സംസ്ഥാനത്ത് ആർഎസ്എസ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകളെ സംഘടിപ്പിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ കടുത്ത ആശയക്കുഴപ്പം തുടരുന്നു. ഈ നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ക്ഷേത്രക്കമ്മിറ്റികൾ വഴി ഇടപെടണമെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യത്തിലെടുത്ത തീരുമാനം നടപ്പാക്കണമെന്നാണു നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ അവലോകന റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, ക്ഷേത്രക്കമ്മിറ്റികളിൽ പാർട്ടി നേരിട്ടു പങ്കാളിത്തം വഹിക്കണമെന്നല്ല, അനുഭാവികളായ വിശ്വാസികൾ വഴി ഇടപെടണമെന്നാണു സംസ്ഥാന സമ്മേളനം തീരുമാനിച്ചതെന്നു നേതാക്കളിൽ ഒരുവിഭാഗം വ്യക്തമാക്കുന്നു.
സിപിഎമ്മിനെ സംബന്ധിച്ച് എക്കാലവും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ള വിഷയമാണിത്. പാർട്ടി അംഗങ്ങളുടെ ഇടപെടൽ ക്ഷേത്രങ്ങളിൽ എവിടെ വരെയാകാം എന്നതിലാണു നേതാക്കൾക്കും ഘടകങ്ങൾക്കും വ്യക്തതക്കുറവുള്ളത്.
ക്ഷേത്രവും ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ടു നിൽക്കരുതെന്നതായിരുന്നു മുൻപ് സിപിഎമ്മിന്റെ നയം. മുമ്പ് നേതാക്കളുടെ ക്ഷേത്രസന്ദർശനം പോലും പാർട്ടിയിൽ കടുത്ത വിമർശനത്തിന് വഴിവെച്ചിരുന്നു.
എന്നാൽ, ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് പ്രവർത്തനം വ്യാപിപ്പിക്കുകയും ബിജെപി ഇത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയും ചെയ്തതോടെ പാർട്ടിയുടെ നിലപാടുകളിൽ മാറ്റം വന്നുതുടങ്ങി. ഇതിന്റെ ഭാഗമായി ക്ഷേത്ര കമ്മിറ്റികളിൽ പാർട്ടി ഇടപെടലുകൾ ആരംഭിക്കുകയും ചെയ്തു.
ഈ ഇടപെടൽ കുറെക്കൂടി ശക്തമാക്കണമെന്ന തീരുമാനമാണു കൊല്ലം സമ്മേളനത്തിലുണ്ടായത്. സംസ്ഥാന സമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ് – ‘ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആർഎസ്എസിന്റെ പ്രവർത്തനം വ്യാപകമാവുകയാണ്.
ഇത്തരത്തിൽ സ്ത്രീകളെ സംഘടിപ്പിക്കുകയും അവരെ സംഘപരിവാറിന്റെ രാഷ്ട്രീയ അനുകൂലികളാക്കുകയും ചെയ്യുന്നു’. ഈ അപകടം മനസ്സിലാക്കിയിട്ടും സംസ്ഥാന സമ്മേളനത്തിലെടുത്ത തീരുമാനം താഴേത്തട്ടിൽ നടപ്പാക്കിയില്ലെന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
അതേസമയം, ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സംസ്ഥാനതലത്തിൽ സിപിഎം സമിതി രൂപീകരിച്ചെന്നും തനിക്കു ചുമതല നൽകിയെന്നുമുള്ള പ്രചാരണം സംസ്ഥാന സമിതിയംഗം പി.ജയരാജൻ നിഷേധിച്ചു. പാർട്ടിയോട് അനുഭാവമുള്ള ക്ഷേത്ര ഭാരവാഹികളുടെ യോഗം ജയരാജൻ വിളിച്ചുചേർത്തുവെന്ന തരത്തിലുള്ള വാർത്തകളാണു പ്രചരിച്ചിരുന്നത്.
എന്നാൽ വിശ്വാസികളാണു ക്ഷേത്രത്തിന്റെ കാര്യം നോക്കേണ്ടതെന്ന കാര്യത്തിൽ പാർട്ടിക്ക് യാതൊരു സംശയവുമില്ലെന്ന് പി.ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

