തിരുവനന്തപുരം നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിലുണ്ടായ കയ്യാങ്കളിയെത്തുടർന്ന് മ്യൂസിയം പോലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി കൗൺസിലറുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇദ്ദേഹത്തിന് പുറമെ ബിജെപി കൗൺസിലർമാരായ വി ജി ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരും കേസിൽ പ്രതികളാണ്.
തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ പരിക്കേറ്റ ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, അർച്ചന മണികണ്ഠൻ എന്നിവർ ചികിത്സ തേടിയിട്ടുണ്ട്.
ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ തങ്ങളെ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ലെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിക്കുന്നു.
മേയർ വി വി രാജേഷ് അജണ്ടകൾ പാസാക്കി യോഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കയ്യാങ്കളി ഉണ്ടായത്. അതേസമയം, നഗരസഭയിൽ നടന്ന സംഭവവികാസങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് പി കെ ശ്രീമതി രംഗത്തെത്തി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ പ്രതിഷേധം രേഖപ്പെടുത്തിയത്. പി കെ ശ്രീമതിയുടെ പ്രതികരണം ഇങ്ങനെ: “ഇത് കേവലം ഉന്തും തള്ളുമല്ല.
ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങി പോയിരിക്കുകയാണ്. കണ്ണ് കാണാത്ത അതിക്രമം.
ഇത്തരത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരം”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

