിലോ ഉള്ള പൊരുത്തക്കേടുകൾ അടക്കം 11 തരം പൊരുത്തക്കേടുകളാണ് ദില്ലിയിൽ കണ്ടെത്തിയിരിക്കുന്നത്. മാതാപിതാക്കളുടെ പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
ഷാലിമാർ ബാഗ് നിയമസഭാ മണ്ഡലത്തിലെ പാർട്ട് നമ്പർ 123-ൽ ഉൾപ്പെട്ട രേഖ ഗുപ്തയുടെ പേര് ഈ പട്ടികയിലുണ്ട്.
രക്ഷിതാവും മക്കളും തമ്മിൽ 15 വയസ്സിൽ താഴെയുള്ള പ്രായവ്യത്യാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്വെയർ കണ്ടെത്തിയ പൊരുത്തക്കേട്. വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ വോട്ടർമാരുടെ പട്ടിക ദില്ലി ചീഫ് ഇലക്ടറൽ ഓഫീസർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
പട്ടികയിൽ ഉൾപ്പെട്ട വ്യക്തികൾക്ക് ഇതിനായി നടത്തുന്ന ഹിയറിംഗുകളിൽ പങ്കെടുത്ത് ആവശ്യമായ രേഖകൾ ഹാജരാക്കി പരിശോധന പൂർത്തിയാക്കാവുന്നതാണ്.
നിലവിലുള്ളതും പഴയതുമായ വോട്ടർ പട്ടികകളിലെ പേരുകളിലെ വ്യത്യാസം, വോട്ടറും മുത്തശ്ശനും/മുത്തശ്ശിയും തമ്മിൽ 40 വയസ്സിൽ താഴെയുള്ള പ്രായവ്യത്യാസം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
അരവിന്ദ് കെജ്രിവാളിന്റെ പേരും അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഗോവിന്ദ് റാം കെജ്രിവാൾ, ഗീതാ ദേവി, ഭാര്യ സുനിത കെജ്രിവാൾ, മകൻ പുൽകിത് കെജ്രിവാൾ എന്നിവരുടെ പേരുകളും ‘നോ മാപ്പിങ്’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വോട്ടറുടെയോ ബന്ധുക്കളുടെയോ വിവരങ്ങൾ കൃത്യമായി നൽകാത്തതോ അല്ലെങ്കിൽ മുൻ എസ്ഐആർ പട്ടികയുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തതോ ആയ വോട്ടർമാരാണ് ഈ വിഭാഗത്തിൽ വരുന്നത്.
ഈ വിഭാഗത്തിൽപ്പെടുന്ന വോട്ടർമാർ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള 12 അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ പ്രമുഖ നേതാക്കളോ പ്രശസ്തരായ വ്യക്തിത്വങ്ങളോ ഹിയറിംഗ് കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്ന് മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ പട്ടിക തയ്യാറാക്കി, വിവരങ്ങൾ നേരിട്ട് വന്ന് പരിശോധിച്ച് പരിഹരിക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാരെ രജിസ്റ്റർ ചെയ്ത വിലാസങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ആകെ 97.5 ലക്ഷം വോട്ടർമാരിൽ മൂന്നിലൊന്ന് വരുന്നവരാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.
ഈ പരിശോധനകളും തീർപ്പുകൽപ്പിക്കലും ഒക്ടോബർ 29-നകം പൂർത്തിയാകുന്നതാണ്. തുടർന്ന് അന്തിമ വോട്ടർ പട്ടിക നവംബർ 4-ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

