തിരുവനന്തപുരം കോർപറേഷനിൽ തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ ജനപ്രതിനിധികളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് വളരുന്നു. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് കോർപറേഷൻ കൗൺസിൽ ഹാൾ അക്രമ സംഭവങ്ങൾക്ക് സാക്ഷിയാകുന്നത്.
ഇന്നലെ ബിജെപി–യുഡിഎഫ് അംഗങ്ങൾ തമ്മിൽ നടന്ന കയ്യാങ്കളി ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘർഷത്തിൽ കലാശിച്ചു. ഈ അക്രമ സംഭവങ്ങളിൽ യുഡിഎഫ് വനിതാ കൗൺസിലർമാരായ എസ്.ഷെർളിക്ക് കഴുത്തിലും, അനിത അലക്സിന് കൈക്കും പരുക്കേറ്റു.
ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുഡിഎഫ് അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച മേയർ വി.വി.രാജേഷ്ന്റെ ചേംബറിന് മുന്നിൽ നടന്ന ബിജെപി–എൽഡിഎഫ് സംഘർഷത്തിൽ മേയർ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം, ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ ആംബുലൻസിലും വീൽ ചെയറിലുമാണ് എത്തിയത്.
കാപ്പ കേസിൽ റിമാൻഡിലായ ബിജെപി കൗൺസിലർ ആർ.സുഗതനെ പുറത്താക്കണമെന്ന ആവശ്യമുയർത്തി എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ യോഗം തുടക്കത്തിലേ പ്രക്ഷുബ്ധമായി. അജൻഡകൾ പാസാക്കി യോഗം പിരിഞ്ഞതിനു പിന്നാലെയാണ് കയ്യാങ്കളി തുടങ്ങിയത്.
ഹാജർ ബുക്കിൽ ബിജെപി കൃത്രിമം കാട്ടിയെന്നാരോപിച്ച് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്.ശബരീനാഥൻ സംസാരിക്കുന്നതിനിടെ, ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ ബുക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചതാണ് അക്രമങ്ങളുടെ തുടക്കം. ഇതിനെത്തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ തർക്കവും സംഘർഷവും ഉടലെടുത്തു.
പരസ്പരം ചൂടുവെള്ളം ഒഴിച്ചതുൾപ്പെടെയുള്ള പ്രകോപനപരമായ സംഭവങ്ങൾ അരങ്ങേറി. കെ.എസ്.ശബരീനാഥനെ മർദിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഷെർളിക്ക് പരുക്കേറ്റത്.
സംഘർഷം നടക്കുമ്പോൾ മേയർ വി.വി.രാജേഷ് ഹാളിലുണ്ടായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

