മൂന്നാർ ചന്തയിലെ നടപ്പാതകൾ കയ്യേറി കച്ചവടം നടത്തുന്നവർക്കെതിരെ നടപടി കർശനമാക്കിയിട്ടും ഫലം കാണുന്നില്ല. നടപ്പാത കയ്യേറിയതിന് പഞ്ചായത്ത് 10,000 രൂപ വീതം പിഴ ചുമത്തിയിട്ടും ഒഴിയാൻ കച്ചവടക്കാർ തയാറാകുന്നില്ല.
നടപ്പാതയിലെ കയ്യേറ്റങ്ങൾ ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടിസ് നൽകിയിട്ടും വ്യാപാരികൾ ഗൗനിക്കാതെ വന്നതോടെയാണ് ഒരാഴ്ച മുൻപ് 10 കച്ചവടക്കാർക്ക് 10,000 രൂപ വീതം പിഴ ചുമത്തിയത്. എന്നാൽ പിഴയടയ്ക്കാനോ, കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റാനോ ഇവർ തയാറാകാതെ പഴയപടി തന്നെ കച്ചവടം തുടരുകയാണ്.
നടപ്പാതകളിൽ കച്ചവടം നടത്തുന്നതിനാൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ശനി, ഞായർ ഉൾപ്പെടെ തിരക്കുള്ള ദിവസങ്ങളിൽ പച്ചക്കറി മാർക്കറ്റിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചന്തയിലെ പഴക്കടകൾ മുതൽ ഗോഡൗൺ വരെയുള്ള 200 മീറ്റർ ഭാഗത്തും മെയിൽ മാർക്കറ്റിനുള്ളിലുമാണ് നടപ്പാതകൾ കയ്യേറി കച്ചവടം നടത്തുന്നത്.
കണ്ണൻദേവൻ കമ്പനിയുടെ ഉടമസ്ഥതയിലാണ് ചന്തയും പരിസരങ്ങളും. ചന്തയുടെ ഇരുവശങ്ങളിലും കടകളും നടുക്ക് സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് സഞ്ചരിക്കുന്നതിനുള്ള നടപ്പാതയുമായാണ് കമ്പനി സ്ഥലം വിട്ടുനൽകിയിരിക്കുന്നത്.
എന്നാൽ ഇരുവശങ്ങളിലുമുള്ള കച്ചവടക്കാർ താൽക്കാലിക സംവിധാനങ്ങൾ ഉപയോഗിച്ച് നടപ്പാതകളിലേക്ക് തങ്ങളുടെ കച്ചവട സ്ഥാപനങ്ങൾ വിപുലീകരിച്ചതോടെയാണ് നടപ്പാത ഇല്ലാതായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

